അഭിനയയാത്രയിൽ 47 വർഷം തികയുമ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്യും. രാവിലെ 9.30 നാണ് ആദ്യ പ്രദർശനം. ക്യാമറയ്ക്ക് മുൻപിലും പിൻപിലും ഒറേ സമയം മോഹൻലാൽ എന്നതാണ് ബറോസിന്റെ ഏറ്റവും വലിയ പ്രത്യേകത.
കഴിഞ്ഞ ദിവസം ബറോസിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ സംഘടിപ്പിച്ചു. പ്രിവ്യൂ ഷോ കാണാൻ മോഹൻലാലിന്റെ മക്കളായ പ്രണവും വിസ്മയും ഒരുമിച്ചാണ് എത്തിയത്. ലോകമെമ്പാടുമുളള മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹൻ ശർമ, തുഹിൻ മേനോൻ എന്നിവർക്കൊപ്പം വിദേശ താരങ്ങളായ മായ, സീസർ, ലോറന്റെ തുടങ്ങിയവരും ബറോസിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസ് ചെയ്യുന്നത്, ആശിർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായ ബറോസ് ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്.
കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാണ് ബറോസ് ഒരുക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്. ത്രീഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്.
എന്റെ ലാലിന് വിജയാശംസകൾ' സ്വന്തം മമ്മൂട്ടി
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ആശംസകളുമായി മമ്മൂട്ടി. സമൂഹമാധ്യമത്തിലൂടെയാണ് മമ്മൂട്ടി തന്റെ പ്രിയസുഹൃത്തിന് ആസംസ നേർന്നത്. ''ഇത്രകാലം അഭിനയ സിദ്ധികൊണ്ട് നമ്മളെ ത്രസിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമയ്ക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു. പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി.
നടൻമാരിലെ സംവിധായകർ
മലയാള സിനിമയിലെ നടൻമാരിൽ പുതിയ നവാഗത സംവിധായകനാണ് മോഹൻലാൽ. മധു, ഭരത് ഗോപി, പ്രതാപ് പോത്തൻ, ശ്രീനിവാസൻ, ജഗതി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, പൃഥ്വിരാജ്, മധുപാൽ, നാദിർഷ, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ക്യാപ്ടൻ രാജു, ജോജു ജോർജ്, സലിംകുമാർ, ഹരിശ്രീ അശോകൻ എന്നീ നടൻമാർ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.. ഷീല, ഗീതു മോഹൻദാസ്, രേവതി എന്നിവരാണ് നടിമാരായ സംവിധായികമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |