കൊൽക്കത്ത: തുടർതോൽവികളും ഒത്തിണക്കമില്ലായ്മയും വലയ്ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് ലക്ഷ്യം വച്ച് ഇന്ന് നടക്കുന്ന രണ്ടാം ഐ.എസ്.എൽ പോരാട്ടത്തിൽ സീസണിൽ മികച്ച ഫോം തുടരുന്ന മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സിനെ നേരിടും. ബഗാന്റെ തട്ടകമായ സാൾട്ട് ലേക്കിൽ രാത്രി 7.30 മുതലാണ് മത്സരം. 10 മത്സരങ്ങളിൽ നിന്ന് 7 ജയമുൾപ്പെടെ 23 പോയിന്റുമായി നിലവിൽ ഒന്നാംസ്ഥാനത്താണ് ബഗാൻ.
അതേസമയം കളിച്ച 11 മത്സരങ്ങളിൽ ആറിലും തോറ്റ് മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്റുമായി ടേബിളിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മത്സരത്തിൽ എവേയിൽ ബംഗളൂരുവിനോടും അതിന് മുമ്പ് നാട്ടിൽ ഗോവയോടും തോറ്റ ബ്ലാസ്റ്റേഴ്‌സ് ഹാട്രിക്ക് തോൽവി ഒഴിവാക്കാൻ കരുത്തരായ ബഗാന്റെ പൂട്ട് പൊളിക്കാൻ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നാണ് സമീപകാല പ്രകടനങ്ങൾ സൂചിപ്പിക്കുന്നത്.
ടീമിന്റെ മോശം പ്രകടനത്തിൽ നിരാശരായി ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ആരാധക സംഘമായ മഞ്ഞപ്പടവരെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ടീമിന്റെ മത്സരത്തിന്റെ ടിക്കറ്റുകൾ വാങ്ങില്ലെന്ന്‌വരെ അറിയിച്ച് മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് കത്തെഴുതിയ ശേഷം നടക്കുന്ന ടീമിന്റെ ആദ്യ മത്സരം കൂടിയാണ് ഇന്നത്തേത്.അതിനാൽ തന്നെ ഗാലറിയിൽ ബ്ലാസ്റ്റേഴ്‌സിന് എത്രത്തോളം പിന്തുണകിട്ടുമെന്ന് കണ്ടറിയേണ്ട
ത് തന്നെയാണ്.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ആദ്യ ഇലവനിൽ മാറ്റം വരുത്തിയാകും സ്റ്റാറെ ബഗാനെതിരെ ബ്ലാസ്റ്റേഴ്‌സിനെ ഇറക്കുകയെന്നാണ് വിവരം.കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ വിപിൻ മോഹന് പകരം ഡാനിഷ് ഫറൂഖിയേയും റൈറ്റ് ബാക്കായി സന്ദീപ് സിംഗിന് പകരം പ്രബീർ ദാസിനേയും സ്റ്റാറെ ഇന്ന് ആദ്യ ഇലവനിൽ ഇറക്കിയേക്കും. ഫോമിലല്ലെങ്കിലും സച്ചിൻ സുരേഷ് തന്നെയാകും വലകാക്കുക.
നേർക്കുനേർ
ഇതുവരെ 8 മത്സരങ്ങളിൽ മുഖാമുഖം വന്നു. ആറിലും ബഗാൻ ജയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |