ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാന ഘടകമായ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എത്രകണ്ട് ശക്തിപ്പെടുന്നുവോ, അത്രയും സമ്മർദ്ദം മുകളിലേക്കുള്ള ആശുപത്രി സംവിധാനങ്ങളിൽ കുറഞ്ഞുകിട്ടും. താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇന്നനുഭവപ്പെടുന്ന അനിയന്ത്രിതമായ തിക്കും തിരക്കും ഒരു പരിധി വരെയെങ്കിലും കുറയണമെങ്കിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. ആവശ്യത്തിന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഇല്ലെന്നതാണ് ഈ ഗണത്തിൽപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പരാധീനത. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികൾ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളായതിനാൽ നിസാര രോഗത്തിനു പോലും ഏറ്റവും നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രികൾ തേടിപ്പോകാനാണ് അവർക്കു താത്‌പര്യം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ സുസജ്ജമായാൽ എല്ലാ വിഭാഗം ജനങ്ങൾക്കും അത് കൂടുതൽ ഉപകാരപ്പെടും.
ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം സുസജ്ജമാക്കാൻ 570 പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള സർക്കാർ തീരുമാനം ശ്ളാഘനീയമാണ്. കെട്ടിടങ്ങൾ നിർമ്മിച്ചാൽ മാത്രം ആശുപത്രികളാകില്ലല്ലോ. അവിടെ രോഗികളെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും വേണം. സംസ്ഥാനത്ത് ഇപ്പോഴുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പരാതികൾക്ക് മുഖ്യ കാരണം ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കുറവാണ്. സാമ്പത്തിക ഞെരുക്കം തന്നെയാണ് ഇവിടെയും പ്രശ്നം. എങ്കിലും ഒറ്റയടിക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നല്ല നിലയിലുള്ള പ്രവർത്തനം ഉറപ്പുവരുത്താൻ 570 പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള തീരുമാനം നിലവിലെ സാഹചര്യത്തിൽ അഭിനന്ദനീയം തന്നെയാണ്.
അസിസ്റ്റന്റ് സർജന്മാരുടെ പുതിയ 35 തസ്തികകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി സൃഷ്ടിക്കുന്നത്. ഏറ്റവും ശ്രദ്ധേയം, ഫാർമസിസ്റ്റുകളുടെ 250 തസ്തികകളാണ്. കഠിന സമ്മർദ്ദത്തിൽ ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾ പകരക്കാരില്ലാതെ മണിക്കൂറുകളോളം വിശ്രമമില്ലാതെ പണിയെടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഫാർമസിസ്റ്റുകളായി കൂടുതൽ പേരെ നിയമിക്കണമെന്ന് അവരുടെ സംഘടന തുടർച്ചയായി ആവശ്യപ്പെട്ടുവരികയായിരുന്നു. ബില്ലടിക്കലും രജിസ്റ്റർ സൂക്ഷിക്കലും മരുന്നെടുത്തു നൽകലുമൊക്കെ ഒരാൾ മാത്രം ചെയ്യുമ്പോൾ സ്വാഭാവികമായും ഏറെ സമ്മർദ്ദം അനുഭവിക്കേണ്ടിവരും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയെങ്കിലും ഫാർമസിസ്റ്റുകളുടെ സംഖ്യ അതനുസരിച്ച് കൂട്ടിയിരുന്നില്ല. 250 ഫാർമസിസ്റ്റുകൾ കൂടി എത്തുമ്പോൾ അവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുമെന്നും മരുന്നു വാങ്ങാനെത്തുന്ന രോഗികൾക്ക് ആശ്വാസം ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കായി ഗ്രേഡ് -2 നഴ്‌സിംഗ് ഓഫീസർമാരുടെ 150, ലാബ് ടെക്‌നീഷ്യന്മാരുടെ 135 തസ്തികകളും അനുവദിച്ചിട്ടുണ്ട്. ഇവരുടെ നിയമനങ്ങൾ പൂർത്തിയായ ശേഷം ആവശ്യമുള്ള ഇടങ്ങളിൽ കൂടുതൽ തസ്തികകൾ അനുവദിക്കാനാണ് തീരുമാനം. വിഷയം പഠിക്കാൻ ആരോഗ്യവകുപ്പു ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിനെത്തുടർന്ന് അവിടങ്ങളിലെല്ലാം കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഈ കേന്ദ്രങ്ങൾ നല്ല നിലയിൽ പ്രവർത്തിച്ചു തുടങ്ങിയാൽ സാധാരണക്കാർക്ക് വളരെയധികം പ്രയോജനമുണ്ടാകും. ചികിത്സാ ചെലവുകൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് സർക്കാർ കുടുംബാരോഗ്യ കേന്ദ്രങ്ങൾ സാധാരണക്കാരുടെ ആശ്രയമാണ്. കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമില്ലാത്ത സാധാരണ അസുഖങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽത്തന്നെ ചികിത്സ നൽകാൻ കഴിയണം. അതിനാകട്ടെ, ആവശ്യമായത്ര ഡോക്ടർമാരും മറ്റു ജീവനക്കാരും ഉണ്ടായേ മതിയാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |