കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പി.ജി മെഡിക്കൽ മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടന്നുവരുന്നു. കർണാടക എക്സാമിനേഷൻസ് അതോറിറ്റി-KEA വഴിയാണ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടത്. നീറ്റ് പി.ജി കട്ട് ഓഫ് മാർക്ക് കുറച്ചതിനുശേഷം പുതിയ സമയക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. KEA വഴി രജിസ്റ്റർ ചെയ്‌തവർ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ചോയ്സ് ഫില്ലിംഗ് പൂർത്തിയാക്കാം. ജനുവരി 23 ന് ഉച്ചയ്ക്ക് ഒരുമണി വരെ ചോയ്സ് ഫില്ലിംഗ് പൂർത്തിയാക്കാം.24 ന് പ്രൊവിഷണൽ ലിസ്റ്റും 28 ന് അന്തിമ ലിസ്റ്റും പ്രസിദ്ധീകരിക്കും. ഫെബ്രുവരി നാലു വരെ പ്രവേശനം ലഭിച്ച കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം.www.kea.kar.nic.in. KEA വഴി ആദ്യത്തെയോ, രണ്ടാമത്തെയോ റൗണ്ടിൽ ക്ലിനിക്കൽ സീറ്റുകൾ ലഭിച്ചവർക്ക് മൂന്നാം റൗണ്ടിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. അഖിലേന്ത്യാ ക്വോട്ടയിൽ മോപ് അപ്പ് റൗണ്ടിൽ സീറ്റ് ലഭിച്ചവരും KEA മോപ് അപ്പ് റൗണ്ട് പ്രവേശനത്തിന് യോഗ്യരല്ല. ഇതുമായി ബന്ധപ്പെട്ട KEA നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
കർണാടകയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീസ് തുലോം കൂടുതലാണ്. ചോയ്സ് ഫില്ലിംഗിന് മുമ്പ് ഫീസ് ഘടന വിലയിരുത്തണം. താങ്ങാൻ പറ്റാത്ത ഫീസുള്ള കോളേജുകളിൽ തെറ്റായി ഓപ്ഷൻ നൽകരുത്.
എം.സി.സി മൂന്നാം റൗണ്ട് (മോപ് അപ്പ്) ചോയ്സ് ഫില്ലിംഗ് രജിസ്‌ട്രേഷൻ 22 വരെയും, ചോയ്സ് ഫില്ലിംഗ് 23 വരെയും വീണ്ടും നീട്ടിയിട്ടുണ്ട്.www.mcc.nic.in
മെഡിക്കൽ പി.ജി കൗൺസലിംഗ് പ്രക്രിയയിൽ പങ്കെടുക്കുന്നവർ താത്പര്യത്തിനനുസരിച് മൂന്ന് ബ്രാഞ്ചെങ്കിലും കണ്ടെത്തണം. മുൻവർഷങ്ങളിലെ അവസാന റാങ്ക്, ഫീസ് ഘടന എന്നിവ വിലയിരുത്തണം. മൂന്നാമത്തെ റൗണ്ടിൽ സീറ്റ് ലഭിച്ചാൽ ഒഴിവാക്കാൻ സാധിക്കുകയില്ല. അതിനാൽ ആലോചിച്ചു തീരുമാനമെടുക്കണം. KEA വഴി ലഭിച്ച സീറ്റ് ഒഴിവാക്കി സെർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കാൻ നിരവധി കടമ്പകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |