പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ആശ അരവിന്ദ്.രൂപത്തിലും ഭാവത്തിലും ഇതുവരെകണ്ടിട്ടില്ലാത്തകാഴ്ച.കേരള സ്റ്രേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ നിർമ്മാണ സംരംഭമായ 'പ്രളയശേഷം ഒരു ജലകന്യക" അതിജീവനത്തിന്റെ കഥ പറയുന്നു. മനോജ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്ളമേന എന്ന എഴുപതു വയസ് കഥാപാത്രമായി ആശ അരവിന്ദ് പകർന്നാടുന്നു.
എന്താണ് കഥാപാത്രത്തിന്റെ ലോകം ?
എന്റെ പ്രായത്തേക്കാൾ ഒരുപാട് വയസ് കൂടുതൽ വരുന്ന ക്രിസ്ത്യൻ കഥാപാത്രം. രൂപത്തിലും ഭാവത്തിലും വലിയ മാറ്റമുണ്ട്. തന്റേടിയാണെങ്കിലും ഭർത്താവിനെ ഏറെ സ്നേഹിക്കുന്ന ഭാര്യ. അസുഖബാധിതനായ ഭർത്താവിനെ പ്രളയത്തിൽ എങ്ങനെ സംരക്ഷിക്കാം, കെട്ടിപ്പൊക്കിയ കാര്യങ്ങൾ എങ്ങനെ നിലനിറുത്താം തുടങ്ങി പ്ളമേനയുടെ ബുദ്ധിയിൽ ചിന്തിച്ച് ചെയ്യുന്ന കാര്യങ്ങളാണ് സിനിമയിൽ നടക്കുന്നത്. എഴുപതു വയസിന്റെ ആരോഗ്യത്തിന് പറ്റുന്ന കാര്യങ്ങൾ ചെയ്യാനേ അവർക്ക്സാധിക്കൂ.
സ്നേഹിക്കേണ്ടവരെ സ്നേഹിക്കുന്ന ആളാണ്. പ്രളയത്തെ അതിജീവിക്കുന്ന രാത്രിയിൽ കടന്നുവരുന്ന മൂന്നാമതൊരാൾ. ഇരട്ടിയാകുന്ന സങ്കീർണതകൾ.
പുതിയ കാലത്ത് ഈ പ്രമേയം എങ്ങനെയായിരിക്കും ചർച്ച ചെയ്യുന്നത് ?
പ്രായമായ ഒരു സ്ത്രീക്ക് എങ്ങനെ അവരുടെ കുടുംബത്തെ സംരക്ഷിക്കാനും ഭർത്താവിനെ സ്നേഹിക്കാനും സാധിക്കുമെന്ന് കാണിച്ചുകൊടുക്കാൻ സാധിക്കും. പെട്ടെന്ന് തളരാത്തതും എതിർക്കപ്പെടാൻ സാധിക്കാത്തതുമായ വ്യക്തിത്വത്തിന് ഉടമയാണ്. ഭർത്താവും വീട്ടിലെ കുറച്ചു കാര്യങ്ങളുമുണ്ട്. അതും പുതിയകാല പ്രേക്ഷകർക്ക് അറിയാനും കാണാനുമുള്ളതായിരിക്കുമെന്ന് കരുതുന്നു.
വാണിജ്യ ചേരുവയില്ലാത്ത സിനിമ ആഘോഷിക്കപ്പെടാതെ പോകുന്നുണ്ടോ ?
തീർച്ചയായും. കാരണം മാർക്കറ്റിംഗ് തന്നെയാണ്. പ്രേക്ഷകരിൽ സിനിമഎത്തുന്നതിന് മാർക്കറ്റിംഗ് പ്രധാനമാണ്. ബിസിനസാണ് സിനിമ . ഏതെല്ലാം തരത്തിൽ ചെയ്യാമോ അതെല്ലാം സ്വീകരിക്കണം. ഒരു സിനിമ റിലീസ് ചെയ്താൽ ഉടൻ ചർച്ചയും വിലയിരുത്തലും നടക്കുന്ന കാലമാണ്. സിനിമയ്ക്ക് പോസിറ്റീവ് മാർക്കറ്റിംഗ് ആവശ്യമാണ്. അത് ചെറിയ സിനിമകൾക്കും വേണം. ഈ സിനിമ നന്നായി മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞു. ഒന്നര കോടി ബഡ്ജറ്റിൽ 18 ദിവസം കൊണ്ട് പൂർത്തിയായ സിനിമയാണ്. കുറഞ്ഞ ദിവസം കൊണ്ട് പൂർത്തിയായി എന്ന് തോന്നില്ല. മികച്ച നിലവാരം തന്നെ പുലർത്തുന്നു. ഇത്തരം നല്ല സിനിമയെ പ്രോത്സാഹിപ്പിക്കാൻ പത്ര- ദൃശ്യമാദ്ധ്യമങ്ങൾക്കും സാധാരണക്കാർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |