തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് യോഗ്യരായവരുടെ പട്ടിക ഇനി സർക്കാർ തയാറാക്കും. ഇതിന്റെ ഉത്തരവാദിത്വം സർക്കാർ നിയോഗിക്കുന്ന ജില്ലാതല സമിതികൾക്ക് നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സമിതിയുടെ ശുപാർശ പട്ടികയിൽ നിന്നുള്ള നിയമനം സ്‌കൂൾമാനേജരുടെ നിയമപരമായ ബാദ്ധ്യതയാക്കുന്നതാണ് ഉത്തരവ്.
നിലവിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ മാനേജ്‌മെന്റുകൾക്ക് നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ) കൺവീനറായി മൂന്നംഗസമിതി പ്രവർത്തിക്കും. ഇതിൽ ഡി.ഇ.ഒ /എ.ഇ.ഒ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവർ അംഗമായിരിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിന് റീജിയണൽ ഡയറക്ടർ (ആർ.ഡി.ഡി) കൺവീനറായി മൂന്നംഗസമിതിയും വി.എച്ച്.എസ്.ഇകൾക്ക് അഡീഷണൽ ഡയറക്ടർ കൺവീനറായി മൂന്നംഗ സമിതിയുമാണുള്ളത്.
ഹയർ സെക്കൻഡറിക്കും വി.എച്ച്.എസ്.ഇകൾക്കും രണ്ടു ജില്ലകൾക്ക് ഒരു സമിതിയാണുള്ളത്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം ഉറപ്പാക്കാനും മേൽനോട്ടത്തിനുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും അഡീഷണൽ ഡയറക്ടർ (ജനറൽ) കൺവീനറുമായി എട്ടംഗ സമിതിയും രൂപീകരിച്ചു. പൊതുവിദ്യാഭ്യാസം, സാമൂഹികനീതി വകുപ്പുകളിലെ പ്രതിനിധികൾ ഉൾപ്പെട്ടതാണിത്. ജില്ലാതലങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ച പരാതികൾ സമിതി പരിഗണിക്കും. നിയമന പുരോഗതിയെക്കുറിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട വിഷയങ്ങളിൽ തുടർനടപടികൾ ശുപാർശ ചെയ്യുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |