സാമ്പത്തിക സ്രോതസ് പരിശോധിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, ആഡംബര വീട് നിർമ്മാണം, ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി പരാതികളിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരായ ഇടക്കാല അന്വേഷണ റിപ്പോർട്ട് വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത തിരിച്ചയച്ചു. സാമ്പത്തിക സ്രോതസുകൾ പരിശോധിച്ച് അനധികൃത സ്വത്തു സമ്പാദനമില്ലെന്ന് ഉറപ്പാക്കാൻ എസ്.ഐ.യു-1 ഡിവൈ.എസ്.പി ബിജു പാപ്പച്ചനോട് അദ്ദേഹം നിർദ്ദേശിച്ചു. അന്തിമറിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
റിപ്പോർട്ട് സമഗ്രമായിരിക്കണം. പരാതിക്ക് പിന്നീട് ഇടവരുത്തരുത്. പി.വി.അൻവറിന്റെ പരാതിയിലാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണം. അജിത്തിന്റെ അക്കൗണ്ട് വിവരങ്ങൾ എല്ലാ ബാങ്കുകളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയടക്കം സ്വത്തുവിവരങ്ങളും ശേഖരിച്ചു. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ചില സ്വത്തുക്കൾ പരമ്പരാഗതമായി കിട്ടിയതാണെന്ന് അജിത്ത് അവകാശപ്പെടുന്നുണ്ട്. ഇതിലും മറ്റ് സ്വത്തുവകകൾ വാങ്ങാനുള്ള വരുമാനം സംബന്ധിച്ചും വിശദ അന്വേഷണത്തിനാണ് ഡയറക്ടറുടെ നിർദ്ദേശം.
കവടിയാറിലെ വീടുനിർമ്മാണത്തിന് എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പയെടുത്തിട്ടുണ്ട്. നിർമ്മാണം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്തുവിവരപ്പട്ടികയിലും ഉൾപ്പെടുത്തി. കുറവൻകോണത്ത് 2009ൽ 37 ലക്ഷത്തിന് ഫ്ലാറ്ര് വാങ്ങിയതും 25 ലക്ഷം വായ്പയെടുത്താണ്. 2013ൽ നിർമ്മാതാക്കൾ ഫ്ലാറ്റ് കൈമാറി. നാലുവർഷം കഴിഞ്ഞ് 65 ലക്ഷത്തിന് വിറ്റു. ഇതിന് 10 ദിവസം മുൻപ് മാത്രമാണ് സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്തത്. ഇത് കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് അൻവറിന്റെ പരാതി. 8വർഷം കൊണ്ടുള്ള മൂല്യവർദ്ധന കാരണമാണ് വിലയുയർന്നതെന്നാണ് അജിത്തിന്റെ വാദം. ഫ്ലാറ്റ് വാങ്ങിയതും സർക്കാരിനെ അറിയിച്ചിരുന്നു.
കരിപ്പൂർ വഴിയുള്ള കള്ളക്കടത്തിൽ അജിത്തിന് പങ്കില്ലെന്നും മരംമുറിയിൽ വിദൂരബന്ധം പോലുമില്ലെന്നും ഇടക്കാല റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |