ശ്രീകാര്യം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ താത്കാലിക അക്കൗണ്ട് അസിസ്റ്റന്റ് അറസ്റ്റിൽ.കരമന തളിയിൽ സ്വദേശി കല്യാണസുന്ദറിനെയാണ് (36) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
പോങ്ങുംമൂട് ബാപ്പുജി നഗറിലെ ഹോർട്ടികോർപ്പിന്റെ ആസ്ഥാന ഓഫീസിൽ 2018 മുതൽ താത്കാലിക ജീവനക്കാരനാണ്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് പത്ത് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കർഷകരുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി ഇയാളുടെ പിതാവിന്റെ അക്കൗണ്ട് നമ്പർ ട്രഷറിയിൽ നൽകിയാണ് പണം തട്ടിയത്.ഹോർട്ടികോർപ്പിന് സാധനങ്ങൾ കൈമാറിയശേഷം പിന്നീടാണ് ട്രഷറി വഴി കർഷകരുടെ അക്കൗണ്ടിലേക്ക് പണമെത്തുന്നത്.
പണം കിട്ടുന്നില്ലെന്ന പരാതിയുമായി കർഷകർ ഹോർട്ടികോർപ്പിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്താവുന്നത്.അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചപ്പോൾ കർഷകരുടെ അക്കൗണ്ട് നമ്പറിന് പകരം കല്യാണ സുന്ദരന്റെ അച്ഛന്റെ അക്കൗണ്ട് നമ്പരാണ് കണ്ടത്.
തുടർന്ന് ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥർ ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ സംഭവത്തിൽ ചില ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുള്ളതായും ഇതിന് മുൻപും ഇത്തരത്തിൽ തട്ടിപ്പുകൾ നടന്നത് ഒതുക്കി തീർത്തതായും ആക്ഷേപമുണ്ട്.വിശദമായ അന്വേഷണം നടത്തിയാൽ സത്യവസ്ഥ പുറത്ത് വരുമെന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |