പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ പത്മശ്രീ ഡോ. ബി.രവിപിള്ളയ്ക്ക് ബെഹ്റിൻ സർക്കാരിന്റെ പരമോന്നത ബഹുമതികളിലൊന്നായ മെഡൽ ഒഫ് എഫിഷ്യൻസി ഫസ്റ്റ് ക്ലാസ് ലഭിച്ചിരിക്കുകയാണ്. ആദ്യമായാണ് ബെഹ്റിൻ സ്വദേശിയല്ലാത്ത ഒരു വ്യക്തിക്ക് ഈ ബഹുമതി ലഭിക്കുന്നത്. വന്നവഴി മറക്കാത്ത രവി പിള്ളയുടെ ജീവിതം ബിസിനസ് രംഗത്തെന്നല്ല, ഏതു മേഖലയിലും വിജയം ആഗ്രഹിക്കുന്നവർക്ക് പഠിക്കാനേറെയുള്ള ഒരു പാഠപുസ്തകമാണ്. രവിപിള്ളയുമായുള്ള സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ:
മോസ്റ്റ് എഫിഷ്യന്റായി പ്രവർത്തിക്കുന്നതിന്റെ രഹസ്യം?
2000- ത്തിലാണ് ബെഹ്റിനിൽ താമസമായത്. നമ്മൾ ഒരുകാര്യം ഏറ്റെടുത്താൽ സമയത്ത് ചെയ്തുതീർക്കുക പ്രധാനമാണ്. ഏറ്റവും കൂടുതൽ ബെഹ്റിനികൾക്ക് പരിശീലനം നൽകി ജോലി കൊടുത്തു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ബെഹ്റിനികൾക്ക് ഏറ്റവും കൂടുതൽ ജോലി കൊടുത്തത് ആർ.പി ഗ്രൂപ്പാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അലൂമിനിയം സ്മെൽറ്റർ സമയബന്ധിതമായി പൂർത്തിയാക്കി. അതിൽ നിന്ന് ബെഹ്റിൻ സർക്കാരിന് വലിയ വരുമാനം ലഭിക്കുന്നു. 19 വർഷത്തിനു ശേഷം ആദ്യമായി അവിടെ ഒരു റിഫൈനറി നിർമ്മിച്ചു. അത് പൂർത്തിയായിട്ട് ഒരുമാസമേ ആയുള്ളൂ.
ബെഹ്റിൻ സർക്കാരിന് പ്രിയങ്കരനാണല്ലോ?
മെഡൽ ഒഫ് എഫിഷ്യൻസി ഫസ്റ്റ് ക്ലാസ് സംബന്ധിച്ച് ബെഹ്റിൻ സർക്കാരിന്റെ മുൻകൂട്ടിയുള്ള അറിയിപ്പുകളൊന്നുമില്ലായിരുന്നു. ബെഹ്റിൻ ദേശീയദിനാഘോഷ ചടങ്ങിന് നിർബന്ധമായി ഉണ്ടാകണമെന്ന് പറഞ്ഞു. ആ ചടങ്ങിൽ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം.
പുരസ്കാരലബ്ധിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹാദരത്തെ എങ്ങനെ കാണുന്നു ?
ജന്മനാട്ടിൽ നിന്നു കിട്ടുന്ന ആദരവാണ് ഏറ്റവും വലുത്. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും കക്ഷി രാഷ്ട്രീയ, ജാതി ഭേദമില്ലാതെ എല്ലാവരും ഒരുമിച്ചാണ് സ്നേഹാദരവ് സമ്മാനിച്ചത്. അതിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
കോളേജിൽ പോകുമ്പോൾ ദിവസവും വണ്ടിക്കൂലിയായി അച്ഛനിൽ നിന്ന് ലഭിച്ചിരുന്ന 20 പൈസയാണ് ആദ്യമായി കൈയിൽ ലഭിച്ചത്. അവിടെ നിന്ന് ശതകോടീശ്വരനായി മാറി. തിരിഞ്ഞുനോക്കുമ്പോൾ?
കഷ്ടപ്പെട്ടാലെ വിജയം ഉണ്ടാവുകയുള്ളൂ. പ്രയാസം മനസിലാക്കണം. അന്ന് കൃഷിപ്പണിക്ക് വീട്ടിൽ പത്തും ഇരുപതും തൊഴിലാളികൾ ഉണ്ടാകുമായിരുന്നു. അവർക്കൊപ്പം ജോലി ചെയ്യുമായിരുന്നു. കർഷകരുടെ പ്രയാസങ്ങൾ അന്ന് കണ്ടറിഞ്ഞു. അന്നേ സ്വന്തമായി ബസിനസ് തുടങ്ങണമെന്ന ആഗ്രഹമുണ്ടായി. ഒരിക്കലും ആരുടെയും കീഴിൽ ജോലിക്ക് പോകരുതെന്നും തീരുമാനിച്ചു. അതിനനുസരിച്ച് പഠിക്കാൻ തുടങ്ങി.
ഈ നിലയിൽ എത്തിയതിന്റെ കാരണമായി സ്വയം ചിന്തിക്കുന്നതെന്താണ്?
ആത്മവിശ്വാസം ഉണ്ടാകണം. എങ്കിലേ വളരാൻ കഴിയൂ. എവിടെ പോയാലും ജീവിക്കുമെന്ന വിശ്വാസം എങ്ങനെയോ എനിക്കുണ്ടായി. ഒപ്പം ഈശ്വരാനുഗ്രഹവും. നമ്മൾ എന്തു വിചാരിച്ചാലും ഈശ്വരാനുഗ്രഹവും ഉണ്ടാകണം.
മുതലാളിയും തൊഴിലാളിയും താങ്കൾ തന്നെയായിരുന്ന രവി ചിറ്റ്സ് ആയിരുന്നല്ലോ പഠനകാലത്ത് തുടങ്ങിയ ആദ്യ സംരംഭം. ഇന്നിപ്പോൾ ഒന്നരലക്ഷത്തോളം ജീവനക്കാരുള്ള പ്രസ്ഥാനത്തിന്റെ നായകനാണ്. ഈ യാത്രയെ എങ്ങനെ കാണുന്നു?
ഏത് ബിസിനസിലും നമ്മൾ സമയം ചെലവഴിക്കണം. തുടങ്ങും മുമ്പേ സൂക്ഷ്മമായി പഠിക്കുകയും വേണം. ആരെയെങ്കിലും ഏൽപ്പിച്ചാൽ നടക്കില്ല. ഇത് പഠനകാലത്തു തന്നെ ഞാൻ മനസിലാക്കി. 21 വയസുള്ളപ്പോഴാണ് രവി ചിറ്റ്സ് ആരംഭിച്ചത്. നൂറു രൂപയ്ക്ക് ആറ് ശതമാനം പലിശ നിരക്കിൽ പതിനായിരം രൂപ കടം വാങ്ങിയാണ് ബിസിനസ് തുടങ്ങിയത്. അത് നൂറു രൂപയ്ക്ക് 10 ശതമാനം പലിശയ്ക്ക് കച്ചവടക്കാർക്ക് വായ്പ നൽകി. നൂറു രൂപയ്ക്ക് നാല് രൂപ മാത്രമായിരുന്നു മിച്ചം. കോളേജിലെ ക്ലാസ് കഴിഞ്ഞ് വൈകിട്ടു പോയാണ് രാവിലെ കൊടുക്കുന്ന പൈസ പിരിച്ചിരുന്നത്. കച്ചവടക്കാർ പലരും പ്രയാസക്കാരായിരുന്നു. വൈകിട്ട് ചെല്ലുമ്പോൾ അവരിൽ പലരും മാറിനിൽക്കുമായിരുന്നു. കാത്തുനിന്നും വീണ്ടും ചെന്നുമൊക്കെയാണ് പണം തിരികെ വാങ്ങിയിരുന്നത്. അവരുടെ ബുദ്ധിമുട്ടുകളൊക്കെ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുമായിരുന്നു.
ഇപ്പോൾ ഒന്നരലക്ഷത്തിലധികം പേർ ഒപ്പം ജോലി ചെയ്യുന്നുണ്ടല്ലോ, അവരെ ഒരു കുടുംബമായാണ് താങ്കൾ കാണുന്നതെന്ന് കേട്ടിട്ടുണ്ട്?
അടുത്തിടെ ഞങ്ങളുടെ വാർഷികം ഉണ്ടായിരുന്നു. അന്ന് ജീവനക്കാർ എന്റെ കൈയിൽ നവഗ്രഹങ്ങളുടെ ഒരു ബ്രേസ് ലെറ്റ് അണിയിച്ചു. അത്രത്തോളം ആത്മബന്ധമാണ്.
തൊഴിലാളി മുതൽ ഉന്നത ഉദ്യോഗസ്ഥരെ വരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം?
ആദ്യമൊക്കെ ഞാൻ തന്നെ പോയി ഇന്റർവ്യൂ ചെയ്യുമായിരുന്നു. ഒരാൾ നടന്നുവരുമ്പോൾത്തന്നെ അയാളെക്കുറിച്ച് മനസിലാക്കാൻ കഴിയും. 41 വർഷമായി എന്റെ കൂടെ ജോലി ചെയ്യുന്നവരുണ്ട്. അവരുടെ മക്കളൊക്കെ ഡോക്ടർമാരും എൻജിനിയർമാരുമായി. ആർ.പി ഗ്രൂപ്പിനോട് എന്നേക്കാൾ ആത്മാർത്ഥത അവർക്കുണ്ട്. എല്ലാ ജീവനക്കാർക്കും നല്ല താമസസ്ഥലവും, നല്ല ഭക്ഷണവും, മികച്ച ശമ്പളവുമാണ്.
അടുത്തിടെ ഒരു സ്കോളർഷിപ്പ് പ്രഖ്യാപിച്ചല്ലോ, അത് ഏതു രീതിയിലാണ് നടപ്പാക്കുന്നത്?
സംസ്ഥാന സർക്കാരുമായി ചേർന്ന് 50 വർഷത്തേക്ക് 525 കോടിയുടെ പ്രോജക്ടാണ്. ഞാൻ ജനിച്ചത് സെപ്തംബറിലാണ്. അതുകൊണ്ട് ഈ സെപ്തംബറിൽ തുടങ്ങും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മികച്ച മാർക്ക് വാങ്ങുന്ന 1500 സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി ഓരോ വർഷവും തുക നൽകും. അർഹരായവരെ തിരഞ്ഞെടുക്കുക സംസ്ഥാന സർക്കാരും ഞങ്ങളും കൂടി ചേരുന്ന കമ്മിറ്റിയാകും.
ആദ്യം ബെഹ്റിനിൽ എത്തിയ ശേഷമുള്ള അനുഭവം എങ്ങനെയായിരുന്നു.?
1978-ൽ സൗദിയിലെ അൽകോബാറിലാണ് ആദ്യം ബിസിനസ് തുടങ്ങിയത്. കൊച്ചിൻ റിഫൈനറിയിൽ നിന്ന് ഓയിൽ റിഫൈനറി കൺസ്ട്രക്ഷൻ പഠിച്ചിരുന്നു. പിന്നീട് റിയാദ്, കുവൈറ്റ്, അബുദാബി, ഖത്തർ അടക്കം എല്ലായിടത്തും ബിസിനസ് ചെയ്തിട്ടുണ്ട്. അവിടങ്ങളിൽ ഏറ്റവും വലിയ റിഫൈനറിയും ഗ്യാസ് പ്ലാന്റും ചെയ്തത് ആർ.പി ഗ്രൂപ്പാണ്. അതിനായി ജോലിയെടുത്തതിലേറെയും മലയാളികളാണെന്നതാണ് ഏറ്റവും വലിയ സന്തോഷം. തുടങ്ങിയ സമയത്ത് ഇന്ത്യക്കാർ ഒട്ടുമില്ലായിരുന്നു. ആദ്യം ഖത്തറിൽ വലിയ വർക്കുകൾ കിട്ടുമ്പോൾ ഇന്ത്യക്കാരെക്കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ഫിലിപ്പൈൻസിനെയോ മറ്റ് രാജ്യക്കാരെയോ കൊണ്ടുവരണമെന്ന് പറഞ്ഞു. അന്ന് ഇന്ത്യക്കാർ അതൊരു ചലഞ്ചായി ഏറ്റെടുത്ത് വിജയിപ്പിച്ചു.
ഇപ്പോൾ ഉയർന്ന പദവികളിലേക്കാണോ ഇന്ത്യക്കാരെ പ്രധാനമായും എടുക്കുന്നത് ?
ഇപ്പോൾ 15,000 എൻജിനിയർമാരെ പുതുതായി ഞങ്ങൾ എടുത്തു. ജപ്പാൻ, കൊറിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമായി ചേർന്നാണ് ഇന്ത്യക്കാർ ജോലി ചെയ്യുന്നത്. ഇന്ത്യക്കാർ ഒരിക്കലും തോറ്റുകൊടുക്കാൻ തയ്യാറാകില്ല. ഏറ്റവും കൂടുതൽ അദ്ധ്വാനിക്കുന്നത് മലയാളികളാണ്. ഇപ്പോൾ തൊഴിലാളികളായി മലയാളികൾ കുറവാണ്. നേപ്പാൾ, ബീഹാർ, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് തൊഴിലാളികൾ കൂടുതലും.
ഗൾഫിൽ തൊഴിൽ അവസരങ്ങൾ കുറയുന്നുണ്ടോ?
അടുത്ത ഇരുപത്തിയഞ്ച് വർഷം വരെ ഇപ്പോഴത്തേതു പോലെ തൊഴിൽ അവസരങ്ങൾ തുടരും. ആർ.പി ഗ്രൂപ്പ് വൈകാതെ 25,000 പേർക്കു കൂടി ജോലി നൽകും.
പുതിയ പ്രോജക്ടുകൾ?
രണ്ട് പുതിയ റിഫൈനറി പ്രോജക്ടുകൾ വൈകാതെ സൈൻ ചെയ്യും. ദുബായിൽ 110 മീറ്റർ ഉയരമുള്ള പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 1200 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്.
കേരളത്തിൽ പുതിയ പദ്ധതി?
കേരളത്തിൽ രണ്ട് മൂന്ന് പ്രോജക്ടുകൾ ആലോചനയിലുണ്ട്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ അതിലൊന്നാണ്. തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാകും. അതിന്റെ രൂപരേഖ തയ്യാറാക്കി വരികയാണ്. 18 മാസത്തിനകം പണി തീരും.
ജീവിതത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ ?
1999-ലെ ഗൾഫ് യുദ്ധകാലത്ത് ജീവനക്കാരെല്ലാം ഭയന്നു. അവരെ മടക്കി അയയ്ക്കുന്നത് വലിയ പ്രതിസന്ധിയായിരുന്നു. നിക്ഷേപിച്ച പണം എടുക്കാൻ പറ്റാത്ത അവസ്ഥയായി. പ്രത്യേക ഫ്ളൈറ്റ് ചാർട്ടർ ചെയ്താണ് ജീവനക്കാരെ കയറ്റി അയച്ചത്. കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈശ്വരാനുഗ്രഹത്താൽ അതിനെയും അതിജീവിച്ചു. പക്ഷെ, ഏറെ വേണ്ടപ്പെട്ട പലരെയും കൊവിഡ് കവർന്നെടുത്തു. അതിന്നും ദുഃഖമായി തുടരുന്നു.
മുന്നോട്ടു നയിക്കുന്ന ശക്തി എന്താണ് ?
എന്റെ ഒപ്പം നിൽക്കുന്ന ജീവനക്കാരും ഈശ്വരാനുഗ്രഹവും
ആദ്യം കാർ വാങ്ങിയത് എപ്പോഴാണ്?
ഗൾഫിലെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോൾ, ഒരു സൗദി സ്വദേശി ഹോണ്ട കാർ കാണിച്ചിട്ട്, വില നൽകിയാൽ ഇപ്പോൾ തരാമെന്നു പറഞ്ഞു. ഇന്ത്യക്കാരുടെ കൈയിൽ പണമില്ലെന്നാണ് അദ്ദേഹം കരുതിയത്. ഞാൻ അപ്പോൾത്തന്നെ പണം നൽകി ആ കാർ വാങ്ങി. ആദ്യമായി വാങ്ങിയ കാർ അതാണ്. പിന്നീട് ഒരുമിച്ച് നാല് റോൾസ് റോയിസ് ബുക്ക് ചെയ്തിട്ടുണ്ട്. റോൾസ് റോയ്സ് ആണ് ഏറ്റവും ഇഷ്ടം. ഈ വർഷം റോൾസ് റോയിസിന്റെ നൂറാം വർഷികമാണ്. അതുപ്രമാണിച്ച് ലോകത്ത് പത്ത് പ്രത്യേക കാർ നിർമ്മിക്കുന്നുണ്ട്. അതിലൊന്ന് എനിക്കാണ്.
വിമാനം വാങ്ങിയല്ലോ?
ഗൾഫ് സ്ട്രീം. അത് ഉടൻ ലഭിക്കും. ഹെലികോപ്ടർ നേരത്തെ വാങ്ങിയിരുന്നു.
ഏറ്റവും കൂടുതൽ സന്തോഷം എന്തിലാണ് ?
കൂടുതൽ പേർക്ക് ജോലി നൽകുന്നതിലാണ് ഏറ്റവും വലിയ സന്തോഷം. ജീവനക്കാരുമായി ആശയവിനിമയം നടത്തിയിരിക്കുന്നതും ഏറെ സന്തോഷമാണ്. ഞാൻ താമസിക്കുന്നത് കൂടുതലും ദുബായിലോ ബെഹ്റിനിലോ ആണ്. തിരക്കു കഴിയുമ്പോൾ എല്ലാം മറക്കാനായി ഒരു സിനിമ കാണും. അതൊരു സന്തോഷമാണ്. തമാശപ്പടങ്ങളും നല്ല കഥകളുള്ള ചിത്രങ്ങളുമാണ് ഇഷ്ടം.
ജീവിതത്തിന്റെ ഫിലോസഫി എന്താണ് ?
കള്ളം പറയാൻ പാടില്ല. കമ്മിറ്റ്മെന്റ് പ്രധാനമാണ്. ഞാൻ ഒരു കാര്യം ഏറ്റാൽ തീർച്ചയായും ചെയ്തിരിക്കും. ഏതു രാജ്യത്തായാലും അവിടത്തെ നിയമങ്ങൾക്ക് അനുസരിച്ചേ ബിസിനസ് നടത്താറുള്ളൂ. സമയനിഷ്ഠ പാലിക്കണം. ജപ്പാൻകാരിൽ നിന്നാണ് ഞാനത് പഠിച്ചത്. കേരളത്തിൽ വിവാഹത്തിന്റെ മുഹൂർത്തം മാത്രമേ കൃത്യമായി പാലിക്കാറുള്ളൂ. അതിനൊരു അപവാദമാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സമയനിഷ്ഠയുടെ കാര്യത്തിൽ അദ്ദേഹം കർക്കശക്കാരനാണ്.
ആത്മീയ ചിന്തയുണ്ടോ?
ഈശ്വരവിശ്വാസിയാണ്. എല്ലാ ദൈവങ്ങളും ഒന്നാണ്. പ്രാർത്ഥനയ്ക്ക് ശക്തിയുണ്ട്. നല്ലതു ചെയ്താൽ അനുഗ്രഹമുണ്ടാകും. ദുഷ്ടചിന്ത എന്റെ മനസിലുണ്ടാകാറില്ല.
സിനിമയിൽ സജീവമാകുന്നുണ്ടോ ?
സിനിമാ നിർമ്മാണം ആലോചനയിലില്ല. അന്തരിച്ച മുൻ എം.എൽ.എ, എന്റെ ബന്ധുകൂടിയായ വിജയൻപിള്ളയുമായി ചേർന്ന് നേരത്തെ ഒരു സിനിമ നിർമ്മിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോൾ ഓരോ സിനിമ ഇറങ്ങുമ്പോഴും ആദ്യ ദിവസം തന്നെ മാറ്റിനിക്കു പോയി കാണുമായിരുന്നു.
താങ്കൾ അവധിയെടുക്കാറില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ടല്ലോ ?
അങ്ങനെ അവധിയെടുക്കാറില്ല. ബിസിനസ് ആവശ്യങ്ങളുമായി ഓരോ രാജ്യങ്ങളിലും പോകുമ്പോൾ ഒരു ദിവസം കൂടി അധികം തങ്ങും. അന്ന് കുടുംബവുമൊത്ത് അവിടമാകെ ചുറ്റിക്കാണും. രാവിലെ അഞ്ചരയ്ക്ക് ഉണരും. രാത്രി പത്തര വരെ ജോലി ചെയ്യും. അതിനിടയ്ക്ക് മീറ്റിംഗുകൾ ഉണ്ടാകും. ഉച്ചയ്ക്ക് ഒരു മണിക്കൂർ വിശ്രമിക്കും.
ഒരുപാട് സഞ്ചരിച്ചിട്ടുണ്ടല്ലോ, ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ?
ഓരോ രാജ്യത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. യൂറോപ്യൻ രാജ്യങ്ങളും ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇഷ്ടമാണ്. കേരളത്തിൽ ഏറ്റവും ഇഷ്ടം കൊല്ലമാണ്. കോവളത്തെ ലീലാ റാവിസ് ഇഷ്ടമാണ്. അവിടെയിരുന്ന് കടൽ നോക്കിയാൽ എല്ലാം മറന്ന് മനസ് ശാന്തമാകും. ഡൽഹി പോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊല്ലത്തെയും കോവളത്തെയും എയർ ക്വാളിറ്റി ഇൻഡക്സ് മികച്ചതാണ്. അതുകൊണ്ടു തന്നെ സമയം കിട്ടുമ്പോഴെല്ലാം കൊല്ലത്തേക്കും കോവളത്തേക്കും വരാനാണ് ആഗ്രഹം.
ടൂറിസമാണോ കേരളത്തിന്റെ ഭാവി?
അതെ. നമുക്ക് ഭൂമിയില്ല. തൊഴിൽശക്തിയില്ല. പക്ഷെ നല്ല പച്ചപ്പുണ്ട്. ഇഷ്ടം പോല കടലും പുഴകളുമുണ്ട്. അത് പ്രയോജനപ്പെടുത്താൻ പറ്റും. അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വിദേശികൾ വരുന്നത് കേരളത്തിലേക്കാണ്. കേരളത്തിൽ ഞങ്ങൾക്ക് ഹോസ്പിറ്റാലിറ്റി രംഗത്ത് നേരത്തെ ബിസിനസ് കുറവായിരുന്നു. ഇപ്പോൾ ബിസിനസ് ഇരട്ടിയായി.
കേരളത്തിൽത്തന്നെ ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നില്ലേ?
തുടക്കത്തിൽ ഞാൻ പറഞ്ഞിരുന്നത് വിദേശത്തു പോകില്ലെന്നാണ്. ഇവിടെത്തന്നെ ബിസിനസ് ചെയ്ത് പൈസ ഉണ്ടാക്കാമെന്ന അഹങ്കാരമായിരുന്നു. വെള്ളൂർ ന്യൂസ് പ്രിന്റിന്റെ വർക്ക് ചെയ്യുമ്പോൾ ഇഷ്ടം പോലെ ജോലി കിട്ടുമായിരുന്നു. പക്ഷെ ശത്രുതയുള്ളവർ തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കി. അങ്ങനെയാണ് ഗൾഫിലേക്ക് പോയത്. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഗൾഫിൽ പോയത് മഹാഭാഗ്യമായി കരുതുന്നു.
കേരളം ഒരുപാട് മാറിയോ?
കേരളം ഇപ്പോൾ മാറുന്നുണ്ട്. പക്ഷെ ഇവിടെ എന്തു ചെയ്യും? ടൂറിസവും ഐ.ടിയുമല്ലാതെ മറ്റ് വ്യവസായങ്ങൾക്കുള്ള സാദ്ധ്യത കുറവാണ്. ഫാക്ടറികൾക്ക് ഭൂമി കിട്ടാനില്ല. മാൻപവറിന് യു.പിയെയും ബീഹാറിനെയും ആശ്രയിക്കണം. യു.പിയിലും ബീഹാറിലും മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഭാവിയിൽ മാൻപവറും പ്രതിസന്ധിയിലാകും.
വികസനത്തിൽ രാഷ്ട്രീയം പാടില്ല. വികസനം ഉണ്ടായാലേ ഏതു സംസ്ഥാനത്തും മാറ്റമുണ്ടാകൂ. ഇവിടെ വിവാദം മാത്രമേയുള്ളു. വികസനത്തിനു വേണ്ടി ആരും ഒരുമിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. ഇവിടെ ഒരു അപേക്ഷ കൊടുത്താൽ അതെങ്ങനെ തടയാമെന്നാണ് ഗവേഷണം. ലോകത്ത് എവിടെ പോയാലും ബിസിനസ് ഫ്രണ്ട്ലിയാണ്. മുഖ്യമന്ത്രിയും മന്ത്രിയും ഫസ്റ്റ് സെക്രട്ടറിയും വരെ ഓക്കെ ആണ്. താഴെത്തട്ടിലാണ് പ്രശ്നം. ജീവനക്കാരെ ബോധവാന്മാരാക്കണം. അപേക്ഷകൾ തീർപ്പാക്കുന്നതിന് സമയം നിശ്ചയിക്കണം.
കേരളത്തിൽ ഇപ്പോഴുള്ള ഡ്രൈ ഡേ ടൂറിസത്തിന് തിരിച്ചടിയാണോ?
ഡ്രൈ ഡേ തെറ്റായ തീരുമാനമാണ്. അത് ലഹരി തടയാനുള്ള വഴിയല്ല. മാറ്റണം.
അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓർമ്മകൾ
അച്ഛൻ ഒരുപാട് നിലമുള്ള നല്ല കർഷകനായിരുന്നു. അമ്മ കാണപ്പെട്ട ദൈവമാണ്. അമ്മയോടായിരുന്നു ഏറ്റവും കൂടുതൽ സ്നേഹം. എല്ലാ ദിവസവും അച്ഛൻ, അമ്മ, അമ്മൂമ്മമാർ, അപ്പൂപ്പന്മാർ ഇവരെയോർത്ത് പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥിക്കുമ്പോൾ ഒന്നും ആവശ്യപ്പെടില്ല.
ഒരുപാട് രാഷ്ട്രീയ സൗഹൃദങ്ങളുണ്ടല്ലോ?
രാഷ്ട്രീയക്കാരുമായുള്ള സൗഹൃദം കാര്യങ്ങൾ സാധിക്കാനല്ല. രാഷ്ട്രീയക്കാരിൽ നിന്ന് പലതും പഠിക്കാനുണ്ട്. അവർ വലിയ ബുദ്ധിശാലികളാണ്. രാഷ്ട്രീയത്തിലെ 95 ശതമാനം ആളുകളും നല്ലവരാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ രാഷ്ട്രീയക്കാരുടെ പിന്തുണ അനിവാര്യമാണ്.
ചുമതലകൾ പുതുതലമുറയ്ക്ക് കൈമാറിയിട്ടുണ്ടോ?
ഞാൻ ഇപ്പോഴും 25 വയസുകാരനാണ്. ഇനിയും ഒത്തിരി ജോലി ചെയ്യണമെന്ന ആഗ്രഹമാണ്. ആർ.പി ഫൗണ്ടേഷൻ കേരളത്തിൽ പ്രഖ്യാപിച്ച സ്കോളർഷിപ്പ് പദ്ധതിയുടെ ചുമതല മകൻ ഗണേശിനും മകൾ ഡോ. ആരതിക്കുമാണ്. ഇന്ധന, വാതക ഖനന പ്ലാന്റുകളുടെ നിർമ്മാണ രംഗത്ത് മികവു തെളിയിച്ച കമ്പനികൾ കുറവാണ്. ആർ.പി ഗ്രൂപ്പ് ഇക്കാര്യത്തിൽ ലോകത്ത് നമ്പർ വണ്ണാണ്. അത് നിലനിറുത്തണം. മകനും മകളും ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ട്.
ജീവിതത്തിൽ ഭാര്യയുടെ സ്ഥാനം?
വിവാഹം കഴിഞ്ഞിട്ട് 41 വർഷമായി. എല്ലാകാര്യങ്ങളിലും ഭാര്യ ഗീതയുടെ പിന്തുണയുണ്ട്. ഒരു കാര്യത്തിലും നെഗറ്റീവ് പറയില്ല. പോസിറ്റീവായേ സംസാരിക്കൂ. ജീവിത വിജയത്തിന് ഭാര്യയും ഭർത്താവും ഒരുമിച്ചു പോകേണ്ടത് അനിവാര്യമാണ്. രാത്രി ജോലി കഴിഞ്ഞ് ചെല്ലുമ്പോൾ വഴക്കടിച്ച് തലവേദനയുണ്ടാക്കാതെ നമ്മളെ പോസിറ്റീവായി പിന്തുണയ്ക്കണം. അക്കാര്യത്തിൽ ഞാൻ നൂറുശതമാനം ഭാഗ്യവാനാണ്.
കാരുണ്യ പ്രവർത്തനങ്ങൾ?
കാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ആർ.പി ഫൗണ്ടേഷന് ഒരു കമ്മിറ്റിയുണ്ട്. പണം എത്രയുണ്ടാക്കിയെന്നതല്ല, എത്ര പേരെ ജീവിതത്തിൽ സഹായിച്ചു എന്നതാണ് പ്രധാനം. ഒന്നും തിരിച്ച് പ്രതീക്ഷിക്കരുത്. നമ്മൾ മരിക്കുമ്പോൾ പണം കൊണ്ടുപോകില്ല. കണ്ണീരുകൊണ്ട് പൈസ ഉണ്ടാക്കാൻ പാടില്ല എന്നതാണ് ഞങ്ങളുടെ ബിസിനസ് പോളിസി. ആരുടെയും കണ്ണീർ വീണ ഒരു പണവും ഞാൻ സമ്പാദിച്ചിട്ടില്ല. ലോകത്ത് പലയിടങ്ങളിലുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിത നിലവാരം ഉയർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയായി മാറുകയല്ലേ, രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിച്ചിട്ടില്ലേ, അതിൽ പ്രധാനമന്ത്രിക്ക് പങ്കില്ലേ?
ഞാൻ ഗൾഫിൽ എത്തുമ്പോൾ ഇന്ത്യക്കാർക്ക് കാര്യമായ വിലയില്ലായിരുന്നു. ഇന്ത്യക്കാരെ ദരിദ്രരായാണ് കണ്ടിരുന്നത്. അന്ന് തോട്ടക്കാരനും പാചകക്കാരനും ശുചീകരണ തൊഴിലാളിയായും ഒക്കെയാണ് ഇന്ത്യക്കാർ ജോലിയെടുത്തിരുന്നത്. ഇന്ത്യ മുന്നേറിയപ്പോൾ ഇന്ത്യക്കാർക്ക് വിദേശരാജ്യങ്ങളിൽ അംഗീകാരം ലഭിച്ചു. അതിൽ ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് പങ്കുണ്ട്. മൻമോഹൻ സിംഗിന്റെ കാലം മുതലാണ് മാറ്റമുണ്ടായത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരെന്നത് പ്രധാനമാണ്. ഇന്ത്യക്കാരെ മോദിയുടെ നാട്ടുകാർ എന്നു പറയും.
നേട്ടങ്ങൾ ഉണ്ടാകുമ്പോൾ പഴയ കാലം ഓർക്കുമോ?
എന്നും പഴയ കാര്യങ്ങൾ ഓർക്കും. വീട്ടിൽ നിൽക്കുമ്പോൾ കൈലിയും ബനിയനുമാണ് ധരിക്കുന്നത്.
ബാക്കി നിൽക്കുന്ന ആഗ്രഹം?
അവസാന ദിവസം വരെ ജോലി ചെയ്യണം. ഞാൻ ജോലി ചെയ്താൽ ആയിരക്കണക്കിനു പേർക്ക് ജോലി ലഭിക്കും. ഒരുപാടു പേർക്ക് ജോലി കൊടുത്ത് ഒരുപാട് കുടുംബങ്ങളെ സന്തുഷ്ടരാക്കണം.
പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?
പണ്ട് ബിസിനസുകാർക്ക് പെണ്ണ് കിട്ടില്ലായിരുന്നു. അതിപ്പോൾ മാറി. എല്ലാവർക്കും ബിസിനസ് ആശയങ്ങൾ ഉണ്ടാകും. ഒരുപാടു പേർ ഫീസിബിലിറ്റി സ്റ്റഡി തരും. നമ്മൾ സ്വന്തമായി ഒരു ഫീസിബിലിറ്റി സ്റ്റഡി നടത്തണം. ഹോംവർക്ക് ചെയ്തിട്ടേ ബിസിനസ് തുടങ്ങാവൂ. വിശ്വസ്തരായ ജീവനക്കാരെ നിയോഗിക്കണം. അവരെ സ്വന്തം കുടുംബം പോലെ നോക്കണം. നിയമപരമായേ ഏത് ബിസിനസും ചെയ്യാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |