സിനിമയുമായി മേഖലയിൽ ആരും ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
'ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ പലർക്കും അവിശ്വസനീയമായി തോന്നാം. ഇപ്പോൾ മോഹൻലാലിന്റെ കൂടെ പറ്റിച്ചേർന്നിരിക്കുന്നവർക്കും വിമർശിക്കുന്നവർക്കും ഇതറിയണമെന്നില്ല. കാരണം മോഹൻലാലിന്റെ വളർച്ചയുടെ ആരംഭ കാലത്ത് ഇവരാരും കൂടെയില്ലായിരുന്നു.
പണ്ടൊരിക്കൽ തിരുവനന്തപുരത്ത് നടന്ന ഹിന്ദു ഐക്യവേദി യോഗത്തിൽ അദ്വാനിജി പങ്കെടുത്തിരുന്നു. അതിനോടനുബന്ധിച്ച് നടന്ന റാലി ഷൂട്ട് ചെയ്യാൻ ഏൽപിച്ചിരുന്നത് തിരുവനന്തപുരത്തുള്ള ബി ജെ പിക്കാരായ സിനിമക്കാരെയായിരുന്നു. അന്ന് രാത്രി സിനിമക്കാരുടെ വകയായിട്ട് ഹോട്ടലിന്റെ റൂഫ് ഗാർഡനിൽവച്ച് അദ്വാനിജിക്ക് ഡിന്നർ ഒരുക്കുന്നു. അവിടേക്ക് മോഹൻലാലിനെ കൂട്ടിക്കൊണ്ടുവരുന്നു.
അന്ന് മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തിളങ്ങിനിൽക്കുകയായിരുന്നു. മോഹൻലാൽ രണ്ടാം സ്ഥാനത്തും. മോഹൻലാലിനെ അദ്വാൻജിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു. മലയാള സിനിമയിൽ കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന നായകനാണെന്നും എന്നാൽ ഒന്നാം സ്ഥാനത്തുള്ളത് മമ്മൂട്ടിയെന്ന് പേരുള്ള മറ്റൊരു നടനാണെന്നും നമ്മൾ വിചാരിച്ചാൽ ലാലിനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പറ്റുമെന്നും അവർ പറയുന്നു. അതെങ്ങനെയെന്ന് അദ്വാൻജി ചോദിച്ചു.
നമ്മുടെ എല്ലാ ശാഖകളിലും മോഹൻലാലിന് പ്രോത്സാഹനം കൊടുക്കാൻ ഒരു നിർദേശം കൊടുത്താൽ മതിയെന്ന് പറയുന്നു. ഉടൻ തന്നെ തന്റെ അടുത്തുനിന്ന കേരളത്തിന്റെ ചുമതലയുള്ള നേതാവിന് നിർദേശം കൊടുത്തു. മോഹൻലാലിന് വേണ്ട പ്രോത്സാഹനം കൊടുക്കണമെന്നും അതിനുവേണ്ടി എന്താണ് ചെയ്യേണ്ടതെന്നുവച്ചാൽ ചെയ്‌തോളൂവെന്നും അദ്വാനിജി പറഞ്ഞു.
അടുത്തദിവസം തന്നെ കേരളത്തിലെ എല്ലാ ശാഖകളിലേക്കും നിർദേശമെത്തി. പിന്നീട് സംഭവിച്ചതിനെപ്പറ്റി ഇന്നുള്ളവർക്ക് ഒന്നുമറിയാൻ സാദ്ധ്യതയില്ല. പഴയ ആൾക്കാർക്കും തിരുവനന്തപുരത്തുള്ള സിനിമാക്കാർക്കും ഓർത്തെടുക്കാൻ സാധിക്കും.
കേരളത്തിലങ്ങോളമിങ്ങോളമുള്ള മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകൾ ചാണകമെറിഞ്ഞ് വികൃതമാക്കി. വാർത്തയും വന്നു. കൂടാതെ മമ്മൂട്ടി ചിത്രങ്ങൾക്ക് തീയേറ്ററിൽ കൂക്കി വിളിയും ഉണ്ടായി. ഇതോടെ മമ്മൂട്ടി മാനസികമായി തകർന്നു. എന്ത് ചെയ്യണമെന്നറിയാതെ മമ്മൂട്ടി പകച്ചുനിൽക്കുമ്പോൾ രക്ഷകനായെത്തിയത് നിർമാതാവ് സുരേഷ് കുമാറായിരുന്നു.
ഞാൻ ഇതൊക്കെ കൊണ്ടാണ് സുരേഷ് കുമാർ ഒരുപാട് നന്മയുള്ളയാളാണെന്ന് നേരത്തെ സൂചിപ്പിച്ചത്. സുരേഷ് കുമാർ മമ്മൂട്ടിയേയും കൂട്ടി ബിജെപി നേതാക്കളെ സമീപിച്ചു. മോഹൻലാലിന് പ്രോത്സാഹനം കൊടുക്കാൻ പറയുന്നത് മമ്മൂട്ടിയുടെ പോസ്റ്ററിൽ ചാണകമെറിയാനല്ല. അത് അംഗീകരിക്കാനാകില്ല. അനുവദിക്കുകയുമില്ലെന്ന് പിപി മുകുന്ദൻ, മുകുന്ദേട്ടൻ പറഞ്ഞു.
സുരേഷ് കുമാർ മമ്മൂട്ടിയേയും കൂട്ടി ആർഎസ്എസ് കാര്യാലയത്തിലും പോയി. അവിടെ മമ്മൂട്ടിക്ക് ആദരവും പരിഗണനയും ലഭിച്ചു. അതോടെ പ്രശ്നങ്ങൾ അവസാനിച്ചു. എന്നാൽ മോഹൻലാലിന് വേണ്ടിയുള്ള പാലഭിഷേകവും തീയേറ്ററിൽ പൂവാരിയെറിയുന്നതുമൊക്കെ അവർ തുടങ്ങിവച്ചു. ഈ സംഭവം ഞാൻ ഇവിടെ പറയുമ്പോൾ, പിപി മുകുന്ദേട്ടൻ ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് ഓർക്കുക.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |