തൃശൂർ: കേരളകൗമുദിയെ മറ്റ് പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോടെ വിഷയങ്ങളെ അവതരിപ്പിക്കുന്നതിൽ കാണിക്കുന്ന മികവാണെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. ഹോട്ടൽ ജോയ്‌സ് പാലസിൽ കേരളകൗമുദി ഒരുക്കിയ വുമൺസ് കോൺക്ലേവ് അമേസിംഗ് വുമൺ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള മാദ്ധ്യമ ചരിത്രത്തിലെ ഒരേയൊരു പത്രാധിപരായ കെ.സുകുമാരന്റെ ഉൾക്കാഴ്ചക കൊണ്ട് ദീപ്തമായ പത്രമാണ് കേരളകൗമുദിയെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ എം.എൽ.റോസി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ ആമുഖപ്രഭാഷണം നടത്തി. കേരളകൗമുദിയുടെ 114ാം വാർഷികത്തോടനുബന്ധിച്ച് 114 വനിതകളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച അമേസിംഗ് വുമൺസ് 114 എന്ന പുസ്തകത്തിന്റെ പ്രകാശനം സ്‌പൈസസ് ബോർഡ് നിയുക്ത ചെയർപേഴ്‌സൺ സംഗീത വിശ്വനാഥന് നൽകി നിർവഹിച്ചു.
അവാർഡ് സമർപ്പണവും മന്ത്രി കെ.രാജൻ നിർവഹിച്ചു. ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ സ്വാഗതവും മാർക്കറ്റിംഗ് ഡി.ജി.എം എം.പി.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ പ്രതിജ്ഞ നാർക്കോട്ടിക് എസ്.ഐ കെ.ജി.ജയപ്രദീപ് ചൊല്ലിക്കൊടുത്തു.
മന്ത്രി കെ.രാജന് കേരളകൗമുദിയുടെ ഉപഹാരം പ്രഭു വാര്യർ സമ്മാനിച്ചു. കോൺക്ലേവിൽ അഡ്വ.സംഗീത വിശ്വനാഥൻ, അഡ്വ.ആശ ഉണ്ണിത്താൻ, ദീപ നിശാന്ത്, സോണിയ ഗിരി, സുൽത്താന ഫാത്തിമ എന്നിവർ പങ്കെടുത്തു. ഇ ട്യൂട്ടറും സ്വർണമുഖി ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമാണ് പരിപാടിയുടെ സ്‌പോൺസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |