വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യം വച്ച് രണ്ട് ഛിന്നഗ്രഹങ്ങൾ വരുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരീകരിച്ചു. 2024XY5, 2024XB6 എന്നും പേരിട്ടിരിക്കുന്ന ഛിന്നഗ്രഹങ്ങൾ അപകടകാരികളല്ലെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. ഇവ ഭൂമിയോട് അടുക്കാറായെന്നാണ് വിവരം. 71 അടി വ്യാസമുളള 2024XY5 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.26 ഓടെ ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. മണിക്കൂറിൽ 10,805 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 2,180,000 മൈൽ ദൂരത്തിൽ കടന്നുപോകും. ഇത് ചന്ദ്രനെക്കാൾ 16 മടങ്ങ് അകലെയാണ്.
56 അടി വ്യാസമുളള 2024XB6 ആദ്യ ഛിന്നഗ്രഹത്തേക്കാൾ വലിപ്പത്തിൽ ചെറുതാണ്. ഇത് മണിക്കൂറിൽ 14,780 മൈൽ വേഗതയിൽ ഭൂമിയെ മറികടക്കും. ഭൂമിയിൽ നിന്ന് 4,150,000 മൈൽ അകലെയായിരിക്കും. ഇതുപോലുളള ഛിന്നഗ്രഹങ്ങൾ ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ടതാണ്.
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളേക്കാൾ വളരെ ചെറിയ ശിലാവസ്തുവാണ് ഛിന്നഗ്രഹം. ദൂരദർശിനികളിലൂടെ നോക്കുമ്പോൾ ഇവ ഒരു പ്രകാശ കേന്ദ്രമായാണ് കാണുക. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെൽറ്റ് എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലാണ്. ചില ഛിന്നഗ്രഹങ്ങൾ ഉരുണ്ടതും ചിലത് നീളമുള്ളതുമാണ്. ഇതിൽ ചിലതിന് ഉപഗ്രഹങ്ങളുമുണ്ടാവും. ചിലതിന് ഭൂമിയിലെ ഒരു നഗരത്തോളം വലിപ്പമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |