തിരുവനന്തപുരം: ത്രിവർണപതാകയുമായി അമേരിക്കയിലെ ടെന്നസിയുടെ ആകാശത്തുനിന്നു ചാടിയ കോഴിക്കോട് സ്വദേശി ജിതിൻ വിജയൻ ടെൻസിംഗ് നോർഗെ ദേശീയ സാഹസിക പുരസ്കാര തിളക്കത്തിലാണ്.
2023ലെ എയർ അഡ്വഞ്ചർ വിഭാഗത്തിലെ പുരസ്കാരമാണ് ജിതിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജിതിന് പുരസ്കാരം സമ്മാനിച്ചു.
2023 ജൂലായ് 1ന് വേൾഡ് എയർ സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ത്രിവർണപതാകയുമേന്തി 42,431 അടി (ഏകദേശം 13 കിലോമീറ്റർ) ഉയരത്തിൽനിന്നു ചാടി ജിതിൻ ഈ സാഹസിക നേട്ടമുണ്ടാക്കിയത്. മൂന്ന് വർഷമായി യുണൈറ്റഡ് സ്റ്റേറ്റ് പാരച്ച്യൂട്ട് അസോസിയേഷനിൽ സ്കൈ ഡൈവിംഗ് പരിശീലനം നടത്തുന്ന 42കാരനായ ജിതിന്,4 ലോക,2 ഏഷ്യൻ,2 ദേശീയ റെക്കാഡുകളാണ് ഉള്ളത്.
കോഴിക്കോട് ബാലുശേരി മലയിൽ അകത്തോട്ട് വീട്ടിൽ വിജയൻ- ർസത്യഭാമ ദമ്പതികളുടെ മകനാണ് ഐ.ടി പ്രൊഫഷണലായ ജിതിൻ വിജയൻ. ഭാര്യ ദിവ്യ എറണാകുളത്തെ ടെക് മെൻസിലെ സി.ഇ.ഒയാണ്. മകൻ:സൗരവ്.
ടെൻസിംഗ് നോർഗെ
കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസിക കായിക പ്രവർത്തികളിൽ അസാധാരണ നേട്ടം കൈവരിക്കുന്നവർക്ക് നൽകുന്ന പരമോന്നത ദേശീയ പുരസ്കാരമാണ് ടെൻസിംഗ് നോർഗെ പുരസ്കാരം. അർജ്ജുന അവാർഡിന് തത്തുല്യമാണ് ഈ ബഹുമതി. 1953ൽ എഡ്മണ്ട് ഹിലാരിക്കൊപ്പം എവറസ്റ്റ് കീഴടക്കിയ ടെൻസിംഗ് നോർഗെയുടെ പേരിലാണ് ഈ പുരസ്കാരം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |