മാനന്തവാടി : വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് കടുവയെ തെരയുന്നതിനായി ക്യാമറ ട്രാപ്പുകളും വനംവകുപ്പ് സ്ഥാപിച്ചു. കടുവയെ പിടികൂടാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി പഞ്ചാരക്കൊല്ലി ഉൾപ്പെടുന്ന ഡിവിഷനിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടിട്ടുണ്ട്. കടുവയെ കണ്ടെത്തുന്നതിന് ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്, നോർത്ത്, സൗത്ത് ഡിവിഷനുകളിലെ മുഴുവൻ ക്യാമറകളും അടിയന്തരമായി മേഖലയിലേക്ക് എത്തിക്കും. അതിനിടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര സഹായമായി 5 ലക്ഷം രൂപ കൈമാറി. മന്ത്രി ഒ.ആർ. കേളുവാണ് രാധയുടെ കുടുംബാംഗങ്ങൾക്ക് തുക കൈമാറിയത്.
കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് തുടർനടപടികൾ സ്വീകരിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആർ.ആർ.ടി സംഘത്തെ വിന്യസിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. ഫെൻസിംഗ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. ടെണ്ടർ നടപടികളശിൽ താമസം വന്നാൽ ജനകീയ അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്ന കാര്യം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നും കേളു അറിയിച്ചു,
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ വനത്തോട് ചേർന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണ് രാധയെ കടുവ കൊന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |