തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ കുട്ടികളെ സൂംബ ഡാൻസ് പഠിപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. കുട്ടികളിലെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ സൂംബ ഡാൻസ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്പശാലയിലായിരുന്നു മുഖ്യമന്ത്രി സൂംബ ഡാൻസിനെ കുറിച്ച് പരാമർശിച്ചത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ സംസ്ഥാനത്തെ സ്‌കൂളുകളിൽ അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യങ്ങൾ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കും.
അദ്ധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് സ്‌കൂളുകളിൽ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങൾ മനസ്സിലാക്കുന്നതിനും അദ്ധ്യാപകർക്കായി നവീകരിച്ച പരിശീലന പരിപാടികൾ നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കും. കുട്ടികളുമായി രക്ഷാകർതൃബന്ധം കൂടുതൽ സുദൃഢമാക്കാനായി സ്‌കൂൾ തലങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും.
മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അതിൽ ഭംഗം വന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സിലബസിൽ നിർബന്ധിത മാറ്റങ്ങൾ വരുത്തും. ഇക്കാര്യം എസ് സി ഇ ആർ ടി പരിശോധിക്കും. ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിനായി അദ്ധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകും. സ്‌കൂൾ സമയത്തിന്റെ അവസാന ഭാഗത്ത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തും. യോഗയോ മറ്റ് വ്യായാമങ്ങളോ സ്‌കൂളുകളിൽ സംഘടിപ്പിക്കാനുള്ള സാധ്യത ഒരുക്കും. വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അന്തരീക്ഷം ഉറപ്പാക്കും.
മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായ വിദ്യാർത്ഥികൾക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവർക്ക് അവരുടെ അനുഭവങ്ങൾ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗൺസിലിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരെയും കൗൺസിലർമാരെയും ഇതിനായി നിയോഗിക്കും.
സ്‌കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൊഡ്യൂൾ തയ്യാറാക്കാൻ എസ് സി ഇ ആർ ടിയെ ചുമതലപ്പെടുത്തി. നടപ്പിലാക്കേണ്ട നടപടികൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഷോർട് ടേം, മീഡ് ടേം, ലോംഗ്ടേം പദ്ധതികൾ നടപ്പിലാക്കും. ഇക്കാര്യങ്ങൾ എസ് സി ഇ ആർ ടി ആസൂത്രണം ചെയ്യും. മുഖ്യമന്ത്രി നിർദേശിച്ച ഈ ഇടപെടലുകൾ പ്രാവർത്തികമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |