വികാരം ഒരു മാനിനെപ്പോലെ തുള്ളിത്തുള്ളിയും വിചാരം ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞുമാണ് എത്തുന്നതെന്ന് എഴുതിയത് ഉറൂബാണ്. പൊതുവികാരത്തിന്റെ തുള്ളിച്ചാട്ടത്തിന് തീവ്രതയേറും. സമീപകാലത്ത് നാട് ഉറ്റുനോക്കിയ രണ്ട് സംഭവങ്ങൾ. ഒന്ന്, പാറശാലയിൽ കാമുകനെ അതിക്രൂരമായ കഷായത്തിൽ വിഷം കലക്കിക്കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് അപൂർവങ്ങളിൽ അപൂർവമായ വധശിക്ഷ വിധിച്ചത്. രണ്ട്, നടിക്കെതിരെ ലൈംഗികപരാമർശം നടത്തിയതിന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ നാടകീയമായി അറസ്റ്റ് ചെയ്തതും രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള 'പുരോഗമന വക്താക്കൾ" നടിയെ നേർവഴിക്ക് നടത്താൻ രംഗത്തെത്തിയതും. വേട്ടക്കാരനെന്നും വേട്ടക്കാരിയെന്നുമുള്ള ലിംഗ വ്യത്യാസങ്ങൾ ചെയ്ത കുറ്റത്തെ ഒരണു പോലും ന്യായീകരിക്കില്ല. കുറ്റമറ്റ നീതിന്യായ വ്യവസ്ഥയും ഭരണഘടനയുമാണ് ഇന്ത്യയുടേതെന്നതിനും തർക്കമില്ല. മേൽക്കോടതിയിൽ അപ്പീൽ നൽകി ഗ്രീഷ്മയ്ക്ക് ശിക്ഷയിൽ ഇളവ് വരുത്താമെങ്കിലും കൗശലപൂർവം നടത്തിയ കുറ്റകൃത്യത്തിനും തെളിവുകൾ തനിക്ക് അനുകൂലമാക്കാൻ ശ്രമിച്ചതിനും നെയ്യാറ്റിൻകര കോടതി വിധിച്ച വധശിക്ഷ കുറ്റവാളികളുടെ നെഞ്ചത്തടിച്ച ആണിയാണ്. നിയമത്തിന് മുന്നിൽ പണവും പ്രതാപവും വിലയ്ക്ക് പോകില്ലെന്നും വായിൽ തോന്നുന്നതെന്തും വിളിച്ച് കൂവാൻ 'മുഖമില്ലാത്ത സൈബർ ആരാധകരുടെ" പിൻബലം പോരെന്നും ബോബിയുടെ അറസ്റ്റും അടിവരയിടുന്നു. കേസിൽ ബോബിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിട്ടും 'ബോച്ചെയ്ക്ക് ദൈവീക പരിവേഷം" നൽകി സ്വീകരിക്കാനെത്തിയവർക്ക് പറയാനുണ്ടായിരുന്നത് ഹണി റോസിന്റെ മോശം വസ്ത്രധാരണത്തെ കുറിച്ചാണ്. സമൂഹമാദ്ധ്യമങ്ങളിൽ ബോബി ചെമ്മണ്ണൂരിനെ എതിർത്തവർക്ക് പോലും ഹണിയുടെ വസ്ത്രസങ്കല്പത്തോട് വിയോജിപ്പുണ്ടായിരുന്നു. നിയമത്തിനപ്പുറം ഈ രണ്ട് കേസുകളിൽ ഉരുത്തിരിഞ്ഞ പൊതുവികാരത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ?
അല്ലേല്ലും അവളുമാർ അങ്ങനാ...
ഒരു സംഘം കുട്ടികൾ. തമ്മിൽ ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാവാറുണ്ട്. ഒരുവൻ മുന്നിൽ നടക്കുമ്പോൾ മറ്റുള്ളവർ പിന്നിൽ നിന്ന് സംസാരിക്കാറുണ്ട്. എങ്കിലും പുറത്തുനിന്നാരെയും അവർക്കിടയിലേയ്ക്ക് അടിപ്പിക്കില്ല. അപ്പോഴാണ് പുറത്തുനിന്നൊരുവൻ കടന്നുവന്നത്. അവനെ അടുപ്പിക്കരുതെന്ന് ഭൂരിഭാഗം പേരും പറഞ്ഞെങ്കിലും ദുർബലനായ അവനെ തങ്ങൾക്കൊപ്പം കൂട്ടാൻ ചിലർ നിർദ്ദേശിക്കുന്നു. ചെറിയ വരയെ വലിയ വരയാക്കുന്ന ടെക്നിക്ക് പോലെ ദുർബലനെ ചേർത്ത് നിറുത്തിയാൽ കൂടുതൽ ശക്തനാവമല്ലോ. സംഘത്തിലെ മറ്റുചിലർ അവനും ഉയർന്ന് വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഒടുവിൽ അവൻ അവരിലൊരാളായി. പേരെടുത്തു. മറ്റ് കുട്ടികളെക്കാൾ മുകളിലെത്തി. ചില കുട്ടികൾക്ക് ഇതിൽ സന്തോഷവും മറ്റ് ചിലർക്ക് അസൂയയും വേറെ ചിലർക്ക് തങ്ങളുടെ സഹായം കൊണ്ട് ഉയർന്നുവന്നവനോട് പുച്ഛവും തോന്നി. കാലാകാലങ്ങളായി സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ രണ്ടാംകിടക്കാരായി മാറ്റി നിറുത്തത്തപ്പെട്ടവരാണ് സ്ത്രീകൾ. ചെറുതും വലുതുമായ അനേകായിരം പോരാട്ടങ്ങളിലൂടെയാണ് വൃത്തിയുള്ള ശുചിമുറി മുതൽ തുല്യ വേതനം വരെ നേടിയെടുത്തത്. സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് അവരെയെത്തിക്കാൻ സംവരണം അടക്കമുള്ള മാർഗങ്ങൾ സഹായിച്ചു. പെണ്ണായി ജനിക്കുന്നത് ഒട്ടും എളുപ്പമല്ലായിരുന്ന കാലത്ത് നിന്ന് പ്രതീക്ഷകൾക്ക് മുകളിലേയ്ക്ക് ഉയരാൻ അവൾ ശ്രമിച്ചു. ഗ്രീഷ്മ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം തന്നെ. എന്നാൽ, സമൂഹമാദ്ധ്യമങ്ങളിൽ സൈബർ ആങ്ങളമാർ ഒളിഞ്ഞുനോക്കുന്ന ക്ലിക്ക് ബെയ്റ്റുകൾ സൃഷ്ടിക്കുന്ന, വായനാശീലം ഇല്ലാത്തവർ പോലും വിധിക്ക് മുൻപുള്ള ദിവസത്തെ പത്രങ്ങങ്ങൾ തിരഞ്ഞുപിടിച്ചു വായിക്കുന്ന തരത്തിലേയ്ക്ക് കേസ് മാറിയെങ്കിൽ അതിന് കാരണം കേസിന്റെ പൈശാചികത്വം മാത്രമല്ല. പെണ്ണ് കുറ്റം ചെയ്യുമ്പോൾ അതിൽ പൊടിപ്പും തൊങ്ങലും വച്ച് ആഘോഷിക്കാനുള്ള ഹരം കൂടിയാണ്. ഹണി റോസ് വിഷയത്തിലും അലയടിച്ചത് ഇതേ സ്ത്രീവിരുദ്ധത തന്നെയാണ്. 'അവൾ അങ്ങനെ ഡ്രസ് ചെയ്തോണ്ടല്ലേ.. മര്യാദയ്ക്ക് വസ്ത്രം ചെയ്യുന്ന നടിമാർക്ക് ഈ പ്രശ്നം വല്ലതുമുണ്ടോ..." അങ്ങനെ നീളുന്നു കമന്റുകൾ. വിദ്യാഭ്യാസവും വിവരവും ഉള്ളവർ പോലും ഹണിയുടെ ധാർമ്മികതയെ ചോദ്യം ചെയ്തത് 'കരുതലിന്റെ ദിവ്യജിഹ്വ"കൊണ്ടല്ല 'ജീർണിച്ച" മനസും ചിന്തകളും കൊണ്ടാണ്. ബോച്ചെ ചെയ്തത് തെറ്റാണ് 'പക്ഷെ....സ്ത്രീകളെ ബഹുമാനിക്കണം" പക്ഷെ..... എല്ലാ പക്ഷെകളും അത്ര നിഷ്കളങ്കമല്ലെന്ന് പറയേണ്ടതില്ലല്ലോ. പ്രണയപ്പകയിൽ സ്ത്രീകൾ വെന്തുമരിക്കുമ്പോൾ പോലും 'അവളത്രയ്ക്ക് മോശമായിരിക്കും.." എന്ന് ന്യായീകരിക്കുന്നവർ ആസിഡിനെക്കാൾ അപകടകാരികളാണ്.
വർഗീയമായ
മുദ്രകുത്തൽ
കഷായക്കൊലയുടെ തുടക്കം മുതൽ അലയടിക്കുന്നതാണ് 'എല്ലാ സ്ത്രീകളും ഗ്രീഷ്മയെപ്പോലെയാണെന്ന" തരത്തിലുള്ള മുദ്രകുത്തൽ. എന്നാൽ, എല്ലാ പുരുഷന്മാരും ബോബിയെപ്പോലെയാണെന്ന മുറവിളി എങ്ങും മുഴങ്ങുന്നില്ല. ഒരു സ്ത്രീ ചെയ്യുന്ന കുറ്റം അവൾ പ്രതിനിധീകരിക്കുന്ന വർഗത്തിനെതിരെയും പുരുഷൻ ചെയ്യുന്ന തെറ്ര് അവന്റെ വ്യക്തിത്വത്തിലേയ്ക്കും ഒതുങ്ങുന്നതിന്റെ യുക്തി മുൻപ് സൂചിപ്പിച്ച 'കുട്ടികളുടെ കൂട്ടത്തിൽ" പുറത്ത് നിന്നൊരുത്തൻ കടന്നുവരുമ്പോഴുള്ള അസഹിഷ്ണുതായായെ വ്യാഖ്യാനിക്കാനാവു. ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഇത്തരത്തിൽ പ്രശ്നം നേരിടുന്നവരാണ്. കൂട്ടത്തിൽ ചിലർ മോഷണവും ഭിക്ഷാടനവും നടത്തുമ്പോൾ സാമൂഹികവ്യവസ്ഥയെ ബഹുമാനിച്ച് അന്തസായി ജീവിക്കുന്നവർക്ക് പോലും വാക്കുകളുടെ പ്രഹരമേൽക്കുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം നടത്താൻ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ ആൾ കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ ആവർത്തിച്ച ഒരു കാര്യമുണ്ട്. സ്ത്രീകൾക്ക് അനുകൂലമായാണ് ഒട്ടുമിക്ക നിയമങ്ങളും. അതാണ് അവർ നിയമം പുരുഷന്മാർക്കെതിരെ ദുരുപയോഗം ചെയ്യാൻ കാരണം. പുരുഷന്മാർക്ക് അനുകൂലമായി നിയമങ്ങളില്ലാത്തതിനാൽ അവർ 'അടങ്ങിയൊതുങ്ങി" കഴിയുന്നു. ഗോവിന്ദച്ചാമിയും ഉത്രാ കൊലക്കേസ് പ്രതി സൂരജും അടങ്ങുന്ന സമൂഹത്തിൽ ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത് ബാലിശം മാത്രമല്ല, ഉള്ളിലെ അരക്ഷിതാവസ്ഥയെ തക്കം കിട്ടുമ്പോൾ ഛർദ്ദിക്കുന്നതും കൂടെയാണ്.
ഫെമിനിസം
തെറ്റാണോ...
എവിടെയോ എന്തോ എപ്പോഴോ ആരോ എങ്ങനെയോ ചെയ്തതിനും കുറ്റം ഫെമിനിസത്തിന് തന്നെ. പെണ്ണ് കുറ്റം ചെയ്താലും പെണ്ണിനോട് കുറ്റം ചെയ്താലും ഫെമിനിസ്റ്റുകളെ വിമർശിക്കുന്നവർക്ക് ആ വാക്കിന്റെ അർത്ഥം മനസിലാക്കാനുള്ള സാമാന്യബോധം പോലുമില്ലെന്ന് ഓർക്കുമ്പോൾ തോന്നുന്ന വികാരം സഹതാപമാണ്. ലോകത്തിന്റെ ഏതോ ഒരു കോണിൽ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാൽ ദേശ-ഭാഷാന്തരങ്ങൾ താണ്ടി കപടസദാചാരവാദികൾ നിലവിളിക്കും..'എവിടെ വിളിക്കവളെ..ഫെമിനിച്ചികളെ..."സമൂഹത്തിൽ എല്ലാ തലങ്ങളിലും കഴിവിനൊത്ത് ഉയരാനുള്ള അവകാശം സ്ത്രീയ്ക്കും വേണമെന്നതാണ് ഫെമിനിസത്തിന്റെ അർത്ഥം. നിയമത്തെ ചൂഷണം ചെയ്യുന്നവരും ഫെമിനിസത്തിന്റെ മറവിൽ തെറ്റുചെയ്യുന്നവരും ഉണ്ടായിരിക്കും. അതിന് ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഫെമിനിസം പോലൊരു ആശയത്തെ ഇടിച്ചുതാഴ്ത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതാണോയെന്ന് 'മുൻധാരണകളുടെ കണ്ണാടി" മാറ്റിവച്ച് ചിന്തിക്കണം. അതല്ല, അടക്കവും ഒതുക്കവും എന്ന ടാഗ്‌ലൈനിൽ വരുന്ന, 'എനിക്ക് സ്വാതന്ത്ര്യം തരാമോ ചേട്ടാ" എന്ന് ദയനീയമായി അഭ്യർത്ഥിക്കുന്നവരെ മാത്രമെ പെണ്ണായി കണക്കാക്കു എങ്കിൽ ക്ഷമിക്കണം, പിടിച്ചുനിൽക്കുന്ന കാലം കഴിഞ്ഞു. അവൾ പറന്നുയരുകയാണ്. കയ്യടിക്കാം, കൂകി വിളിക്കാം, താഴെയിറക്കാൻ ശ്രമിക്കാം, ഒപ്പമോ അവൾക്ക് മുകളിലോ പറക്കാം... അവളെ അതൊന്നും ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |