കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചട്ട വിരുദ്ധമായി പടക്കം പൊട്ടിച്ചതും ആനകളുടെ കാലിൽ ചങ്ങല ഇല്ലാതിരുന്നതും അപകടത്തിന് വഴി വച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവ ദിവസം പീതാംബരൻ എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പീതാംബരന് മറ്റ് ആനകളെ ഉപദ്രവിക്കുന്ന സ്വഭാവം നേരത്തെ ഉണ്ടെന്നാണ് വിവരം. ഘോഷയാത്രയുടെ സമയത്ത് ആനയുടെ കാലിൽ ചങ്ങലയുണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് കൺസർവേറ്റർ വനംമന്ത്രിക്ക് അന്തിമ റിപ്പോർട്ട് നൽകിയത്. എഴുന്നെള്ളിപ്പിനായി കൊണ്ടുവന്ന ആനകളുടെ ടെസ്റ്റോസ്റ്റിറോൺ പരിശോധന അപകടശേഷം നടത്തിയിരുന്നു. പീതാംബരനിൽ ഈ ഹോർമോണിന്റെ അളവ് നാല് മടങ്ങ് അധികമാണെന്നാണ് കണ്ടെത്തൽ. ടെസ്റ്റോസ്റ്റിറോൺ കൂടിയാൽ ആനകളിൽ മദപ്പാടിനുള്ള സാദ്ധ്യതയുണ്ടാകും.
മുൻപ് അഞ്ച് തവണ പീതാംബരൻ സമാനരീതിയിൽ ഇടയുകയും സമീപത്തുണ്ടായ ആനകളെ ആക്രമിച്ച ചരിത്രവും ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ ഒരാനയെ എഴുന്നെള്ളിപ്പിൽ പങ്കെടുപ്പിക്കാൻ പാടില്ലായിരുന്നു. കൂടാത ക്ഷേത്രത്തിൽ അലക്ഷ്യമായാണ് പടക്കം പൊട്ടിച്ചിരുന്നത്. ഈ ശബ്ദം പീതാംബരനെ പ്രകോപിതനാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ആനകൾ തമ്മിൽ കൃത്യമായ അകലം വേണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 13ന് വെെകിട്ട് ആറ് മണിയോടെയായിരുന്നു കൊയിലാണ്ടി മണക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിൽ ആനയിടഞ്ഞ് അപകടം ഉണ്ടായത്.
അപകടത്തിൽ കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയിൽ (ഊരളളൂർ കാരയാട്ട്) രാജൻ (68) എന്നിവരാണ് മരിച്ചത്. ഇടഞ്ഞ പീതാംബരൻ ഗോകുൽ എന്ന മറ്റൊരു ആനയെ കുത്തുകയായിരുന്നു. തുടർന്ന് ആനകൾ വിരണ്ടോടിയത്തോടെ ജനങ്ങളും ചിതറിയോടി. അക്രമാസക്തരായ ആനകൾ ക്ഷേത്രകെട്ടിടത്തിന്റെ മേൽക്കൂരയും ഓഫീസ് മുറിയും തകർത്തു. തകർന്നുവീണ കെട്ടിടത്തിനടിയിൽപ്പെട്ടും തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് മൂന്ന് പേർ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |