ഓൺലൈൻ തട്ടിപ്പുകൾ ഇടുക്കി ജില്ലയിൽ സർവവ്യാപിയായി മാറുന്നു. ഒരു മാസത്തിനിടെ രണ്ടരക്കോടിയുടെ തട്ടിപ്പാണ് ജില്ലയിൽ നടന്നത്. ഓൺലൈൻ ട്രേഡിംഗ് എന്ന പേരിലാണ് ജില്ലയിൽ തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്. തട്ടിപ്പുകാർ ഇരകളെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർത്ത് പിന്നീട് അവർ നിർദ്ദേശിക്കുന്ന ട്രേഡിംഗ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കും. ഇത്തരം ആപ്പുകളിൽ യഥാർത്ഥ ഓഹരി വ്യാപാരത്തിന് പകരം പേപ്പർ ട്രേഡിംഗ് ആണ് നടക്കുന്നത്. മെസേജിംഗ് ആപ്പുകളും നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്നുണ്ട്. ഏറ്റവുമൊടുവിൽ കുമളി ചക്കുപള്ളംസ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടിയുടെ ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി വിവിധ അക്കൗണ്ടുകളിലേക്ക് തുക ട്രാസ്ഫർ ചെയ്യിക്കുകയായിരുന്നു. 25 മുതൽ 50 ലക്ഷം രൂപ വരെ നഷ്ടപ്പെടുന്ന കേസുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 19 കേസുകളിൽ നിന്നായി 4,10,16,857 രൂപയുടെ തട്ടിപ്പാണ് നടന്നത്. ബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്ന പലരും കബളിപ്പിക്കലിന് ഇരയായി പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേടുകൊണ്ട് പുറത്തുപറയാത്ത സംഭവങ്ങളുമുണ്ട്. ഓൺലൈനായും അല്ലാതെയുമുള്ള തട്ടിപ്പുകൾക്ക് വിധേയരാകുന്നുണ്ട്. ആളുകളുടെ അശ്രദ്ധയും അറിവില്ലായ്മയും മുതലെടുത്താണ് തട്ടിപ്പുകൾ നടക്കുന്നത്. വിദ്യാസമ്പന്നരായവർ ഉൾപ്പെടെയാണ് തട്ടിപ്പിന് ഇരയാകുന്നത്. ദിവസങ്ങൾക്കുള്ളിൽ രണ്ട് വലിയ തട്ടിപ്പുകാരെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ, അതിലും ഏറെപ്പേർ കാണാമറയത്താണ്. എസ്.എം.എസ്, ടെലിഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്.
തട്ടിപ്പുകളിൽ 'വെറൈറ്റി"
പല തരത്തിലുള്ള തട്ടിപ്പുകളാണ് ജില്ലയിൽ അരുങ്ങേറുന്നത്. വാട്സ്ആപ്പിലും ഇ മെയിലിലും മറ്റും ലഭിക്കുന്ന പ്രോലോഭനകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് സൂക്ഷിക്കണം. അപകടകരമായ ആപ്പുകളാണ് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ആവുക. അതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒ.ടി.പി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. ഓൺലൈൻ തട്ടിപ്പ് ട്രേഡിംഗുകളിൽ തുടക്കത്തിൽ ലാഭം ലഭിക്കും. തുടർന്ന് വലിയ തുക മുടക്കുന്നതോടെ ആപ്പും സൈറ്റുമൊക്കെ പ്രവൃത്തിക്കാതെയാകും. അതുവരെ വിളിച്ചുകൊണ്ടിരുന്ന ഫോൺ നമ്പറുകൾ നിശ്ചലമാകും. ഇതാണ് കൂടുതൽ കുപ്രചാരം ലഭിച്ച തട്ടിപ്പ് രീതി. വാട്സാപ്പ്, ഇ മെയിൽ, ഫോൺ കാൾ, എസ്.എം.എസ് എന്നിവയിലൂടെ ലോട്ടറിയോ മറ്റ് വിലപിടിപ്പുള്ള സമ്മാന തുകയോ ലഭിച്ചെന്ന വ്യാജ സന്ദേശം ലഭിക്കും. തുടർന്ന് നിശ്ചിത തുക സർവീസ് ചാർജ് എന്ന വ്യാജേന ഇരകളിൽ നിന്ന് കൈപ്പറ്റും. സമ്മാന തുക ലഭിക്കില്ല. ഇതും പ്രധാന തട്ടിപ്പുകളിൽ ഒന്നാണ്. ഇ മെയിൽ, ഓൺലൈൻ പരസ്യങ്ങൾ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ വഴി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളുണ്ട്. ഇത് വിശ്വസിച്ച് നിക്ഷേപിക്കുന്നവരുടെ കൈയിലുള്ള പണം തട്ടിയെടുക്കും. ചുരുങ്ങിയ വിവരങ്ങൾ നൽകി വേഗത്തിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളുണ്ട്. ഈ ആപ്പുകളിൽ പലതും അമിത പലിശ നിരക്കുകളോ മറ്റ് ഫീസുകളോ ഈടാക്കും. വായ്പയെടുത്തവർ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെടുമ്പോൾഅപകീർത്തിപ്പെടുത്തലും ഭീഷണിയുമുൾപ്പെടെ പല തന്ത്രങ്ങളും നടത്തും.കെ.വൈ.സി, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ എന്നിവയുടെ പുതുക്കൽ/ കാലഹരണപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെടും. ഇത്തരത്തിൽ പണം നഷ്ടമായവരുണ്ട്.
ആരെയും കണ്ണടച്ച് വിശ്വസിക്കരുത്
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാമെന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്‌ക് നൽകിയത്
പൂർത്തീകരിച്ചാൽ പണം നൽകുമെന്ന് പറയുകയും ടാസ്‌ക് പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്‌ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.
ഇരകളിൽ പാസ്റ്റർ മുതൽ ബാങ്ക് മാനേജർ വരെ
ചികിത്സാ സഹായത്തിന്റെ പേരിൽ ഒരു പാസ്റ്ററിനെ കബളിപ്പിച്ച് പണം വാങ്ങിയ കേസും തൊടുപുഴയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ വ്യാജ ഐഡിയുണ്ടാക്കിയ ശേഷം കുട്ടി ആശുപത്രിയിലാണെന്നും പണം നൽകി സഹായിക്കണമെന്നും പാസ്റ്ററിന് സന്ദേശമയച്ചു. പാസ്റ്റർ ആദ്യം പണം അയച്ചു. രണ്ടാമതും പണം ചോദിച്ചപ്പോൾ സംശയം തോന്നിയ പാസ്റ്റർ സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലാകുന്നത്.
തട്ടിപ്പുകാരുടെ വലയിൽ വീണവരിൽ ബാങ്ക് മാനേജരുമുണ്ടൈന്നത് പൊലീസിനെ പോലും ഞെട്ടിച്ചു. പത്തനംതിട്ടയിലെ പ്രമുഖ ദേശസാത്കൃത ബാങ്കിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയാണ് ലോൺ തട്ടിപ്പിൽ വീണത്. ഒന്നര ലക്ഷം രൂപ ലോൺ തരാമെന്ന് പറഞ്ഞ് പലതവണയായി പ്രൊസസിംഗ് ഫീസെന്ന പേരിൽ മൂന്നര ലക്ഷം രൂപയാണ് ബാങ്ക് മാനേജരുടെ കൈയിൽ നിന്ന് തട്ടിപ്പ് സംഘം വാങ്ങിയെടുത്തത്. ഇത്രയും വലിയ തട്ടിപ്പിന് നിന്നു കൊടുത്തത് ബാങ്ക് മാനേജർ തന്നെയാണെന്ന് ഐഡന്റിറ്റി കാർഡ് കാണിച്ചപ്പോഴാണ് പൊലീസ് വിശ്വസിച്ചത്.
വിലപ്പെട്ടതാണ് ഗോൾഡൻ അവർ
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ പരിഭ്രാന്തരാകാതെ പരാതി നൽകിയാൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ഒരുമണിക്കൂറിനകം തന്നെ ( ഗോൾഡൻ അവർ) വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |