ലഹരി ഉപയോഗവും അതേത്തുടർന്നുള്ള അക്രമങ്ങളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മലപ്പുറം വളാഞ്ചേരിയിൽ ഒരേ സിറഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചതിലൂടെ 10 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. പ്രദേശത്ത് ആദ്യം ഒരാൾക്ക് എച്ച്.ഐ.വി ബാധ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തുപേരും ലഹരിക്കായി ഉപയോഗിച്ചത് ഒരു സിറഞ്ചാണെന്ന കാര്യം വ്യക്തമായത്.
സംസ്ഥാനത്ത് 19നും 25നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്.ഐ.വി പകരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലഹരി കുത്തിവെയ്പ്പ് ആണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. സംസ്ഥാനത്തെ എച്ച്.ഐ.വി പോസിറ്റീവ് ഉള്ളവരിൽ 15 ശതമാനവും ഈ പ്രായത്തിന് ഇടയിലുള്ളവരാണെന്നാണ് എയ്ഡ്സ് കൺട്രോൾ കൺട്രോൾ സൊസൈറ്റിയുടെ വിലയിരുത്തൽ. 2024ൽ എട്ട് ശതമാനം പേർക്കാണ് ലഹരി കുത്തിവെയ്പ്പിലൂടെ എച്ച്.ഐ.വി ബാധിച്ചത്. ലൈംഗിക ബന്ധത്തിലൂടെയുള്ളതിനെക്കാൾ സിറിഞ്ച് പങ്കിടുന്നതിലൂടെയാണ് കൂടുതൽ എച്ച്.ഐ.വി സാദ്ധ്യത ഉള്ളതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. വളാഞ്ചേരിയിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോവുകയാണ്.
പരിശോധന കൂടുതൽ പേരിലേക്കും
പതിനഞ്ച് പേരിൽ നടത്തിയ പരിശോധനയിലാണ് പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനാൽ തന്നെ കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാദ്ധ്യതയുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുമായി ബന്ധപ്പെട്ടവർ, കുടുംബത്തിലുള്ളവർ തുടങ്ങിയവരെയെല്ലാം ഉൾപ്പെടുത്തി വലിയൊരു സ്ക്രീനിംഗ് തന്നെ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ ലൈംഗികത്തൊഴിലാളികൾ ഉൾപ്പെടെ കൂടുതൽ പേർക്ക് രോഗസാദ്ധ്യത ഉണ്ടാവാമെന്നാണ് ആരോഗ്യവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ അന്യ സംസ്ഥാനത്തൊഴിലാളികളും ഏഴു പേർ മലയാളികളുമാണ്. അതിഥിത്തൊഴിലാളികൾ അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവരിലേക്ക് എത്തിച്ചേരൽ വലിയ വെല്ലുവിളിയാണ്. രോഗബാധിതരിൽ ചിലർ വിവാഹിതരാണ്. പ്രദേശത്തെ തന്നെ പലരും പരിശോധനയ്ക്ക് തയ്യാറാകാത്ത സാഹചര്യവുമുണ്ട്.
കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജനുവരിയിൽ നടത്തിയ സർവേയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലൈംഗിക തൊഴിലാളികൾ, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങൾ എന്നിവർക്കിടയിലായിരുന്നു ഈ സർവേ നടത്തിയത്. സ്ക്രീനിംഗിൽ ഒരാൾക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട്, ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒൻപത് പേർക്ക് കൂടി എച്ച്.ഐ.വി സ്ഥിരീകരിച്ചത്. ബ്രൗൺ ഷുഗർ കുത്തിവയ്ക്കാനാണ് സംഘം പ്രധാനമായും സിറിഞ്ച് പങ്കിട്ടത്. ഇതിനുപുറമെ മറ്റു ചില രാസലഹരികളും കുത്തിവെച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ സ്ഥിരീകരിച്ചത് 65 എച്ച്.ഐ.വി കേസുകളാണ്. കഴിഞ്ഞ സാമ്പത്തിക വർഷം കേസുകളുടെ എണ്ണം 52 ആയിരുന്നു. മലപ്പുറം ജില്ലയിൽ എച്ച്.ഐ.വി പരിശോധനയ്ക്കായി ഏഴ് ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആന്റ് ടെസ്റ്റിംഗ് സെന്ററുകളുണ്ട്. വളാഞ്ചേരിയിലെ ലഹരി സംഘത്തിന്റെ രക്തസാമ്പിളുകൾ പരിശോധിച്ചതും ഇവിടെ നിന്നാണ്. ജില്ലയിലെ എല്ലാ ജയിലുകളിലും മാസത്തിൽ രണ്ട് തവണയെങ്കിലും അന്തേവാസികൾക്ക് എച്ച്.ഐ.വി പരിശോധന നടത്താറുണ്ട്. ഒരു തവണ പരിശോധിച്ച വ്യക്തിയെ ആറ് മാസം കഴിഞ്ഞ ശേഷമേ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയുള്ളൂ
എച്ച്.ഐ.വിയും ലക്ഷണങ്ങളും
ഹ്യൂമൺ ഇമ്മ്യൂണോ വൈറസ് ആണ് എയ്ഡ്സ് എന്ന രോഗം പരത്തുന്നത്. എച്ച്.ഐ.വി എന്ന വൈറസ് ബാധയെ തുടർന്നുണ്ടാകുന്ന സങ്കീർണ്ണ രോഗാവസ്ഥയാണ് എയ്ഡ്സ്. എച്ച്.ഐ.വി ബാധിക്കുന്നതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. ആരംഭഘട്ടത്തിൽ പൊതുവെ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാവാറില്ല. പനി, തൊണ്ടവേദന, തൊലിപ്പുറത്തുള്ള പാടുകൾ, ഓക്കാനം, തലവേദന , പൂപ്പൽ ബാധ, മോണ രോഗം, കപ്പോസിറ്റ് സാർക്കോമ്മ (ഒരുതരം അർബുദം), നിരന്തരമായുള്ള വായിലെ പുണ്ണ്, ഹെർപ്പിസ് ബാധ തുടങ്ങിയവയൊക്കെയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയുക, വയറിളക്കം, ദീർഘകാലത്തെ പനി എന്നവയ്ക്ക് കാരണമാവുകയും ചെയ്യും.
പടരുന്ന വഴി
എച്ച്.ഐ.വി സാധാരണയായി പകരുന്നത് രോഗബാധിതനായ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗ ബാധിതരിൽ നിന്നും രക്തയോ അവയവമോ സ്വീകരിക്കുന്നതും രോഗബാധയുണ്ടാക്കും. അണു വിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, അമ്മയിൽ നിന്ന് കുട്ടികളിലേക്ക് ശരീര സ്രവം വഴി എന്നിവയിലൂടെയും രോഗം പിടിപെടാം.
പ്രതിരോധവും പരിഹാരവും
രോഗബാധ ഉണ്ടായാൽ പിന്നെ ചികിത്സയില്ല എന്ന ധാരണയാണ് എയ്ഡ്സിനെ ചുറ്റിപ്പറ്റിയുള്ളത്. എന്നാൽ, കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചാൽ ആശങ്ക വേണ്ട. എച്ച്.ഐ.വി പിടിപെടാൻ സാദ്ധ്യതയുണ്ടെന്ന് സംശയം തോന്നിയാൽ ഉടനെ പരിശോധന നടത്തണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നുണ്ട്. എച്ച്.ഐ.വി പിടിപെടാൻ സാദ്ധ്യതയുള്ള ആളുകൾ എച്ച്.ഐ.വി പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയ്ക്കായി സമഗ്രവും കാര്യക്ഷമവുമായ സേവനങ്ങൾ തേടണം.
മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗാണുവാഹകരുമായി ലൈംഗികവേഴ്ച ഒഴിവാക്കുക, രോഗ ബാധിതർ ശുക്ലം, വൃക്ക എന്നിവ ദാനം ചെയ്യാതിരിക്കുക, ഷേവിംഗ് ബ്ലേഡ് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കുക. എത്രയും വേഗം വൈദ്യ സഹായം തേടി പ്രതിരോധ മരുന്നുകൾ സ്വീകരിക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |