തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയ ശ്രീനാരായണഗുരുവിനെ സംബന്ധിച്ച പാഠഭാഗങ്ങൾ പുനഃസ്ഥാപിക്കുകയും വിപുലമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകി. മൂന്നാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ മുൻനിറുത്തിയാണ് അഡ്വ.ടി.കെ.ശ്രീനാരായണദാസ് നിവേദനം നൽകിയത്.
മലയാളം, സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിൽ ശ്രീനാരായണദാസ് കൂടി ഉൾപ്പെട്ട കരിക്കുലം സ്റ്രിയറിംഗ് കമ്മിറ്രിയാണ് ഗുരുപഠനം സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. 3-ാം ക്ലാസിൽ 'മുമ്പേ നടന്നയാൾ' എന്ന പാഠഭാഗവും 5-ാം ക്ലാസിൽ പ്രൊഫ.എം.കെ.സാനുവിന്റെ 'കണ്ടാലറിയാത്തത്', 6-ാം ക്ലാസിൽ കെ.ദാമോദരന്റെ 'ഒരു കെട്ടുകല്യാണം', 7-ാം ക്ലാസിൽ ലളിതാംബിക അന്തർജനത്തിന്റെ 'കൈയ്യെത്താ ദൂരത്ത്' എന്നീ പാഠങ്ങളും 7ാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിൽ ശ്രീനാരായണ ഗുരുവിന്റെ ലഘുജീവചരിത്രവും വിദ്യയും വിത്തവും എന്ന ശീർഷകത്തിൽ ചട്ടമ്പിസ്വാമിയെ കുറിച്ചുള്ള ഹ്രസ്വവിവരണവും ഉൾപ്പെടുത്തിയിരുന്നു. 12-ാം ക്ലാസിലെ പാഠപുസ്തകത്തിൽ ദൈവദശകം വ്യാഖ്യാനിച്ച് കുറിപ്പ് തയ്യാറാക്കാനും 11-ാം ക്ലാസിൽ അനുകമ്പ എന്ന ശീർഷകത്തിൽ അനുകമ്പാദശകവും 8,9,10 ക്ലാസുകളിലെ പഠനപ്രവൃത്തികളിൽ ആത്മോപദേശ ശതകത്തിലെ ചില വരികളും ഉണ്ടായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തെ തുടർന്നാണ് ഗുരുപഠനം സംബന്ധിച്ച പാഠഭാഗങ്ങൾ ഒഴിവാക്കിയത്. ശ്രീനാരായണഗുരു മനുഷ്യരാശിക്ക് നൽകിയ അനശ്വരമായ വെളിച്ചവഴികളുടെ ദിശാസൂചകങ്ങളായിരുന്നു ആ പാഠഭാഗങ്ങൾ. പ്രശ്നം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ശ്രീനാരായണദാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |