കോൺഗ്രസിൽ മുറുകുന്ന മുഖ്യമന്ത്രി സ്ഥാന വിവാദത്തിൽ നയം വ്യക്തമാക്കി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎൽഎ. മുഖ്യമന്ത്രി സ്ഥാന ചർച്ചാ വിവാദത്തിനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇപ്പോൾ ആ ചർച്ച അനവസരത്തിലാണെന്നും പ്രതികരിച്ചു. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിൽ പങ്കെടുക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മന്നം ജയന്തിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദമുണ്ടായി. മന്നം ജയന്തിയിൽ പങ്കെടുക്കും മുൻപ് പോയത് ശിവഗിരിയിലാണ്. വിവാദം ഉണ്ടാക്കുന്നവർ അത് മനഃപൂർവ്വം ഉണ്ടാക്കുന്നതാണ്. പാർട്ടി ഏൽപ്പിക്കുന്ന ഏത് ദൗത്യവും കഴിവതും നന്നായി ചെയ്യുക എന്നതാണ് തന്റെ നിലപാടെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്കൊപ്പമാണ് താൻ ആര് വിചാരിച്ചാലും ആ പ്രവർത്തനം ഇല്ലാതാക്കാൻ ആകില്ല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചയ്‌ക്ക് ഇപ്പോൾ പ്രസക്തിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സാധാരണ പ്രവർത്തകന്റെ തെരഞ്ഞെടുപ്പായതിനാൽ എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ച് അതിൽ പാർട്ടിയെ ജയിപ്പിക്കാൻ ശ്രമിക്കണം.
കോൺഗ്രസ് പ്രസിഡന്റായ സമയം എല്ലാ സമുദായത്തിൽ നിന്നുള്ളവർക്കും സീറ്റ് നൽകിയിട്ടുണ്ട്. ജയിച്ച് മുന്നോട്ട് വരേണ്ടത് അവരുടെ കൂടി ഉത്തരവാദിത്വമാണ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും മെച്ചപ്പെട്ട പ്രവർത്തനമാണ്. കേരളം കണ്ട ദുരന്തമാണ് പിണറായി വിജയൻ സർക്കാർ. ഒന്നാം പിണറായി സർക്കാരിനെക്കാൾ മോശമാണ് രണ്ടാം സർക്കാർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ച് മുതൽ ഏഴ് വരെ സർക്കാർ തീരുമാനങ്ങളെ പിൻവലിപ്പിക്കാൻ ആയി. കൊവിഡ് കാലത്ത് സർക്കാർ ചെയ്‌ത ആനുകൂല്യങ്ങൾ വിതരണം വഴി സർക്കാരിനെ രക്ഷകരായി ജനം കണ്ടതാണ് വീണ്ടും വിജയിക്കാൻ കാരണം. കേരളത്തിൽ മാത്രമല്ല ബംഗാളിലും തമിഴ്‌നാട്ടിലുമെല്ലാം അങ്ങനെയാണ്. ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |