കൊച്ചി: ഇന്ത്യയിൽ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേയ്സിലൂടെയുള്ള(യു.പി.ഐ) വ്യാപാര ഇടപാടുകൾ കുതിച്ചുയരുന്നു. നടപ്പുവർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ യു.പി.ഐ പ്ളാറ്റ്ഫോമുകൾ ഉപയോഗിച്ച് 15,547 കോടി ഇടപാടുകളാണ് നടന്നതെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇടപാടുകളുടെ മൂല്യം റെക്കാഡ് ഉയരമായ 223 ലക്ഷം കോടി രൂപയായി ഉയർന്നു. വഴിയോര കച്ചവടങ്ങളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മുതൽ വൻകിട ഇടപാടുകളിലും സർക്കാർ സേവനങ്ങളിലും വരെ യു.പി.ഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുകയാണ്.
വിദേശ രാജ്യങ്ങളിലും യു.പി.ഐ, റുപ്പേയ് കാർഡ് എന്നിവയുടെ ഉപയോഗത്തിൽ വൻ വർദ്ധനയാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ യു.പി.ഐ വിപുലമായി ഉപയോഗിക്കുന്നു.
2016ൽ തുടക്കമിട്ട യു.പി.ഐ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനങ്ങളിൽ വിപ്ളവകരമായ മാറ്റങ്ങളാണ് വരുത്തിയത്. ഒക്ടോബറിൽ മാത്രം 1,658 വ്യാപാര ഇടപാടുകളാണ് യു.പി.ഐ ഉപയോഗിച്ച് നടന്നത്. ഇതിന്റെ മൂല്യം 23.49 ലക്ഷം കോടി രൂപയാണ്. നിലവിൽ യു.പി.ഐ സംവിധാനത്തിൽ 663 ബാങ്കുകളുടെ ധനകാര്യ സേവനങ്ങളാണ്.
പ്രമുഖ പേയ്‌മെന്റ് കമ്പനികൾ
ഗൂഗിൾ പേ, ഫോൺപേ, പേടിഎം, എന്നിവയാണ് പ്രമുഖ കമ്പനികൾ. ഇതിൽ ഫോൺപേയ്ക്ക് 48 ശതമാനവും ഗൂഗിൾ പേയ്ക്ക് 37 ശതമാനവും വിപണി വിഹിതമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |