SignIn
Kerala Kaumudi Online
Saturday, 08 February 2025 6.48 AM IST

റാഗിംഗ് കുട്ടിക്കളിയല്ല

Increase Font Size Decrease Font Size Print Page
a

സംസ്ഥാനത്തെ കലാലയങ്ങളിൽ റാഗിംഗിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായിട്ടുള്ളത്. ക്യാമ്പസുകളിലെ റാഗിംഗ് വെറും കുട്ടിക്കളിയല്ല മറിച്ച് ഗൗരവമേറിയതാണ് എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. റാഗിംഗ് ചെയ്തതിന്റെ പേരിലുള്ള മനോവിഷമത്താലും ഭീഷണി ഭയന്നും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടി വരുന്നതായാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. റാഗിംഗ് നിയമപരമായി നിരോധിക്കപ്പെട്ടെങ്കിലും ഒരു വിഭാഗം വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം ദുഷ്പ്രവണതകൾ വേദനാജനകമാണ്. വിദ്യാർത്ഥിക്ക് ശാരീരികമായോ മാനസികമായോ ദോഷം വരുത്തുന്ന ഏത് പ്രവൃത്തിയും റാഗിംഗിന്റെ പരിധിയിൽ ഉൾപ്പെടും. രണ്ട് വർഷം വരെ തടവും 10,000 രൂപ പിഴയുമാണ് ഇതിന് നിയമാനുസൃതം ലഭിക്കാവുന്ന ശിക്ഷ.

എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിംഗിനെ തുടർന്ന് 15കാരൻ ഫ്ളാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത് ഈ അടുത്താണ്. മലപ്പുറം തിരുവാലിയിൽ ഇൻസ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ ക്രൂരമായി സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതും കഴിഞ്ഞ ദിവസമാണ്. പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന അമ്മു സജീവന്റെ ആത്മഹത്യയും റാഗിംഗിന്റെ ക്രൂരത വെളിവാക്കുന്ന സംഭവം നടന്നിട്ടും അധിക നാളയിട്ടില്ല. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതും കേരളം ഞെട്ടലോടെ തന്നെയാണ് കേട്ടത്.
2018ൽ 63 റാഗിംഗ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019ൽ കേസുകളുടെ എണ്ണം 43ലെത്തി. 2020, 2021, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 15, 14, 12 എന്നിങ്ങനെയാണ്. റാഗിംഗ് നടന്നതായി അധികൃതർക്ക് വിദ്യാർത്ഥികൾ പരാതി നൽകുമ്പോൾ ഇത് മറച്ച് വയ്ക്കുകയും അവഗണിക്കുകയും ചെയ്യുന്ന സ്ഥാപന അധികാരികളും ശിക്ഷയുടെ പരിധിയിൽ വരുന്നുണ്ട്. റാഗിംഗ് പരാതി ലഭിച്ചാൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. മാത്രമല്ല, മൂന്ന് വർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും ഇവർക്ക് പ്രവേശനം ലഭിക്കില്ല. ഭയവും ആശങ്കയും നാണക്കേടും പരിഭ്രമവും അധിക്ഷേപവും വരുത്തുന്ന പ്രവർത്തനങ്ങളെല്ലാം റാഗിംഗിന്റെ പരിധിയിൽപ്പെടും.

തുടർപഠനം

അവതാളത്തിൽ

റാഗിംഗുകളും ആക്രമണങ്ങളും കലാലയങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. നന്നായി പഠിക്കാൻ താത്പര്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസപരമായ വളർച്ചയെ ആയിരിക്കും ഇത് ദോഷകരമായി ബാധിക്കുന്നത്. കൂടാതെ റാഗിംഗ് കേസുകളിൽ പ്രതികളാവുന്ന വിദ്യാർത്ഥികളുടെ തുടർപഠനം അവതാളത്തിലാവും. കലാലയങ്ങളെ ലക്ഷ്യമിട്ട് മയക്കുമരുന്നുകളുടെയും കഞ്ചാവിന്റെയും വില്പന സജീവമാണ്.

ലഹരിക്കടിമപ്പെടുന്ന വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികളെ ആക്രമിക്കാനും റാഗിംഗിന് വിധേയരാക്കാനും രംഗത്ത് വരുന്നുണ്ട്. ലഹരിമരുന്നുകളുടെ നിത്യോപയോഗത്തിലൂടെ ഇവരുടെ മാനസികനില തന്നെ തകരാറിലാവും. മറ്റുള്ളവരെ ഉപദ്രവക്കാനും സ്വയം മുറിവേൽപ്പിക്കാനും ഇവർ മുന്നിട്ടിറങ്ങും. പഠിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം മറന്ന് മറ്റു കുട്ടികളെ പഠിക്കാൻ അനുവദിക്കാതെയാണ് ഇത്തരം വിദ്യാർത്ഥികൾ കലാലയങ്ങളിൽ വിഹരിക്കുന്നത്.

റാഗിംഗ്

നിരോധനം

1996 നവംബർ ആറിന് തമിഴ്നാട്ടിലെ ചിദംബരത്തുള്ള അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ രാജാ മുത്തയ്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി റാഗിംഗിനെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് റാഗിംഗ് നിരോധന നിയമം 2001ൽ ഇന്ത്യയിൽ പാസാക്കിയത്. 2009ൽ ധർമ്മശാലയിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥി അമൻ കച്റു റാഗിംഗ് മൂലം മരിച്ചത്തോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും റാഗിംഗ് വിരുദ്ധ നിയമം കർശനമായി പാലിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തോ അകത്തോ റാഗിംഗിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കുകയോ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ ശിക്ഷ ലഭിക്കാം. കൂടാതെ, കുറ്റക്കാരനായ വിദ്യാർത്ഥിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. മൂന്നുവർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും പ്രവേശനം നൽകില്ല.പരാതിയിൽ നടപടിയെടുക്കാത്ത സ്ഥാപനമേധാവിക്കെതിരെ പ്രേരണാക്കുറ്റം, പരാതി അവഗണിച്ചാൽ പ്രതിക്ക് നൽകുന്ന ശിക്ഷകിട്ടും.
പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പൊലീസ് ഇൻസ്‌പെക്ടറും അടങ്ങിയ റാഗിംഗ് വിരുദ്ധ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിക്കണമെന്ന യു.ജി.സി നിർദ്ദേശം നടപ്പായിട്ടില്ല. റാഗിംഗിനെതിരെ കേരളത്തിൽ ശക്തമായൊരു നിയമമുണ്ട്. 1998 ൽ വന്ന കേരള റാഗിംഗ് നിരോധന നിയമം. സാമൂഹിക വിപത്തായ റാഗിംഗിന് എതിരെ കേരള നിയമസഭ കൊണ്ടുവന്ന നിയമമാണ് 'കേരള റാഗിംഗ് നിരോധന നിയമം 1998 '. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം അതിക്രമം തടയുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. ആകെ 9 വകുപ്പുകൾ മാത്രമേ ഈ നിയമത്തിൽ പറയുന്നുള്ളൂ എങ്കിലും അതിൽ വളരെ ശക്തമായ നിബന്ധനകളും നിയന്ത്രണങ്ങളുമുണ്ട്. എന്നിട്ടും അത്തരം അതിക്രമങ്ങൾ എന്തുകൊണ്ട് വീണ്ടും വീണ്ടും ആവർത്തിക്കുന്നു എന്ന ചോദ്യത്തിന് ആരാണ് ഉത്തരം നൽകേണ്ടത്…!

പല കോളേജ് അധികൃതരും സംഭവം മറച്ച് വയ്ക്കുന്നത് റാഗ് ചെയ്യുന്ന സംഘങ്ങൾക്ക് പ്രചോദനമാകുന്നത് വിനയാകുമെന്നതാണ് വാസ്തവം. റാഗിംഗ് മൂലം മാനസികമായി തകർന്നവരുണ്ട്, സ്വയം ജീവനൊടുക്കിയവരുണ്ട്, കൊല്ലപ്പെട്ടവരുണ്ട്, ശാരീരിക ക്ഷതമേറ്റവരുണ്ട്. റാഗിംഗിന്റെ പേരിൽ ഇനി ഒരാൾക്കും ജീവനും ജീവിതവും നഷ്ടമാകാതിരിക്കാൻ നിയമം കർശനമായി നടപ്പാക്കിയേ തീരൂ. റാഗിംഗ് ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ ബോധവത്കരണം കലാലയങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായി നടപ്പാക്കണം. വിടരും മുമ്പേ കൊഴിഞ്ഞ് പോകാൻ ഒരാളെയും അനുവദിക്കാതിരിക്കാൻ നമുക്ക് കൈകോർക്കാം...നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാം.

TAGS: RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.