ന്യൂഡൽഹി : ഉത്തർപ്രദേശിലെ സാഹിബാബാദിൽ നിന്ന് ഡൽഹി അതിർത്തിയിലെ ന്യൂ അശോക് നഗർ വരെ നീളുന്ന 13 കിലോമീറ്റർ നമോ ഭാരത് ഇടനാഴി രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി - മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) ഇടനാഴിയുടെ ഭാഗമാണിത്. ഇതോടെ, ഡൽഹിക്ക് ആദ്യത്തെ നമോ ഭാരത് സർവീസ് സ്വന്തമായി. 4600 കോടി ചെലവിട്ട പദ്ധതിയാണിത്. ഡൽഹിയിൽ നിന്ന് മീററ്റ് സൗത്തിലെത്താൻ ഇനി 40 മിനിട്ട് മതിയാകും. 42 കിലോമീറ്റർ നീളമുള്ള സാഹിബാബാദ് - മീററ്റ് സൗത്ത് ഇടനാഴി നേരത്തേ തുറന്നുകൊടുത്തിരുന്നു. ഇന്ത്യയുടെ മെട്രോ ശൃംഖല 1000 കിലോമീറ്ററെന്ന ശ്രദ്ധേയ നേട്ടത്തിലെത്തി. ഡൽഹിയിൽ 12,200 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി ഇന്നലെ നിർവഹിച്ചു. ഡൽഹി മെട്രോ നാലാം ഘട്ടത്തിലെ 6230 കോടി രൂപയുടെ 26.5 കിലോമീറ്റർ റിഠാല - കുണ്ഡ്‌ലി ഭാഗത്തിന്റെ തറക്കല്ലിടലും നിർവഹിച്ചു.
'നാഴികക്കല്ല് "
ഇന്ത്യയുടെ ആധുനിക അടിസ്ഥാനസൗകര്യ യാത്രയിലെ നാഴികക്കല്ലാണിതെന്ന് നമോ ഭാരത് സർവീസ് ഉദ്ഘാടനം ചെയ്‌ത് മോദി പറഞ്ഞു. 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മെട്രോ സൗകര്യങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ ആദ്യ പത്തിൽ പോലും ഇന്ത്യ ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്തു വർഷത്തിനിടെ മെട്രോ ശൃംഖലയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറി. മൂന്നാം ടേമിൽ രണ്ടാമത്തെ വലിയ മെട്രോ ശൃംഖല ഇന്ത്യയാകും. രാജ്യത്തെ 21 നഗരങ്ങളിൽ മെട്രോസേവനം പ്രവർത്തനക്ഷമമാണെന്നും 1000 കിലോമീറ്ററിലധികം മെട്രോ പാത ദ്രുതഗതിയിലുള്ള വികസനത്തിലാണെന്നും മോദി പറഞ്ഞു.
കുട്ടികളുമായി സംസാരിച്ച് യാത്ര
മോദി ഇന്നലെ നമോ ഭാരത് ട്രെയിനിൽ യാത്ര ചെയ്‌തു. സ‌്കൂൾ കുട്ടികൾ, യാത്രക്കാർ എന്നിവരുമായി ആശയവിനിമയം നടത്തി. ഡൽഹിയിൽ നിന്ന് മീററ്റ് സൗത്തിലേക്ക് സ്റ്റാൻഡേർഡ് കോച്ചിൽ 150 രൂപയും പ്രീമിയം കോച്ചിലെ യാത്രയ്‌ക്ക് 225 രൂപയുമാണ് നിരക്ക്. ഇന്നലെ ഉദ്ഘാടനം ചെയ്‌ത 13 കിലോമീറ്റർ ഇടനാഴിയിൽ ആറുകിലോമീറ്റർ ഭൂഗർഭ പാതയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |