മത്സ്യത്തൊഴിലാളികൾക്ക് ഒരു പേടിസ്വപ്നമാണ് തിരുവനന്തപുരത്തെ മുതലപ്പൊഴി. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണലിൽ തട്ടി വള്ളങ്ങൾ മറിഞ്ഞും ബോട്ടുകൾ മറിഞ്ഞും 2016-നും 2024-നും ഇടയിൽ 46 മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. നിരവധി തവണ മത്സ്യത്തൊഴിലാളി സംഘടനകളും തദ്ദേശവാസികളുമൊക്കെ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയിട്ടുമുണ്ട്. ഇപ്പോഴും അവർ പ്രക്ഷോഭവുമായി രംഗത്തുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കം ചെയ്ത് തുറമുഖത്തിന്റെ വടക്കുഭാഗത്തേക്ക് മാറ്റാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി പൊഴി മുറിക്കുന്ന ജോലി ഉടൻ തുടങ്ങും. എന്നാൽ മന്ത്രിയുടെ ചർച്ചയിൽ തൃപ്തിയില്ലെന്നും മാസങ്ങൾക്കു മുൻപ് ചെയ്യേണ്ടിയിരുന്ന നടപടികളാണ് സർക്കാർ ഇപ്പോൾ ചെയ്യാൻ തുടങ്ങുന്നതെന്നുമാണ് സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തുന്നത്.
മണൽ നീക്കൽ ത്വരിതപ്പെടുത്തുമെന്നും ഇതിന് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നുമാണ് മന്ത്രി മാദ്ധ്യമങ്ങളെ അറിയിച്ചത്. മണ്ണ് നീക്കാൻ നിലവിൽ ഉപയോഗിക്കുന്ന ഡ്രജ്ജറുകൾ അതിന് പര്യാപ്തമല്ലെന്നുള്ളതാണ് സമരസമിതിയുടെ പ്രധാന പരാതി. ഇത് കണക്കിലെടുത്ത് കേരള മാരിടൈം ബോർഡിന്റെ ഡ്രജ്ജറുകൾ എത്തിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മണൽ നീക്കം നിലവിൽ പത്തു മണിക്കൂർ എന്നത് 20 മണിക്കൂറായി ഉയർത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മുതലപ്പൊഴിയിലെ മണ്ണടിയൽ കാരണം തൊഴിലിനു പോകാൻ കഴിയാത്ത സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണെന്നും അതിനാൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നുമാണ് സമരക്കാരുടെ മറ്റൊരു പ്രധാന ആവശ്യം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ സമീപനം ഉണ്ടാകേണ്ടതാണ്.
മുതലപ്പൊഴിയിൽ മണ്ണടിഞ്ഞു കൂടുന്നതു കാരണം അഴിമുഖത്തോടു ചേർന്നുള്ള വക്കം, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, അഴൂർ പഞ്ചായത്തുകളിൽ വെള്ളപ്പൊക്ക സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. പൊഴി മുറിച്ചില്ലെങ്കിൽ ഈ അഞ്ച് പഞ്ചായത്തുകൾ വെള്ളത്തിനടിയിലാകാം. ഈ സാഹചര്യത്തിൽ പൊഴി മുറിക്കാതിരിക്കുന്നതും അപകടകരമാണ്. ഇതിനിടെ മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ മണൽ മേയ് 15-നകം പൂർണമായും നീക്കുമെന്നാണ് ഹാർബർ എൻജിനിയറിംഗ് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവശ്യമായ സാഹചര്യം സൃഷ്ടിക്കുമെന്നും എൻജിനിയർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അത് പൂർണമായും വിശ്വസിക്കാൻ തയ്യാറല്ല. മുൻ അനുഭവങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.
ദേശീയപാതയുടെ നിർമ്മാണത്തിനും മറ്റും മണൽ വലിയ തോതിൽ ആവശ്യമാണ്. അതിനാൽ മുതലപ്പൊഴി അഴിമുഖത്തു നിന്ന് ഡ്രജ്ജ് ചെയ്ത് നീക്കുന്ന മണൽ ഈ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുമോ എന്നും പരിശോധിക്കേണ്ടതാണ്. ഈ മണ്ണ് കേരള മിനറൽസ് ഡവലപ്‌മെന്റ് കോർപ്പറേഷനു നൽകുന്ന ഒരു പ്രൊപ്പോസൽ അംഗീകാരത്തിനായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കാതെ മുതലപ്പൊഴി പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവില്ല. ഈ പ്രവൃത്തിക്കുള്ള കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ല. വൈകാതെ കരാർ നൽകാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. കരാർ ലഭിച്ചു കഴിഞ്ഞ് പ്രവൃത്തി പൂർത്തിയാക്കാൻ ഒന്നര വർഷത്തോളം വേണ്ടിവരും. ഇതുണ്ടായാൽ 2027- ഓടുകൂടി മുതലപ്പൊഴിയിലെ സങ്കീർണത പരിഹരിക്കാനാവുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |