മുക്കം: ഇടനിലക്കാരില്ല, അതു കൊണ്ടു തന്നെ കൃഷിക്കാർക്ക് അവരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വില,ഉപഭോക്താക്കൾക്കാണെങ്കിൽ കുറഞ്ഞ വിലയിൽ ഉത്പ്പന്നങ്ങൾ ലഭിക്കുകയും ചെയ്യുന്നു. മുക്കം നഗരസഭയുടെയും കൃഷിഭവന്റെയും സഹായത്തോടെ മണാശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച ജീവനി നാട്ടു ചന്തയാണ് കർഷകർക്കും ഉപഭോക്താക്കൾക്കും മാത്രമല്ല നാട്ടുകാർക്കും പ്രിയമാകുന്നത്.
കർഷകർ ഉത്പ്പാദിപ്പിക്കുന്ന ഏതുൽപ്പന്നവും ഇവിടെ വിലയ്‌ക്കെടുക്കുമെന്നതാണ് പ്രധാനം. പുറത്തു കൊടുത്താൽ കിട്ടുന്നതിനെക്കാൾ കൂടിയ വില ലഭിക്കുമെന്നതാണ് മറ്റൊന്ന്.ഇത് കർഷകർക്ക് ആശ്വാസം നൽകുന്നതിനൊപ്പം ഇതേ ഉത്പ്പന്നങ്ങൾ പൊതുമാർക്കറ്റിൽ നിന്നു ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്നതാണ് ഇതിനെക്കാൾ പ്രധാനം.
മുക്കം കൃഷിഭവനു കീഴിലുള്ള പച്ചക്കറി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് നാടൻ വിഭവങ്ങൾ നാട്ടുകാർക്ക് നൽകുന്ന ജീവനം നാട്ടു ചന്ത മണാശ്ശേരിയിൽപ്രവർത്തിക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന രക്തശാലി അരി, നവര അരി, മട്ട അരി, എള്ള്, കസ്തൂരി മഞ്ഞൾ, കൂവപ്പൊടി എന്നിവയ്‌ക്കൊപ്പം വെണ്ട, പയർ, ചീര, കക്കിരി, മത്തൻ, ചുരയ്ക്ക, പച്ചക്കായ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയും നാട്ടുചന്തയിൽ കിട്ടും. വിവിധയിനം നടീൽ വസ്തുക്കളും ലഭിക്കുമെന്നത് കർഷകർക്ക് വലിയ അനുഗ്രഹമാവുകയാണ്.
കൂടിയ അളവിൽ രാസ കീടനാശിനി പ്രയോഗിച്ച് വിഷമയമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി മടുത്തവർക്ക് വിഷപ്രയോഗം നടത്താത്ത ഉത്പ്പന്നങ്ങൾ ലഭിക്കുന്നു എന്നതാണ് മുഖ്യമായ കാര്യമെന്ന് നാട്ടു ചന്തയുടെ നടത്തിപ്പു ചുമതല വഹിക്കുന്ന പച്ചക്കറി ക്ലസ്റ്റർ ഭാരവാഹികളായ കെ.മോഹനൻ (പ്രസിഡന്റ്), വിനോദ് മണാശ്ശേരി എന്നിവർ പറയുന്നു. ഒരേ സമയംകർഷകർക്കും അവരുടെ ഉത്പ്പന്നങ്ങൾ വാങ്ങിക്കുന്നവർക്കം ഉപകാരപ്രദമായ നാട്ടു ചന്തയുടെ നടത്തിപ്പിന് മുക്കം നഗരസഭ എല്ലാ സഹായവും നൽകുമെന്ന് ചെയർമാൻ പി.ടി ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |