കെ.എസ്. മണി
മിൽമ ചെയർമാൻ
മിൽമ ഇല്ലാതെ ഒരു ദിവസം കണികണ്ടുണരാൻ മലയാളിക്കാവില്ല. കേരളത്തിന്റെ ക്ഷീരമേഖലയിൽ പകരംവയ്ക്കാനില്ലാത്ത പേരാണ് അത്. സംസ്ഥാനത്ത് പ്രതിദിനം 11.5 ലക്ഷം ലിറ്റർ പാൽ ആണ് 'മിൽമ" സംഭരിക്കുന്നത്. 16.5 ലക്ഷം ലിറ്റർ പാൽ പ്രതിദിനം വിൽപ്പനയ്ക്ക് എത്തിക്കുകയും ചെയ്യുന്നു. 2023-24 ൽ 4311 കോടി രൂപയാണ് 'മിൽമ"യുടെ വിറ്റുവരവ്. സംസ്ഥാനത്ത് ക്ഷീര മേഖലയുടെ നട്ടെല്ലായ മിൽമ നടപ്പാക്കുന്ന ക്ഷീരകർഷക ക്ഷേമ നടപടികളെക്കുറിച്ചും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തെക്കുറിച്ചും മിൽമ ചെയർമാൻ കെ.എസ്. മണി 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? പാൽ സംഭരണം കൂട്ടാൻ...
പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തിയാണ് ആത്യന്തിക ലക്ഷ്യം. ക്ഷീര കർഷകർക്ക് സ്ഥിരമായ വിലയും വിപണിയും ഉറപ്പാക്കുകയും, വില്പന വിലയുടെ 84 ശതമാനം പാൽ വിലയായി കർഷകർക്ക് തിരികെ നൽകുകയും ചെയ്യുന്നു. പാൽ വിലയ്‌ക്കു പുറമെ അധിക വിലയും സബ്സിഡികളും ഇൻസെന്റീവുകളും കർഷക ക്ഷേമ പ്രവർത്തനങ്ങളുമുണ്ട്. ഈ മേഖലയിൽ കർഷകരെ നിലനിറുത്താനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം. 'മിൽമ"യുടെ മൂന്ന് മേഖലാ യൂണിയനുകൾ ചേർന്ന് അടുത്ത സാമ്പത്തിക വർഷം പാൽ സംഭരണ വർദ്ധനവിന് പ്രാധാന്യം നൽകി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. കർഷകർക്ക് നിലവിലുള്ളവയ്ക്കു പുറമെ പുതിയ ആനുകൂല്യ പദ്ധതികൾ കൂടി നടപ്പാക്കും.
? ക്ഷീര മേഖലയിലേക്ക് പുതിയ കർഷകരെ കൊണ്ടുവരാൻ...
പശു വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വായ്പ ലഭ്യമാക്കാൻ കേരള ബാങ്കുമായി ധാരണാപത്രം തയ്യാറാക്കിയിട്ടുണ്ട്. ക്ഷീരസംഘത്തിലെ അംഗങ്ങൾക്ക് പശുവളർത്തലിന് സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. വ്യവസായ വകുപ്പ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് എന്നിവയും പശുവളർത്തുന്നതിന് 35 ശതമാനം സബ്‌സിഡിയോടെ ലോൺ അനുവദിക്കും. കൂടാതെ പട്ടികജാതി വികസന വകുപ്പ്, ന്യൂനപക്ഷ ക്ഷേമ ബോർഡ്, മുന്നാക്ക സമുദായ ക്ഷേമ ബോർഡ് എന്നിവയും പശുവളർത്തലിന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
? ഉത്പാദനക്ഷമതയും കൂട്ടണമല്ലോ.
കേരളത്തിലെ പശുക്കളുടെ ഉത്പാദന ക്ഷമത പൊതുവെ കുറവാണ്. ഉത്പാദന ക്ഷമത വർദ്ധിച്ചാൽ കർഷകന് അധിക ലാഭമുണ്ടാകും. അന്യസംസ്ഥാനങ്ങളിൽ നിന്ന് പാൽ കൊണ്ടുവരുന്നത് ഒരു പരിധിവരെ കുറയ്‌ക്കാനും കഴിയും. പാലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും പ്രത്യേക പദ്ധതിക്ക് ഉദ്ദേശ്യമുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഗുണനിലവാരമുള്ള പാൽ ലഭിക്കുന്നത് മലബാർ മേഖലയിൽ നിന്നാണ്. അതുപോലെ, തിരുവനന്തപുരം, എറണാകുളം മേഖലകളിലും പാലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ ശ്രമം നടത്തും .
? കാലിത്തീറ്റയുടെ വില വർദ്ധനവ് ഒരു പ്രശ്നമാണല്ലോ.
രാജ്യത്ത് ക്ഷീരകർഷകർക്ക് പാൽ വില ഏറ്റവും കൂടുതൽ നൽകുന്നത് കേരളത്തിലാണെങ്കിലും ഉത്പാദനച്ചെലവ് ഇവിടെ കൂടുതലാണ്. നൂതന തീറ്റ രീതികൾ കർഷകർക്ക് പരിചയപ്പെടുത്തിയും, കറവമാടുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ചും സ്വയം പര്യാപ്തി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. തീറ്റച്ചെലവ് പൊതുവെ കർഷകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും 'മിൽമ"യുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 300 രൂപ സബ്‌സിഡി നൽകുന്നത് ആശ്വാസമാണ്. മാത്രമല്ല, 'മിൽമ"യുടെ അറ്റലാഭത്തിന്റെ 98 ശതമാനം തുകയും കർഷകന് വിവിധ ആനുകൂല്യങ്ങളായി നൽകിവരികയാണ്.
? പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ.
മത്സരാധിഷ്ഠിത കമ്പോളത്തിൽ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നത് . കുട്ടികൾക്കായി 'മിൽമ" ഡാർക്ക് ചോക്ലേറ്റ് അടക്കം ഇതിനകം വിപണിയിലിറക്കി. വിവിധ ഫ്ലേവറുകളിലുള്ള ഐസ്ക്രീം, ബട്ടർ ബിസ്‌കറ്റ്, ഡ്രോപ്‌ലെറ്റ് എന്നിങ്ങനെ കുട്ടികളെ ആകർഷിക്കുന്ന ഉത്പന്നങ്ങൾ അവതരിപ്പിച്ചു. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉത്പന്നങ്ങളുമുണ്ട്. വെജിറ്റബിൾ ബിരിയാണി, പനീർ ബട്ടർ മസാല, പുളിശേരി, പാലട പായസം, നെയ്യ് ചേർത്ത ചപ്പാത്തി എന്നിങ്ങനെ 'മിൽമ"യുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഷുഗർഫ്രീ ഐസ്‌ക്രീം അടക്കം വിപണിയിലുണ്ട്. മൂർക്കനാട് ആരംഭിച്ച പാൽപ്പൊടി പ്ലാന്റിൽ നിന്നുള്ള പാൽപ്പൊടിയും വിപണിയിൽ എത്തിയിട്ടുണ്ട്. വിദേശ രാജ്യത്തേക്ക് പാൽപ്പൊടി കയറ്റി അയയ്ക്കുന്നതിനുള്ള ശ്രമം നടക്കുന്നു. ഏപ്രിൽ അവസാനത്തോടെ രണ്ട് പുതിയ ഉത്പന്നങ്ങൾ കൂടി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |