തിരുവനന്തപുരം: എം.എൽ.എ ഫണ്ടിന് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എയ്ഡഡ് സ്കൂളുകളെ സഹായിക്കുന്നതിന് വിഘാതമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ബിഷപ്പ് പെരേര ഹാളിൽ പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
നിയന്ത്രണങ്ങളിൽ ഭേദഗതി വേണമെന്ന് പലതവണ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് എം.എൽ.എ ഫണ്ടും എം.എൽ.എ ആസ്തിവികസന ഫണ്ടും ഉപയോഗിച്ച് സർക്കാർ - എയ്ഡഡ് വ്യത്യാസമില്ലാതെ സ്കൂളുകളെ സഹായിക്കാൻ കഴിഞ്ഞിരുന്നു. എം.പി ഫണ്ടിന് ഈ പരിമിതിയില്ല. എയ്‌ഡഡ് സ്കൂളുകളേയും ഗവൺമെന്റ് സ്കൂളുകളേയും പൊതുവിദ്യാലയങ്ങളായി കാണണം.
ഭിന്നശേഷിസംവരണം വേണ്ടതുതന്നെയാണ്. എന്നാൽ ഭിന്നശേഷി നിയമനത്തിന് ആളില്ലെങ്കിൽ മറ്ര് നിയമനം നടക്കേണ്ട എന്നത് എന്ത് യുക്തിയാണ്. ഭിന്നശേഷിക്കാരെ കിട്ടുമ്പോൾ നിയമനം നടത്തണം.
ഭിന്നശേഷി സംവരണം പാലിച്ചിട്ടും ബാക്കി നിയമനത്തിന് അംഗീകാരം ലഭിക്കാത്ത സ്കൂളുകളുണ്ട്. വേക്കൻസിയുള്ളിടത്ത് നിയമനം നടത്തണം.
ഖാദർ കമ്മിറ്റിയുടെ ഇന്റേണൽ റിപ്പോർട്ട് കിട്ടിയപ്പോൾത്തന്നെ നടപ്പാക്കൽ ആരംഭിച്ചു. ഫൈനൽ റിപ്പോർട്ട് വരാതെ, മുന്നൊരുക്കമില്ലാതെ ഖാദർകമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയാൽ അഞ്ചുവർഷം കൊണ്ടും തീരാത്ത പ്രശ്നങ്ങൾക്കാവും തുടക്കമാവുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
സമ്മേളനം ഓൺലൈനായി മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം സ്വാഗതവും ട്രഷറർ എസ്.രാധാകൃഷ്‌ണൻ പാലക്കാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |