കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന ഒരു വാർത്തയായിരിക്കും അതെന്ന് 1991 ഡിസംബർ 28- ന് 'കേരളകൗമുദി"പ്രസിദ്ധീകരിച്ച 'പാമോയിൽ വരുത്താൻ കമ്മിഷൻ 5 കോടി" എന്ന മുഖ്യവാർത്ത വായിക്കുമ്പോൾ തോന്നിയിരുന്നില്ല. മലേഷ്യയിൽ നിന്ന് പതിനായിരം ടൺ പാമോയിൽ വാങ്ങുന്നതിന് സംസ്ഥാന ഗവൺമെന്റ് ഒരു വിദേശ സ്വകാര്യ കമ്പനിക്ക് ചട്ടങ്ങൾ മറികടന്ന് 5.25 കോടി രൂപ കമ്മിഷൻ നൽകിക്കൊണ്ട് കരാറുണ്ടാക്കി. ഇതായിരുന്നു വാർത്തയുടെ കാതൽ.
സിംഗപ്പൂർ ആസ്ഥാനമായ പി ആൻഡ് ഇ കമ്പനിയായിരുന്നു ഇറക്കുമതി ഏജന്റ്. ധനകാര്യ, നിയമ വകുപ്പുകളുടെ പരിശോധനയോ അറിവോ ഇല്ലാതെയാണ് കരാർ. ഈ ഇറക്കുമതി തീരുമാനം സംബന്ധിച്ച പ്രധാന നടപടികൾ ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പു പോലും അറിയാതെയാണ് നടന്നിരിക്കുന്നത്. മലേഷ്യയിൽ നിന്ന് എജന്റ് ഇല്ലാതെ നേരിട്ട് ആ സമയത്ത് പാമോയിൽ ഇറക്കുമതി ചെയ്താൽ കിലോഗ്രാമിന് 15 രൂപയ്ക്ക് ഇവിടെ വിൽക്കാനാകുമെന്നും, എന്നാൽ കരാർ പ്രകാരം ഇറക്കുമതി ചെയ്താൽ കിലോഗ്രാമിന് 30 രൂപയ്ക്കു മുകളിലേ വിൽക്കാൻ കഴിയൂ എന്നും ആ റിപ്പോർട്ടിൽ ലേഖകനായ ബി.സി ജോജോ ചൂണ്ടിക്കാട്ടിയിരുന്നു.
പുറത്തുവന്ന
സത്യങ്ങൾ
അതിന്റെ തുടർച്ചയ്ക്കായി മൂന്ന് ആഴ്ചയിലേറെ കാത്തിരിക്കേണ്ടി വന്നു. ജനുവരി 25ന്, 'പാമോയിൽ മറ്റൊരു കുംഭകോണം കൂടി" എന്ന തലക്കെട്ടിൽ ജോജോ എഴുതിയ പ്രധാനവാർത്ത 'കേരളകൗമുദി" പ്രസിദ്ധീകരിച്ചു. വിവാദം സൃഷ്ടിച്ച പാമോയിൽ ഇറക്കുമതി ഇടപാടിൽ പി ആൻഡ് ഇ എന്ന സിംഗപ്പൂർ കമ്പനിക്ക് 2.5 കോടി രൂപയുടെ കമ്മിഷനു പുറമേ സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ 1.62 കോടി രൂപ കൂടി നൽകി എന്നായിരുന്നു ആ വാർത്തയുടെ കണ്ടെത്തൽ. 1992 ജനുവരി 30-ന് 'പാമോയിൽ ഇടപാടിന് ജെറ്റ് വേഗത" എന്ന പേരിൽ 'കേരളകൗമുദി"യിൽ അടുത്ത വാർത്തയും പ്രസിദ്ധീകരിക്കപ്പെട്ടു. പാമോയിൽ ഇറക്കുമതിക്ക് ആധാരമായ കേന്ദ്ര ഗവൺമെന്റിന്റെ മാനദണ്ഡങ്ങൾ അപ്പാടെ ലംഘിച്ചാണ് സംസ്ഥാന സർക്കാർ പി ആൻഡ് ഇ കമ്പനിയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ആ വാർത്ത വെളിപ്പെടുത്തിയത്. ആ വാർത്തയും ജോജോയുടെ പേരിൽത്തന്നെയായിരുന്നു.
നേരത്തേ തന്നെ 'കേരളകൗമുദി" ലേഖകൻ എന്ന നിലയിൽ ജോജോയുമായി പരിചയമുണ്ടായിരുന്നു. ഞാൻ അപ്പോൾ നിയമസഭാംഗമായിരുന്നു. അത് എന്റെ രണ്ടാം നിയമസഭാ കാലയളവുമാണ്. അതുകൊണ്ടുതന്നെ പാമോയിൽ അഴിമതി വാർത്ത നിയമസഭയെ ഇളക്കിമറിക്കുന്നതിൽ പങ്കാളിയാകാനും കഴിഞ്ഞു. വാർത്ത പുറത്തുകൊണ്ടുവന്ന ജോജോയുമായുള്ള അടുപ്പം അപ്പോഴേയ്ക്കും ആത്മബന്ധമായി മാറിയിരുന്നു. കെ. കരുണാകരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. കെ.എം. മാണി നിയമമന്ത്രി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. കെ.ആർ ഗൗരി അമ്മ, ടി.കെ രാമകൃഷ്ണൻ, പി.എസ്. ശ്രീനിവാസൻ, സി.കെ. ചന്ദ്രപ്പൻ, എ.സി. ഷൺമുഖദാസ്, ഇന്നത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വി.ജെ. തങ്കപ്പൻ എന്നിവരായിരുന്നു പാമോയിൽ വാർത്തകളിലൂടെ നിയമസഭയെ ഇളക്കിമറിച്ചുകൊണ്ടിരുന്നത്.
ആ റിപ്പോർട്ട്
ചരിത്രമായി!
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ അന്നത്തെ 'എ വിഭാഗം" പ്രതിപക്ഷത്തിരുന്ന ഞങ്ങൾക്ക് പ്രോത്സാഹനം തരികയായിരുന്നുവെന്ന് പല പത്രവാർത്തകളും വന്നത് ഇപ്പോഴും ഓർമയുണ്ട്. പിന്നീട്, പാമോയിൽ അഴിമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പോരാട്ടങ്ങൾ നിയമസഭയ്ക്കകത്തും പുറത്തും നടന്നു. അതിന്റെ ഭാഗമായി കോടതിയെ സമീപിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയത് എന്നെയായിരുന്നു.
ഇതിൽ പുതിയൊരു വഴിത്തിരിവായത് സി.എ.ജി റിപ്പോർട്ടായിരുന്നു. അതും പുറത്തു കൊണ്ടുവന്നത് ബി.സി. ജോജോ തന്നെ. 1994 ഫെബ്രുവരി 15-ലെ 'കേരളകൗമുദി" ദിനപത്രം, ചരിത്രത്തിലെ ഒരു താളായിട്ടാണ് അനുഭവപ്പെട്ടത്. 'കുറ്റക്കാരൻ മുഖ്യമന്ത്രിയെന്ന് സി.എ.ജി" എന്ന തലക്കെട്ടിലെ മുഴുനീള പേജ് ഓർക്കുന്നവർ ഇപ്പോഴുമുണ്ടാവും. ഒന്നാം പേജിൽ വാർത്തയോടൊപ്പം കെ. കരുണാകരന്റെയും വി.എസിന്റെയും ഫോട്ടോകളും നൽകിയിരുന്നു. കേരളത്തിൽ എമ്പാടും വാർത്താ ബോർഡുകളിലും മതിലുകളിലും അന്നത്തെ ഒന്നാം പേജിന്റെ പകർപ്പുകൾ പോസ്റ്ററായി പതിച്ചിരുന്നു. ആ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാതിരിക്കാൻ സർക്കാരും, വയ്പിക്കാൻ പ്രതിപക്ഷവും നടത്തിയ പോരാട്ടങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പാമോയിൽ കേസ് ഇപ്പോഴും കോടതികളിൽ തുടരുന്നു എന്നത് അതിന്റെ ചരിത്രപരമായ പ്രസക്തിയെയാണ് ഓർമ്മിപ്പിക്കുന്നത്.
മുല്ലപ്പെരിയാർ
വാർത്തകൾ
1993 മാർച്ച് 12ന് 'കേരളകൗമുദി"യിൽ പ്രസിദ്ധീകരിച്ച, 'ഇല്ലാത്ത കരാറിന്റെ പേരിൽ തമിഴ്നാടിന് പെരിയാർ ജലം" എന്ന ജോജോയുടെ റിപ്പോർട്ടാണ് ഇപ്പോഴും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാർ വാർത്തകളുടെ കേന്ദ്രബിന്ദു. നിയമസഭയിൽ ആ റിപ്പോർട്ടും കോളിളക്കമുണ്ടാക്കി. അതേത്തുടർന്ന് ആ വിഷയം പഠിക്കാൻ ഒരു അഡ്‌ഹോക് സമിതി രൂപീകരിക്കാൻ അന്നത്തെ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചൻ തയ്യാറായി. അന്നത്തെ ജലസേചന മന്ത്രി ടി.എം. ജേക്കബ് അദ്ധ്യക്ഷനായ സമിതിയിൽ സി.പി.എം പ്രതിനിധികളായി ടി. ശിവദാസമേനോനൊപ്പം ഞാനും അംഗമായിരുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സമിതി. അതിനു മുമ്പോ പിമ്പോ ഇങ്ങനെയൊരു സമിതി ഉണ്ടായിട്ടില്ല. അങ്ങനെ ചരിത്രം സൃഷ്ടിച്ച വാർത്തകളിലൂടെ ചരിത്രം സൃഷ്ടിച്ച പത്രപ്രവർത്തകനായിരുന്നു ബി.സി. ജോജോ.
കഴിഞ്ഞ മാർച്ച് -26 നാണ് ജോജോ വിടപറഞ്ഞത്. 'കേരളകൗമുദി" പിറന്ന മയ്യനാട് ഗ്രാമത്തിൽ പിറന്നു എന്നത് എക്കാലത്തും ജോജോയുടെ അഭിമാനമായിരുന്നു. മയ്യനാട്ട്, യശ:ശരീരനായ ഡി. ബാലചന്ദ്രൻ- പി. ലീലാവതി ദമ്പതികളുടെ മകനായി 1958-ലാണ് ജോജോയുടെ ജനനം. ഭാര്യ ഡോ. ടി.കെ സുഷമ, മക്കൾ: ദീപു, ഡോ.സുമി. 1985-ൽ 'കേരളകൗമുദി"യിൽ ചേർന്ന ജോജോ 2003 മുതൽ 2012വരെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ജോജോയുടെ വിയോഗത്തിന്റെ ഒന്നാം വാർഷിക ദിനമാണ് ഇന്ന്.
(കേരള നിയമസഭ മുൻ സ്പീക്കറും മുൻ മന്ത്രിയും കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റുമായമായ ലേഖകൻ ബി.സി ജോജോ സ്മാരക ട്രസ്റ്റിന്റെ പ്രസിഡന്റുമാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |