തിരുവനന്തപുരം: ജനങ്ങളുടെ ക്ഷേമത്തിൽ തല്പരരായ നേതാക്കൾ വളർത്തിയെടുത്ത സഹകരണ സൊസൈറ്റികളിൽ ചിലത് പ്രതിബദ്ധതയില്ലാത്ത നേതാക്കളുടെ കൈകളിലാവുകയും വേണ്ടപ്പെട്ടവർക്ക് വായ്പയുൾപ്പെടെ അനധികൃതമായി അനുവദിക്കുകയും ചെയ്യുന്നത് പ്രസ്ഥാനത്തിന് ദോഷം ചെയ്യുന്നു.
രണ്ടരലക്ഷം കോടിയോളം വരുന്ന സഹകരണ നിക്ഷേപത്തിൽ 1.80ലക്ഷം കോടിയും വായ്പയായി വിതരണം ചെയ്യുകയാണ്. വായ്പകളിൽ ക്രമക്കേടുണ്ടെങ്കിൽ നിക്ഷേപ-വായ്പാ സംവിധാനമാകെ താളംതെറ്റും. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതുപോലെ ക്രമക്കേടുകളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
2019ൽ 121സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയതെങ്കിൽ, 2024ൽ അത് 272 സഹ.സംഘങ്ങളിലേക്ക് വ്യാപിച്ചു.
ഇവ മൊത്തം സഹ. സ്ഥാപനങ്ങളുടെ രണ്ടുശതമാനമാണെങ്കിലും ക്രമേക്കടിന്റെ ആഘാതം മറ്റു സ്ഥാപനങ്ങളും അനുഭവിക്കേണ്ടിവരുന്നു. പണം തിരിച്ചു കിട്ടാതെ കഴിഞ്ഞ ദിവസം ഇടുക്കി കട്ടപ്പനയിലെ വ്യാപാരിയായ സാബു ജീവനൊടുക്കേണ്ടിവന്നത് ഇതിന് ആക്കം കൂട്ടുകയാണ്. പാർട്ടി നേതാവ് ഭീഷണിപ്പെടുത്തുന്നതരത്തിൽ പെരുമാറിയതാണ് സാബുവിനെ സമ്മർദ്ദത്തിലാഴ്ത്തിയതെന്ന വിവരവും പുറത്തുവന്നു.
സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് കഴിഞ്ഞവർഷം സഹകരണ രജിസ്ട്രാറും ഈ വർഷം കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നൽകിയ റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ സർക്കാർ അവഗണിച്ചെന്ന് നിക്ഷേപകർ പറയുന്നു.
ക്രമക്കേടും ആത്മഹത്യയും ആവർത്തിക്കുമ്പോഴും പതിവ് അന്വേഷണ ഉത്തരവുകൾക്കപ്പുറം ഗൗരവമായ നടപടികളുണ്ടാകുന്നില്ലെന്ന് ആക്ഷേപം. സഹകരണനിയമഭേദഗതിയിലൂടെ സർക്കാർ കൊണ്ടുവന്ന മുൻകരുതൽ നടപടികൾ ഫലപ്രദമായില്ല. നിക്ഷേപഗ്യാരന്റി സംവിധാനം എല്ലാ സംഘങ്ങളെയും ഉൾക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഭരണം കിട്ടിയാൽ മതി
അംഗത്വം നൽകുന്നതിലും കെ.വൈ.സി രേഖപ്പെടുത്തുന്നതിലും അംഗത്വ രജിസ്റ്റർ പാലിക്കുന്നതിലും ഈട് നൽകുന്നതിലും വ്യാപക ക്രമക്കേടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സഹകരണ രജിസ്ട്രാറും സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു യാതൊരു നടപടിയും ഉണ്ടായില്ല. ഏതുവിധവും ഭരണംപിടിച്ചെടുക്കുക എന്നതാണ് രാഷ്ട്രീയപ്പാർട്ടികളുടെ ലക്ഷ്യം.
അടിമേടിക്കേണ്ട സമയം
കഴിഞ്ഞു,പണി തരാം
(സി.പി.എം കട്ടപ്പന ഏരിയ മുൻ സെക്രട്ടറി വി.ആർ. സജിയുടെ ഫോൺ ഭീഷണി)
സാബു : സഖാവേ, എന്റെ വൈഫ് യൂട്രസുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എനിക്ക് ഉടനെ രണ്ട് ലക്ഷം രൂപ വേണം. സൊസൈറ്റിയിൽ ചെന്നപ്പോൾ ബിനോയ് എന്നെ പിടിച്ച് തള്ളി പ്രശ്നം ഉണ്ടാക്കി.
വി.ആർ. സജി: നിങ്ങൾക്ക് ഈ മാസത്തെ പൈസ തന്നിട്ട് നിങ്ങൾ അവരെ പിടിച്ചു തള്ളി വിഷയം ഉണ്ടാക്കേണ്ട കാര്യമില്ല. ഇതറിഞ്ഞിട്ട് മിണ്ടാണ്ടിരിക്കുന്നതാണ്. നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് പണി അറിയാഞ്ഞിട്ടാണ്. പണി മനസ്സിലാക്കി തരാം.
16255:
സഹ. സംഘങ്ങൾ
2.5 ലക്ഷം കോടി:
മൊത്തം നിക്ഷേപം
`കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം പരിശോധിക്കും. ജീവനക്കാരുടെ പെരുമാറ്റത്തിനെതിരായ ആരോപണങ്ങളടക്കം അന്വേഷിച്ച് നടപടിയെടുക്കും.'
-മന്ത്രി വി.എൻ.വാസവൻ
സഹകരണ വകുപ്പ്
`പ്രാഥമിക സംഘങ്ങൾക്ക് ജില്ലാബാങ്ക് നൽകിയിരുന്ന സംരക്ഷണ കവചം ഇപ്പോഴില്ലാത്തതും ക്രമക്കേട് കണ്ടെത്തുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടതും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നു.'
-കരകുളം കൃഷ്ണപിള്ള,
സഹ. ജനാധിപത്യവേദി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |