കോട്ടയം: ഒരു വർഷത്തിനിടെ 150ലധികം ഭാഷകളിൽ പാട്ടുപാടി മനംകവരുകയാണ് കോട്ടയം സി.എം.എസ് കോളേജ് ഒന്നാംവർഷ ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിനി കുമാരനല്ലൂർ കരിക്കണ്ടം വീട്ടിൽ സൗപർണിക താൻസൻ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ചൈനീസ്, ഫ്രഞ്ച്, ജാപ്പനീസ്, മംഗോളിയൻ, റഷ്യൻ, യുക്രെയിനിയൻ, ഐറിഷ്, ഹംഗേറിയൻ, ബൾഗേറിയൻ, ജർമ്മൻ, വിയറ്റ്‌നാമീസ്, ശ്രീലങ്കൻ, ഉറുദു, അറബിക്, ഹീബ്രു, സിറിയക്, ലാറ്റിൻ എന്നിങ്ങനെ നീളുന്നു ആ നിര. സ്പാനീഷ്, ചൈനീസ് ഭാഷകൾ സംസാരിക്കാനും അറിയാം.
പത്താംവയസിൽ സ്പാനിഷ് പാട്ട് ആലപിച്ചാണ് തുടക്കം. യൂട്യൂബിന്റെയും ഗൂഗിളിന്റെയും സഹായത്തോടെയാണ് പഠനം. ഓരോ പാട്ടിന്റെയും വരികൾ പെട്ടെന്ന് ഹൃദിസ്ഥമാക്കും. ആദ്യം മാതാപിതാക്കളെ പാടി കേൾപ്പിക്കും. പാടാൻ എളുപ്പമുള്ള ഭാഷ വിയറ്റ്‌നാമീസും ബുദ്ധിമുട്ടുള്ളത് അറബിക്കുമാണെന്ന് സൗപർണിക പറയുന്നു.
പിതാവിനൊപ്പം ഗസലും
ഹിന്ദുസ്ഥാനി,കർണാട്ടിക്,വെസ്റ്റേൺ എന്നിവ പഠിച്ചിട്ടുള്ള സൗപർണികയ്ക്ക് സാറ്റിൻസെർനെയ്ഡ് എന്ന മ്യൂസിക് ബാൻഡുമുണ്ട്. ആകാശവാണി ജീവനക്കാരനും ഗിറ്റാറിസ്റ്റുമായ പിതാവ് താൻസനൊപ്പം ഗസലും വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയായ അർച്ചനയാണ് മാതാവ്. സഹോദരങ്ങൾ: നവറോഷ്,ബ്രാഹ്മി.
''ആഫ്രിക്കൻ ഭാഷയിൽ പാട്ടുപാടണമെന്നാണ് ആഗ്രഹം. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഉന്നതപഠനത്തിനായി യൂറോപ്പിലേക്ക് പോകും. സംഗീതവും കൂടെക്കൂട്ടും.
-സൗപർണിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |