മാന്നാർ: കള്ള് ഷാപ്പിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. മാന്നാർ മുല്ലശ്ശേരിക്കടവ് റാന്നിപ്പറമ്പിൽ പീറ്റർ (35)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ വിഷവർശ്ശേരിക്കര അമ്പഴത്തറ വടക്കേതിൽ അനുവിനെ (അനു സുധൻ - 44) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ മാന്നാർ - തട്ടാരമ്പലം റോഡിൽ കുറ്റിയിൽ മുക്കിന് തെക്ക് സ്ഥിതിചെയ്യുന്ന കള്ള് ഷാപ്പിലാണ് സംഭവം.
പ്രതി അനുവും മറ്റൊരാളുമായി ഉണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാൻ എത്തിയ പീറ്ററിനെ മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്താൻ അനു ശ്രമിക്കവേ തടയുന്നതിനിടയിൽ വലതു കൈക്ക് മാരകമായി മുറിവേൽക്കുകയായിരുന്നു. പരിക്കേറ്റ പീറ്ററിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയ ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവം അറിഞ്ഞ് മാന്നാർ സി.ഐ രജീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ അഭിരാമിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സീനിയർ സിവിൽ പൊലിസ് ഓഫീസർ അജിത് കുമാർ, സി.പി.ഒമാരായ ഹരിപ്രസാദ്, വിനീത്, വിഷ്ണു, ആദർശ്, ഷിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ മോഷണം, വ്യാജ വാറ്റ്, അടിപിടി തുടങ്ങിയ നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |