ആലുവ: ഒൻപതു വർഷംമുമ്പ് അധിക്ഷേപിച്ച് ബസിൽ നിന്ന് ഇറക്കിവിട്ട കേസിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മാപ്പ് നൽകി സാമൂഹ്യ പ്രവർത്തക ദയാബായി. ഇതോടെ വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശി ഷൈലനെതിരെ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ (ഒന്ന്) കേസ് അവസാനിപ്പിച്ചു.
2015 ഡിസംബർ 19ന് തൃശൂർ-എറണാകുളം ബസിലെ യാത്രക്കാരിയായിരുന്നു ദയാബായി. ആലുവ ഗ്യാരേജ് കവലയിലേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. ആലുവയിൽ എത്തിയപ്പോൾ ഗ്യാരേജ് കവലയിൽ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് റെയിൽവേ സ്റ്റേഷന് സമീപം ഇറക്കി വിട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കണ്ടക്ടർക്കെതിരെ കേസെടുത്തിരുന്നത്. നേരത്തെ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി എടുത്തിരുന്നെങ്കിലും ദയാബായി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. തനിക്ക് ആരോടും പരാതിയില്ലെന്നും കോടതിയിൽ കേസ് നടക്കുന്ന വിവരം പൊലീസാണ് അറിയിച്ചതെന്നും ദയാബായി പറഞ്ഞു.
വിമാനത്തിൽ നാടൻ ബോംബ് :
പ്രതിക്ക് 10 വർഷം
കഠിന തടവും പിഴയും
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 15 വർഷം മുൻപ് കിംഗ്ഫിഷർ വിമാനത്തിൽ നാടൻ ബോംബ് കണ്ടെടുത്ത കേസിൽ സ്വകാര്യ കരാർ കമ്പനി മുൻ ജീവനക്കാരനെ കോടതി വിവിധ വകുപ്പുകളിലായി 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി രാജേഷ്.ജിയാണ് പ്രതിയെ ശിക്ഷിച്ചത്.
മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും മലയിൻകീഴ് വലിയറത്തല സ്വദേശിയുമായ രാജശേഖരൻ നായരാണ്(64) പ്രതി. കിംഗ്ഫിഷർ കമ്പനിയുടെ ഫ്ലൈറ്റുകൾ വൃത്തിയാക്കുന്ന സ്വകാര്യ കരാർ കമ്പനിയായ യൂണിവേഴ്സൽ ഏവിയേഷന്റെ സൂപ്പർ വൈസറായിരുന്നു . കമ്പനി മാനേജറോട് പ്രതിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. കമ്പനി മാനേജർക്കെതിരെ നടപടി എടുക്കുമെന്ന വിശ്വാസത്തിലാണ് പ്രതി നാടൻ ബോംബ് വിമാനത്തിൽ വച്ചത്. വലിയറത്തല ശ്രീ തമ്പുരാൻ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കമ്പക്കെട്ട് സ്ഥലത്ത് നിന്ന് നാടൻ ബോംബ് ശേഖരിച്ചു.. സംഭവദിവസം രാവിലെ 8.30ന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ കാറ്ററിംഗ് ഏരിയയിലെ ട്രോളികൾക്ക് ഇടയിലാണ് ബോംബ് സ്ഥാപിച്ചത്. ബോംബ് കണ്ടെത്തിയെന്ന് കമ്പനിയെ അറിയിച്ചതും രാജശേഖരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ.ഷാജി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |