SignIn
Kerala Kaumudi Online
Friday, 10 January 2025 9.31 AM IST

എൻഎസ്എസ് നേതൃത്വം കാലാകാലങ്ങളായി കേരളീയ സമൂഹത്തിൽ നൽകിവരുന്ന സംഭാവനകളെ സല്യൂട്ട് ചെയ്യുന്നു; ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala

പെരുന്ന: നായർ സർവീസ് സൊസൈറ്റി കരുത്തോടെ നയിക്കുന്ന നിലപാടുകളിൽ അചഞ്ചലനായ വ്യക്തിയാണ് ജി.സുകുമാരൻ നായർ എന്ന് രമേശ് ചെന്നിത്തല. പെരുന്ന എൻഎസ്എസ് അസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്നം ജയന്തി ആഘോഷത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാൻ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു. പ്രൗഢമായ ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്. അതിന് അവസരം നൽകി തന്നെ ഇതിലേക്ക് ക്ഷണിച്ച എൻഎസ്എസ് നേതൃത്വത്തോടും അതിന്റെ അമരക്കാരനായ ജി.സുകുമാരൻനായരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരിൽ എന്തുകൊണ്ടും അഗ്രഗണ്യനാണ് മന്നത്തു പത്മനാഭൻ. മാമൂലുകളിലും അന്ധവിശ്വാസങ്ങളിലും തളച്ചിടപ്പെട്ട ഒരു സമുദായത്തെ അദ്ദേഹം പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചു. അതു വഴി കേരള സമൂഹത്തിന് തന്നെ പുതുവെളിച്ചം പകർന്നുവെന്ന് ചെന്നിത്തല ഉദ്‌ഘാടന പ്രസംഗത്തിൽ അനുസ്‌മരിച്ചു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ തനിക്ക് തുണയായത് എൻഎസ്എസ് ആണെന്ന് ചെന്നിത്തല പറഞ്ഞു. പെരുന്ന എൻഎസ്എസ് കോളേജിൽ അഡ്‌മിഷൻ ലഭിക്കുന്നത് എൻഎസ്എസിന്റെ സഹായത്താലാണ്. വർഗീയതയുടെ മഹാന്ധാകാരം ചുറ്റും മുടുമ്പോൾ എൻഎസ്എസ് എന്ന മഹാപ്രസ്ഥാനം പ്രതീക്ഷയുടെ തിരിയായി നമ്മുടെ മുന്നിലുണ്ട്. മതനിരപേക്ഷതയുടെ ഏറ്റവും ജാജ്വല്യമാനമായ ബ്രാൻഡ് അംബാസിഡർ, അല്ല, ശ്രേഷ്ഠവും കുലീനവുമായ ബ്രാൻഡ് ആണ് എൻഎസ്എസ് എന്ന ഉജ്വലമായ പ്രസ്ഥാനം. മതനിരപേക്ഷതയിൽ അടിയുറച്ചു വിശ്വസിക്കുന്ന കോൺഗ്രസ് എന്ന എന്റെ മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നു കൊണ്ട് മതനിരപേക്ഷത രാജ്യത്ത് ഉറപ്പു വരുത്താനും വർഗീയമായ ആക്രമണങ്ങളെ ചെറുക്കാനും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും എൻഎസ്എസും അതിന്റെ നേതൃത്വവും കാലാകാലങ്ങളായി നൽകി വരുന്ന സംഭാവനകളെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പ്രസംഗത്തിൽ വ്യക്തമാക്കി.

ജാതിയുടേയും മതത്തിന്റെയും പേരിൽ രാഷ്ട്രീയാധികാരം വെട്ടിപ്പിടിക്കാൻ ശ്രമങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ എൻഎസ്എസ് മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയുടെ മഹാദർശനം ഉയർത്തിപ്പിടിക്കാനായി ഇപ്പോഴത്തെ ജനറൽ സെക്രട്ടറി അടക്കമുള്ളവർ പാലിക്കുന്ന ജാഗരൂകതയെ താൻ പ്രത്യേകം അഭിനന്ദിക്കുന്നു.

''എന്റെ കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി എൻഎസ്എസിനോട് നന്ദി പറയുന്നു. അത് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടു പോകേണ്ട സമയമാണ് ഇതെന്നും ഞാൻ കരുതുന്നു. ഷഷ്ഠിപൂർത്തിയോടുനുബന്ധിച്ച് നടന്ന ചടങ്ങിൽ ഒരാൾ സമ്മാനമായി ഊന്നുവടി നൽകിയപ്പോൾ മന്നം ഇങ്ങനെ പറഞ്ഞു : ‘‘മന്നത്തിന് വയസായി. ഇനി വടിയും കുത്തി നടന്നോട്ടെ എന്നു വിചാരിച്ചാണ് ഈ സമ്മാനമെങ്കിൽ തെറ്റിപ്പോയി. മന്നത്തിന് വയസാവുകയില്ല. സമുദായത്തിന് നേരെ വരുന്ന ഓരോ തല്ലും തടുക്കുവാനും പകരം കൊടുക്കുവാനും വേണ്ടി ഈ വടി ഞാൻ സ്വീകരിക്കുന്നു.’’ അദൃശ്യമായ ആ വടി ഇന്നത്തെ ജനറൽ സെക്രട്ടറിയുടെ കയ്യിലും ഞാൻ കാണുന്നു.

മതസ്പർധ വളർത്താനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങൾ ചുറ്റും നമ്മുക്ക് കാണാം. മനുഷ്യനെ മനുഷ്യനായി കാണണമെന്നാണ് മന്നം എന്നും ആഗ്രഹിച്ചത്.അതിനുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. സ്വന്തം സമുദായത്തിലും സമൂഹത്തിലും പരിഷ്കരണം കൂടിയേ തീരൂവെന്ന മന്നം മുന്നോട്ടു വച്ച ലക്ഷ്യത്തെയും എൻഎസ്എസിന് പൂർവാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. നായർ ഭവനങ്ങളിൽ നിന്നുള്ള കൊച്ചുകൊച്ചു സംഭാവനകൾ സ്വീകരിച്ചുകൊണ്ടുള്ള മൈക്രോ ഫിനാൻസിങ് സങ്കൽപത്തിലൂടെയാണ് മന്നം ഈ വിദ്യാഭ്യാസ സാമ്രാജ്യം കെട്ടിപ്പടുത്തത്. സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിലാണ് എൻഎസ്എസ് നിസ്തുല പങ്കു വഹിച്ചത്. മന്നം കയ്യിലേന്തിയ ആ ദീപശിഖ ഇന്നും തെളിഞ്ഞു കത്തുന്നതിൽ കേരളീയ സമൂഹം തന്നെ എൻഎസ്എസിനോട് കടപ്പെട്ടിരിക്കുന്നു.

സമുദായങ്ങൾ തമ്മിൽ തല്ലണമെന്ന് ആഗ്രഹിക്കുന്നവർക്ക് എൻഎസ്എസിനോട് പിണക്കവും പരിഭവവുമെല്ലാം ഉണ്ടാകാം.അതിൽ അവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ. സമുദായങ്ങളെ തമ്മിലടിപ്പിച്ചും വർഗീയത വമിപ്പിച്ചും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കുന്നവരെ ധീരതയോടെ തടുത്തു നിർത്തുന്ന, അകന്നു മാറിപ്പോകാൻ ആവശ്യപ്പെടുന്ന എൻഎസ്എസ് നേതൃത്വത്തെ ഒരിക്കൽ കൂടി അഭിവാദ്യം ചെയ്തുകൊണ്ട് ‍ഞാൻ നിർത്തുന്നു.''- ചെന്നിത്തലയുടെ വാക്കുകൾ.

TAGS: RAMESH CHENNITHALA, NSS, SUKUMARAN NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.