കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ മൃതദേഹങ്ങളുമായി പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. മൃതദേഹവുമായെത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. വനംവകുപ്പിനോടും ഉദ്യോഗസ്ഥരോടുമാണ് പ്രതിഷേധമെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. മന്ത്രിയും കളക്‌ടറും എത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെയും പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. വന്യജീവി ആക്രമണത്തിന് പരിഹാരം കാണാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ആറളത്ത് സര്‍വകക്ഷി യോഗത്തിന് എത്തിയ വനംമന്ത്രി എ കെ ശശീന്ദ്രന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. ഇന്നലെ വൈകിട്ടാണ് കാട്ടാന ആക്രമണത്തില്‍ ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ടത്. കശുഅണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ കാട്ടാന ആക്രമിച്ചത്.
അതേസമയം, വന്യജീവി ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി വീണ്ടും ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. വനം,ധനകാര്യ, റവന്യൂ, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും.
കഴിഞ്ഞ 12ന് വനം വകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിൽ വന്യജീവി ആക്രമണം നേരിടുന്നതിന് പത്ത് മിഷനുകള്‍ തയാറാക്കിയിരുന്നു. വന്യജീവികള്‍ക്ക് കാടിനകത്ത് തന്നെ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളാണ് തീരുമാനിച്ചത്. വനം - വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |