വർഷാന്ത്യത്തിൽ നിക്ഷേപകർ ആശങ്കയിൽ
കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖല ഉയരങ്ങളിൽ നിന്നും പിന്നോട്ടിറങ്ങുന്ന കാഴ്ചയാണ് വർഷാന്ത്യത്തിൽ ദൃശ്യമാകുന്നത്. ഓഹരി വിപണിയിലും കയറ്റുമതിയിലും രൂപയുടെ മൂല്യത്തിലുമെല്ലാം കനത്ത ഇടിവാണ് ഒക്ടോബർ മുതലുണ്ടായത്. കമ്പനികളുടെ പ്രവർത്തന ലാഭത്തിലും ഇക്കാലയളവിൽ തളർച്ചയുണ്ടായി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നു. കാലാവസ്ഥ വ്യതിയാനവും നഗര, ഗ്രാമ പ്രദേശങ്ങളിലെ ഉപഭോഗ തളർച്ചയും കമ്പനികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ഓഹരി വിപണി നടപ്പുവർഷത്തെ വരവേറ്റത്. ചൈനയ്ക്ക് ബദലായി ഏഷ്യയിലെ പ്രമുഖ ഉത്പാദന കേന്ദ്രമായി ഇന്ത്യ ഉയരുകയാണെന്ന പ്രതീക്ഷയിൽ വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് പണമൊഴുക്കിയതോടെ ഓഹരികൾ വൻമുന്നേറ്റം നടത്തി. റെക്കാഡുകൾ ദേദിച്ച് മുന്നേറിയ സെൻസെക്സും നിഫ്റ്റിയും ആഭ്യന്തര നിക്ഷേപകരിലും ആവേശം സൃഷ്‌ടിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന വിലയിരുത്തലും വിപണിക്ക് കരുത്തായി. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്നതിനാൽ വിപണി വിൽപ്പന സമ്മർദ്ദത്തിലായി. പിന്നീട് വീണ്ടും മുന്നേറ്റ പാതയിലേക്ക് എത്തിയെങ്കിലും ആവേശം നിലനിറുത്താനായില്ല.
സാമ്പത്തിക വളർച്ച
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് അപ്രതീക്ഷിതമായി 5.4 ശതമാനമായി മൂക്കുകുത്തിയതാണ് ആശങ്ക ശക്തമാക്കിയത്. പതിനെട്ട് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. ഏപ്രിൽ-ജൂൺ കാലയളവിൽ വളർച്ച 6.7 ശതമാനമായിരുന്നു.
നാണയപ്പെരുപ്പം
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഒക്‌ടോബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 6.21 ശതമാനമായി ഉയർന്നതാണ് നടപ്പുവർഷം വെല്ലുവിളിയായത്. നവംബറിൽ നാണയപ്പെരുപ്പം നേരിയതോതിൽ കുറഞ്ഞെങ്കിലും ഭക്ഷ്യവിലക്കയറ്റത്തിൽ കാര്യമായ ശമനമുണ്ടാകുന്നില്ല. ഇതോടെ മുഖ്യ പലിശ നിരക്ക് 6.5 ശതമാനമായി നിലനിറുത്താൻ റിസർവ് ബാങ്ക് നിർബന്ധിതരായി. ഒക്ടോബറിന് ശേഷം പലിശ കുറയുമെന്നാണ് വ്യവസായ ലോകം പ്രതീക്ഷിച്ചിരുന്നത്.
വ്യാപാര കമ്മി
നവംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി റെക്കാഡ് ഉയരത്തിലെത്തിയതും സാമ്പത്തിക മേഖലയെ മുൾമുനയിലാക്കുന്നു. കയറ്റുമതി കുത്തനെ ഇടിഞ്ഞതിനൊപ്പം ഇറക്കുമതി അപ്രതീക്ഷിതമായി കുതിച്ചുയർന്നതാണ് വിനയായത്. നവംബറിൽ വ്യാപാര കമ്മി 3,790 കോടി ഡോളറിലെത്തിയിരുന്നു.
രൂപയുടെ മൂല്യയിടിവ്
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലേക്ക് മൂക്കുകുത്തി. വർഷാന്ത്യത്തിൽ രൂപ 85ന് താഴെയാണ് വ്യാപാരം നടത്തുന്നത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |