ലീഡ്
മാതനെ അരകിലോമീറ്റർ ദൂരം കാറിൽ വലിച്ചുകൊണ്ടുപോയപ്പോൾ ആ വിനോദയാത്രക്കാരുടെ കാറിനു നേരെ ഒരു കല്ലെങ്കിലും എടുത്തെറിയാമായിരുന്നില്ലേ? കാർ നിറുത്തിക്കാമായിരുന്നില്ലേ?...മലയാളത്തിന്റെ മഹാകഥാകരൻ ടി.പദ്മനാഭൻ ചോദിക്കുന്നു
---------------------------------------------------------------------------------------------------------------------------------------------------------------------
മാനന്തവാടിക്കടുത്ത് കുറുവാ ദ്വീപിലെ കൂടൽക്കടവിൽ കൂലിപ്പണിക്കാരനായ മാതൻ എന്ന ആദിവാസിയെ കാറിൽ വലിച്ചിഴച്ചുകൊണ്ടുപോയ സംഭവം പരിഷ്കൃത സമൂഹത്തെ ഏതെങ്കിലും രീതിയിൽ ചിന്തിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
ആദിവാസികൾക്ക് എവിടെയും രക്ഷയില്ല. വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യയുടെ രചനയായ ' ആരണ്യക' ത്തിൽ ആദിവാസികൾ ഈ ഭൂമിയുടെ ഉടമകൾ ആണെന്നു പറയുന്നുണ്ട്. ശരിക്കും ഉടമകൾ അവരായിരുന്നു. ഇന്ത്യയിൽ മാത്രമല്ല ആസ്ട്രേലിയയിലും അമേരിക്കയിലും ആഫ്രിക്കയിലും എല്ലാം അങ്ങനെതന്നെ. എന്നാൽ അമേരിക്കയിലെ റെഡ് ഇന്ത്യൻസിന്റെ അവസ്ഥയെന്താണ്? ആദിവാസികൾക്ക് മരിച്ചാലും രക്ഷയില്ലാത്ത അവസ്ഥയാണ്. മരിക്കുമ്പോൾ അവർ നിർമ്മിച്ച കലാവസ്തുക്കളെല്ലാം അമേരിക്കയിൽ ശവക്കുഴിയിലിടും. അത് തോണ്ടിയെടുത്ത് വിനോദസഞ്ചാരികൾക്കായി അവിടെ പ്രദർശനത്തിനും വില്പനയ്ക്കും വയ്ക്കുന്നു. വെളുത്ത തൊലിയുള്ളവർ വാങ്ങി ഷോ കേസിൽ വയ്ക്കുന്നു.
ആദിവാസി സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുക വകയിരുത്തുന്നുണ്ട്. അവർക്കായി നിയമങ്ങളും ഉണ്ട്. സർക്കാരുകൾ വകയിരുത്തുന്ന തുക ഉദ്യോഗസ്ഥൻ വാഹനങ്ങൾ വാങ്ങാനും യാത്രാപ്പടിയും ശമ്പളവും എഴുതിയെടുക്കാനും വിനിയോഗിക്കും. ആദിവാസികളുടെ വായിൽപ്പോകുന്നത് വെള്ളം മാത്രം. Who is bothered? സർ...ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതെ ഓട്ടോയിൽ കൊണ്ടുപോകേണ്ടി വന്നുവെന്നും ഇന്നലെ കേട്ടു.എന്ത് കഷ്ടമാണ്.
അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ കൊന്നത് പണക്കാരായിരുന്നു. അവർക്ക് രാഷ്ട്രീയ പാർട്ടികളിൽ വലിയ പിടിപാടുണ്ട്. അതേക്കുറിച്ച് സഭയിൽ അന്നു ചോദ്യം വന്നപ്പോൾ മന്ത്രിക്ക് പറയാൻ ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത മറുപടി 'ശ്രദ്ധയിൽ പെട്ടിട്ടില്ല' എന്നായിരുന്നു. ആ കേസിൽ സ്വീകരിച്ച സമീപനം എത്ര മോശമായിരുന്നു.ആദിവാസി ക്ഷേമം പറയുന്നതല്ലാതെ പ്രവൃത്തിയിൽ എന്തു ചെയ്യുന്നു. ഈ സർക്കാർ എന്നല്ല, ഏത് സർക്കാർ ഭരിച്ചാലും ഇനി മഹാത്മാഗാന്ധിയുടെ പാർട്ടിക്കാർ ഭരിച്ചാലും സ്ഥിതി അതുതന്നെ. ആദിവാസിയെ ആർക്കും എന്തും ചെയ്യാം.
മാതനെ അരകിലോമീറ്റർ ദൂരം കാറിൽ വലിച്ചുകൊണ്ടുപോയപ്പോൾ ആ വിനോദയാത്രക്കാരുടെ കാറിനു നേരെ ഒരു കല്ലെങ്കിലും എടുത്തെറിയാമായിരുന്നില്ലേ? കാർ നിറുത്തിക്കാമായിരുന്നില്ലേ?...
കൊല്ലാൻ കൊണ്ടുപോയപ്പോഴും മധു ചിരിക്കുകയായിരുന്നു. കുറച്ച് ധാന്യം വിശപ്പുകൊണ്ട് എടുത്ത് കൊറിച്ചതാണ് അവൻ ചെയ്ത മഹാപാപം. ഇപ്പോൾ മാതന്റെ ജീവൻ തിരിച്ചുകിട്ടിയത് മഹാഭാഗ്യം. ഈ കേസിലും പ്രതികൾ പിടിപാടുള്ളവരായിരിക്കും. ഇത് പിടിപാടുള്ളവരുടെ ലോകമാണ്. അവിടെ ആദിവാസികൾക്കെന്ത് രക്ഷ.?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |