ഏതെങ്കിലും 'ഉഡായിപ്പ്" കമ്പനിയുടെ പരസ്യവാചകമല്ല ഈ തലക്കെട്ട്! മറിച്ച്, ലോക ബാങ്കിന്റെ ഇപ്പോൾ പ്രകാശനം ചെയ്യപ്പെട്ട ഒരു പഠന റിപ്പോർട്ടിന്റെ തലവാചകമാണ്. കേരളം അടക്കം ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ ഉയർന്നു വരാവുന്ന തൊഴിലവസരങ്ങളും അതിനായി അവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസ ക്രമത്തിൽ ഉണ്ടകേണ്ട പരിവർത്തനങ്ങളും രൂപകൽപ്പന ചെയ്യുന്ന രേഖയാണിത്. യഥാർത്ഥത്തിൽ, ലോകബാങ്കിന്റെ തന്നെ സഹായത്തോടെ 2021ൽ തുടക്കമിട്ട 'സ്റ്റാർസ് ' (STARS: Strengthening Teaching- Learning And Results for States) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായാണ് ഈ റിപ്പോർട്ട്.
കേരളം, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണ് 'സ്റ്റാർസി'ന്റെ ലക്ഷ്യം. നിലനിൽക്കുന്ന രണ്ടു വസ്തുതകളുടെ വെളിച്ചത്തിൽ വായിക്കുമ്പോഴാണ്, ഹയർ സെക്കൻഡറി തലം വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസ ക്രമത്തെ നൈപുണ്യ നിർമ്മാണവുമായി ബന്ധിപ്പിക്കുന്ന റിപ്പോർട്ടിന്റെ ഉള്ളടക്കം കൂടുതൽ പ്രസക്തമാകുന്നത്. ഒന്ന് ഹയർസെക്കൻഡറി പഠനശേഷം ഇന്ത്യയിലെ ഒരുപാട് ചെറുപ്പക്കാർ എങ്ങുമില്ലാതെ (വിദ്യാഭ്യാസത്തിലില്ല, തൊഴിൽരേഖയിലില്ല, ട്രെയിനിംഗിലില്ല) മാഞ്ഞുപോകുന്നു. രണ്ട്, ചെറുപ്പക്കാരുടെ തൊഴിൽരാഹിത്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ജോലിക്കാവശ്യമായ നൈപുണ്യം നേടാൻ അവർക്ക് കഴിയാതെ പോകുന്നതാണ്.
ഗവേഷണത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് ലോകബാങ്ക് സംഘം ആറ് സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പൊതുവിൽ കണ്ടെത്തുന്ന 'രോഗനിർണയവും ചികിത്സാവിധികളും" ഇപ്രകാരമാണ്:
അമേരിക്ക, ചൈന, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നൈപുണ്യ പരിശീലന യജ്ഞങ്ങൾ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. ഉദാഹരണമായി അമേരിക്കയിലെ പൊതുവിദ്യാലയങ്ങളിൽ 98 ശതമാനം സ്‌കൂളുകളും കരിയർ സങ്കേതിക സിദ്ധികൾ കരുപ്പിടിപ്പിക്കുന്ന ഇടങ്ങൾ കൂടിയാണ്. ഇന്ത്യയിൽ നാലു ശതമാനം സ്‌കൂളുകൾ മാത്രമാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഇവിടെ നൈപുണ്യ പരിശീലനം നൽകുന്ന പല വിദ്യാലയങ്ങളിലും അത് മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ഇഴുകിച്ചേരാതെ വേറിട്ടുനിൽക്കുന്നു. വിദേശങ്ങളിൽ നൈപുണ്യം കരുപ്പിടിപ്പിക്കുന്ന അദ്ധ്യാപകരെന്നും, ഇതര വിഷയങ്ങൾ അഭ്യസിപ്പിക്കുന്നവരെന്നും വേർതിരിവില്ല. എന്നാൽ ഇന്ത്യയിൽ പലേടത്തും ഇതിനു വിരുദ്ധമായ സ്ഥിതിയാണുള്ളത്. പരിഹാര ക്രിയകളായി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളിൽ പ്രധാനം, ആറാം ക്ലാസ് മുതൽ എല്ലാ സ്‌കൂളുകളിലും നൈപുണ്യ പഠനം ആരംഭിക്കണമെന്നും, അത് ഘട്ടംഘട്ടമായി ഉയർത്തി പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ നല്ല നൈപുണ്യ പരിജ്ഞാനവും പരിശീലനവും ലഭിച്ചവരായി വിദ്യാർഥികളെ സജ്ജമാക്കണമെന്നുള്ളതാണ്.
കേരളത്തിൽ മനുഷ്യവിഭവ ശേഷിയുടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വിടവ് വിശകലനം ചെയ്യുന്ന ഭാഗം ആരംഭിക്കുന്നത്, സംസ്ഥാനത്തിന്റെ പ്രത്യേകതകൾ പറഞ്ഞുകൊണ്ടാണ്. ഉയർന്ന പ്രതിശീർഷവരുമാനം, സാക്ഷരത 94 ശതമാനം, ഗണ്യമായ സ്‌കൂൾ വിദ്യാഭ്യാസ അടിത്തറ, പൊതുവിദ്യാലയങ്ങളുടെ ശക്തമായ സാന്നിദ്ധ്യം, അവിടങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം 17 ലക്ഷം.... എന്നിങ്ങനെ പോകുന്നു അഭികാമ്യമായ വസ്തുതകൾ. എന്നാൽ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് വലിയ ദൗർബല്യമാകുന്നു. തൊഴിൽരാഹിത്യത്തിന്റെ ദേശീയ ശരാശരി നിരക്ക് 5.1 ശതമാനമാകുമ്പോൾ, കേരളത്തിന്റെത് 10 ശതമാനമായി ഉയർന്നുനിൽക്കുന്നു!
ജില്ലാടിസ്ഥാനത്തിൽ സ്ഥിതി വിലയിരുത്തുന്ന ഈ പഠനം അവിടങ്ങളിലെ സംരംഭങ്ങളുടെ സ്വഭാവവും, അവർക്ക് വേണ്ടതോതിൽ നൈപുണ്യമുള്ളവരെ കിട്ടാത്ത അവസ്ഥയും ചൂണ്ടിക്കാട്ടുന്നുണ്ട്. കൃഷി, മത്സ്യബന്ധനം, കൃഷിത്തോട്ടങ്ങളുടെ ശാസ്ത്രീയ പരിപാലനം, ക്ഷീരോത്പാദനം, പൂന്തോട്ട നിർമ്മാണവും പരിപാലനവും, കന്നുകാലി സംരക്ഷണം, വർക്ക്‌ഷോപ്പ് സങ്കേതികവിദ്യയും മെഷീൻ പ്രവർത്തന പരിജ്ഞാനവും, ഫാഷൻവസ്ത്ര നിർമ്മാണം , ഒട്ടോമാറ്റിക് സങ്കേതികവിദ്യ, ഡിജിറ്റൽ മീഡിയയും ഡിസൈൻ സങ്കേതികവിദ്യയും, ഓഡിയോ- വീഡിയോ കമ്യൂണിക്കേഷൻസ്, ബ്യൂട്ടി വെൽനസ്, മനുഷ്യസേവനങ്ങൾ, കലാപരമായ രംഗങ്ങൾ... തുടങ്ങി ആവശ്യത്തിന് വിദഗ്ദ്ധരെ കിട്ടാത്ത തുറകളുടെ പട്ടിക റിപ്പോർട്ടിലുണ്ട്. ഈ മേഖലകളിലൊക്കെയായി 2030 എത്തുമ്പേഴേക്കും 6,70,000 പുതിയ തൊഴിലവസരങ്ങൾ വന്നുചേരുമെന്ന് റിപ്പോർട്ട് കണക്കാക്കുന്നുണ്ട്. ഇതിനനുസരണമായി നമ്മുടെ നുഷ്യസമ്പത്തിനെ നൈപുണ്യത്തിന്റെ കവചം അണിയിക്കേണ്ടതുണ്ട്.
കേരളത്തിലെ ആകെ സെക്കൻഡറി, ഹയർസെക്കൻഡറി സ്‌കൂളുകളിൽ 11 ശതമാനം വിദ്യാലയങ്ങളിൽ മാത്രമേ നൈപുണ്യ വിദ്യാഭ്യാസം പകർന്നു നൽകുന്നുള്ളൂ .ഉയർന്നുവരുന്ന തൊഴിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. അതുകൊണ്ട്, അടുത്ത മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ സ്‌കിൽ പഠനം നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് 30 ശതമാനമാക്കണം. അഞ്ചു വർഷത്തിനുള്ളിൽ നൂറ് ശതമാനം സെക്കൻഡറി സ്‌കൂളുകളും, മറ്റ് അറിവുകൾക്കൊപ്പം നൈപുണ്യവും പകർന്നു നൽകുന്ന വിദ്യാലയങ്ങളായിത്തീരണം.
ചുരുക്കത്തിൽ, ലോകബാങ്കിന്റെ ബൃഹത്തായ ഈ റിപ്പോർട്ട് ഏറെ ദിശബോധം നൽകുന്ന വിശകലനങ്ങളും നിർദ്ദേശങ്ങളും അടങ്ങിയതാണ്. 'സ്റ്റാർസ് 'എന്ന പദ്ധതിയിൽ ഉൾപ്പെടുകയും, സ്വന്തം വിഹിതം നൽകി അതിന്റെ നടത്തിപ്പു ചുമതല വഹിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ ഈ റിപ്പോർട്ട് ഗൗരവത്തോടെ പരിശോധിക്കുമെന്നും, സംസ്ഥാനത്തിന് ഇണങ്ങുവിധം അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്നും പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |