സ്‌കൂളിൽ പോകുന്ന കുട്ടികളുള്ള വീട്ടിലെ അമ്മമാർ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് സ്‌കൂൾ ബാഗിലെ അഴുക്കും കറയും പൊടിയും. ആഴ്‌ചയിൽ അഞ്ചുദിവസവും സ്‌കൂളിൽ പോകേണ്ടതിനാൽ ഇടയ്ക്കിടെ ബാഗ് വൃത്തിയാക്കാനും സാധിക്കില്ല. അഴുക്കും ചെളിയും നിറഞ്ഞ ബാഗ് ഉപേക്ഷിക്കുകയായിരിക്കും മിക്കവരും ചെയ്യുന്നത്. ഇങ്ങനെയുള്ള ബാഗുകൾ കാണുമ്പോൾ പുതിയവ വേണമെന്ന് കുട്ടികളും വാശി പിടിക്കും.
കഴുകിയാൽ ബാഗ് ഉണങ്ങാൻ ഏറെ സമയം എടുക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ ഈ പ്രശ്‌നത്തിന് നല്ലൊരു പരിഹാരമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്‌കൂൾ ബാഗ് വൃത്തിയാക്കിയെടുക്കാം. ഇതിന് വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ മാത്രം മതിയാവും.
ആദ്യം ഒരു പാത്രമെടുത്ത് അതിൽ ഒരു ടീസ്‌പൂൺ ബേക്കിംഗ് സോഡ, ഒരു ടീസ്‌പൂൺ ലിക്വിഡ് ഡിഷ് വാഷ്, ഒരു ടീസ്‌പൂൺ വിനാഗിരി, ഒരു പാക്കറ്റ് ഷാമ്പൂ എന്നിവയെടുത്ത് നന്നായി യോജിപ്പിക്കണം. ഇനി ഒരു ബക്കറ്റ് എടുത്ത് ബാഗ് മുക്കിവയ്ക്കാൻ പാകത്തിന് ഇളം ചൂടുവെള്ളം നിറയ്ക്കണം. ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കിയ മിശ്രിതം ചേർത്തുകൊടുക്കാം.
അഴുക്കും കറയുമുള്ള ബാഗ് മിശ്രിതം ചേർത്ത ഇളം ചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ മണിക്കൂർ മുക്കിവയ്ക്കണം. ശേഷം ബാഗ് പുറത്തെടുത്ത് ടൂത്ത് ബ്രഷ് ഉപയോഗിച്ച് നേരത്തെ തയ്യാറാക്കിയ മിശ്രിതം കൊണ്ട് ബാഗിൽ ബാക്കിയുള്ള കറകൾകൂടി ഉരസിക്കളയാം. ഇനി ബാഗ് രണ്ടോ മൂന്നോ തവണ നല്ലവെള്ളത്തിൽ മുക്കിയെടുത്ത് ഉണക്കിയെടുക്കാം. ബാഗ് നല്ല പുതുപുത്തൻ പോലെ തിളങ്ങുന്നത് കാണാം. ബാഗിന്റെ സിബ് അടയുന്നില്ലെങ്കിൽ അൽപം വാസ്‌ലിൻ പുരട്ടികൊടുത്താൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |