കൊച്ചി: മലങ്കരസഭാ തർക്കത്തിൽ വിശദമായ വാദം കേൾക്കാനും വിശ്വാസികളുടെ എണ്ണം ശേഖരിക്കാനുമുള്ള സുപ്രീംകോടതിയുടെ തീരുമാനം യാക്കോബായസഭയ്ക്ക് ആശ്വാസവും ഓർത്തഡോക്‌സ് സഭയ്ക്ക് ആശങ്കയുമായി. ആറു പള്ളികൾ കൈമാറണമെന്ന ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതും യാക്കോബായസഭയ്‌ക്ക് പ്രതീക്ഷ നൽകുന്നു.
എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികളുടെ ഭരണച്ചുമതല ഡിസംബർ 17നകം കൈമാറാൻ മൂന്നിനാണ് യാക്കോബായസഭയ്‌ക്ക് സുപ്രീംകോടതി ഉത്തരവ് നൽകിയത്. പള്ളികൾ കൈമാറുന്നതിന് യാക്കോബായസഭ നടപടികളൊന്നും സ്വീകരിച്ചില്ല. 350 മുതൽ 500ലേറെ യാക്കോബായ കുടുംബങ്ങളുള്ള പള്ളികളാണ് കൈമാറേണ്ടത്. ഇവിടങ്ങളിൽ 10നും 50നുമിടയിൽ ഓർത്തോക്‌സ് കുടുംബങ്ങളേയുള്ളൂ. വിട്ടുകൊടുക്കാതിരിക്കാൻ പരമാവധി നിയമപോരാട്ടത്തിനാണ് യാക്കോബായസഭയുടെ നീക്കം.
അതിനിടെയാണ്, തത്‌സ്ഥിതി തുടരാൻ ബുധനാഴ്‌ച സുപ്രീംകോടതി നിർദ്ദേശിച്ചത്. ജനുവരി 29, 30 തീയതികളിൽ വിശദമായ വാദം കേൾക്കും. ഇരുവിഭാഗത്തിന്റെയും വിശ്വാസികളുടെ ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കണക്കാണ് നൽകേണ്ടത്. സ്വാധീനമുള്ള പള്ളികൾ, തർക്കമുള്ള പള്ളികൾ എന്നിവയുടെ പട്ടികയും തയ്യാറാക്കണം. ആറു പള്ളികളിലും ഭൂരിപക്ഷം തങ്ങളായതിനാൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന
പ്രതീക്ഷയിലാണ് യാക്കോബായ സഭ.
സുപ്രീംകോടതി നിർദ്ദേശം
കാത്ത് സർക്കാർ
പള്ളികൾ കൈമാറാൻ യാക്കോബായ സഭയ്ക്ക് ഡിസംബർ മൂന്നിനാണ് സുപ്രീംകോടതി ഉത്തരവ് നൽകിയത്. സർക്കാരിന് നിർദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ സർക്കാർ നടപടികളൊന്നും സ്വീകരിച്ചില്ല. പള്ളികൾ സമാധാനപരമായി കൈമാറുന്നതിന് സമവായം സൃഷ്‌ടിക്കാൻ സർക്കാരിന് ശ്രമിക്കാമെന്ന് ബുധനാഴ്‌ച സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പള്ളി കൈമാറ്റത്തിന് സർക്കാർതലത്തിൽ നടപടിയൊന്നും ആരംഭിച്ചിട്ടില്ല. സുപ്രീംകോടതി നിർദ്ദേശപ്രകാരം നിലപാടെടുക്കാനാണ് സർക്കാർ ജില്ലാ ഭരണകൂടത്തിന് നൽകിയ നിർദ്ദേശം. ഹർജി ജനുവരിയിൽ പരിഗണിക്കുന്നതിനാൽ തിരക്കിട്ട നടപടി ഉണ്ടാകില്ലെന്നാണ് റവന്യൂ, പൊലീസ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |