ന്യൂഡൽഹി : നെഞ്ചുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസിലെത്തി ധൻകറിനെ സന്ദർശിച്ചു. ആരോഗ്യവിവരങ്ങൾ തിരക്കി. ഉപരാഷ്ട്രപതി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി മോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് 73കാരനായ ധൻകറിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അടിയന്തര സ്വഭാവത്തോടെ സ്റ്റെന്റ് ഇംപ്ലാന്റ് ചെയ്‌തുവെന്നാണ് സൂചന. കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ നേതൃത്വത്തിലാണ് ചികിത്സ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ആശുപത്രിയിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. വേഗം ആരോഗ്യനില വീണ്ടെടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി കേന്ദ്രമന്ത്റി ശിവ്‌രാജ് സിംഗ് ചൗഹാൻ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |