ചെന്നൈ ഐ.ഐ.ടിയിലെ ഒന്നാംവർഷ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഇപ്പോഴും തുടരുകയാണ്. തീർത്തും അസ്വാഭാവികമായ നിലയിലാണ് കാര്യങ്ങൾ. ബന്ധുജനങ്ങളെ മാത്രമല്ല രാജ്യത്തെ മൊത്തത്തിൽ ഞെട്ടിച്ച സംഭവമായി മാറിയിട്ടും തൃപ്തികരമായ നിലയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ വലിയ സമ്മർദ്ദങ്ങൾ തന്നെ വേണ്ടിവന്നു എന്നതാണ് ഒട്ടും മനസിലാകാത്ത കാര്യം. ഐ.ഐ.ടി പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെക്കുറിച്ച് പുറത്തുള്ള ധാരണകൾ തിരുത്താൻ പ്രേരിപ്പിക്കുന്ന പലതും അവിടെ നടക്കാറുണ്ടെന്ന വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. പ്രവേശന പരീക്ഷയിൽ ഒന്നാംറാങ്കോടെ ചെന്നൈ ഐ.ഐ.ടിയിൽ അഞ്ചുവർഷം നീളുന്ന ഹ്യൂമാനിറ്റീസ് പഠനത്തിനെത്തിയ ഫാത്തിമ ആദ്യവർഷം പകുതിയെത്തും മുമ്പേ പഠനത്തോടു മാത്രമല്ല ജീവിതത്തോടുതന്നെ വിടപറഞ്ഞുവെങ്കിൽ തക്കതായ കാരണമില്ലാതെ വരില്ല. അതിലേക്കും അന്വേഷണം നീളുന്നതിനിടയിലാണ് അനിഷ്ടകരമായ പലതും കേൾക്കേണ്ടിവരുന്നത്.
മൂന്ന് അദ്ധ്യാപകരുടെ പേരെടുത്തു പറഞ്ഞുകൊണ്ട് ഫാത്തിമ മൊബൈലിൽ രേഖപ്പെടുത്തിയ വിവരങ്ങൾ സ്വയം സംസാരിക്കുന്നതാണ്. ഈ അദ്ധ്യാപകരിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആ കുട്ടിയെ തളർത്തിയത്. സെമസ്റ്റർ പരീക്ഷയിൽ മനഃപൂർവം മാർക്ക് കുറച്ചു നൽകിയതും ക്ലാസിൽ ചില അദ്ധ്യാപകരിൽ നിന്നു തുടർച്ചയായി നേരിടേണ്ടിവന്ന വിവേചനവുമെല്ലാം മരണത്തിലേക്ക് നയിച്ച കാരണങ്ങളാണ്. ന്യൂനപക്ഷ - പിന്നാക്ക വിഭാഗക്കാരായ കുട്ടികൾ ഇവിടെ മാത്രമല്ല ഏതു ഉന്നതവിദ്യാകേന്ദ്രങ്ങളിലും നേരിടേണ്ടിവരുന്ന ദുരനുഭവമാണിത്. ഓരോ കുട്ടിയെയും അടുത്തറിഞ്ഞ് അവരെ ഉന്നതങ്ങളിലേക്ക് കൈ പിടിച്ചുയർത്താൻ പര്യാപ്തമായ അദ്ധ്യയനാന്തരീക്ഷം ഉറപ്പാക്കുന്നതിൽ ഐ.ഐ.ടി പോലുള്ള ഉന്നതസ്ഥാപനങ്ങൾ കീർത്തി കേട്ടതാണ്. അതേസമയം തന്നെ വർണവെറി കാരണം താഴ്ന്ന വിഭാഗം കുട്ടികളോട് കടുത്ത വിവേചനം പുലർത്തുന്ന അദ്ധ്യാപകരുടെ സംഖ്യയും കുറവല്ല. ചെന്നൈ ഐ.ഐ.ടിയിലെ ആരോപണവിധേയരായ അദ്ധ്യാപകരെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ ഇതുപോലൊരു സ്ഥാപനത്തിന് അങ്ങേയറ്റം കളങ്കമുണ്ടാക്കാൻ പോരുന്നതാണ്. ദുരൂഹത പേറുന്ന, ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സ്ഥാപനത്തിൽ നടന്നുവരുന്ന വിദ്യാർത്ഥിവിരുദ്ധ പ്രവണതകൾ ഇല്ലാതാക്കാൻ കൂടി ഉതകുന്ന തരത്തിലായാൽ ഭാവിയിൽ ഇവിടെ പ്രവേശനം നേടിയെത്തുന്ന കുട്ടികൾക്ക് പ്രയോജനകരമാകും.
ഫാത്തിമ ലത്തീഫ് അസാധാരണ കഴിവുകൾ ഉള്ള ഒരു കുട്ടിയായിരുന്നുവെന്നാണ് ഈ കുടുംബത്തെ അടുത്തറിയാവുന്നവരും അദ്ധ്യാപകരുമെല്ലാം ഒരേസ്വരത്തിൽ പറയുന്നത്. കുട്ടിക്കാലം തൊട്ടേ നല്ല വായനാശീലം സ്വായത്തമാക്കിയ ഫാത്തിമ വലിയ പ്രതീക്ഷകളോടെയാണ് ഐ.ഐ.ടി പഠനം തിരഞ്ഞെടുത്തത്. ഇവിടത്തെ കോഴ്സ് കഴിഞ്ഞ് സിവിൽ സർവീസ് പരീക്ഷ എഴുതാനാണ് ലക്ഷ്യമിട്ടത്. പഠനത്തിൽ എന്നും മികവുകാട്ടിയിരുന്ന ഫാത്തിമ തന്റെ ലക്ഷ്യം പ്രാപിക്കുമെന്നു തന്നെ വീട്ടുകാരും ബന്ധുജനങ്ങളും വിശ്വസിച്ചിരുന്നു. ഫാത്തിമ ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങൾ ശേഷിപ്പിച്ചാണ് ഈ ലോകത്തുനിന്ന് പോയിരിക്കുന്നത്. ഈ ദുരന്തസംഭവത്തോട് കാമ്പസ് അധികൃതരുടെയും ലോക്കൽ പൊലീസിന്റെയും സമീപനവും ഏറെ ഞെട്ടലും വേദനയും ഉളവാക്കുന്നതാണ്. അങ്ങേയറ്റം ലാഘവത്തോടെയാണ് അധികാരികൾ ഈ മരണത്തെ കാണുന്നത്. അതുകൊണ്ടാണ് പാർലമെന്റിൽ ഉൾപ്പെടെ ഫാത്തിമയ്ക്ക് നീതി തേടി വൻ പ്രതിഷേധം ആഞ്ഞടിച്ചത്. സംഭവത്തെക്കുറിച്ച് പ്രത്യേക ചർച്ചയ്ക്കുപോലും കേന്ദ്ര സർക്കാരിന് വഴങ്ങേണ്ടിവന്നു. ആരോപണ വിധേയരായ അദ്ധ്യാപകരെ ചോദ്യം ചെയ്തതുകൊണ്ടു മാത്രമായില്ല. ആരോപണം ശരിവയ്ക്കുന്ന ചെറിയ തെളിവുപോലും ലഭിച്ചാൽ ഇവർക്കെതിരെ കർക്കശ നടപടി എടുക്കണം. കുട്ടികളെ ജാതിമതാടിസ്ഥാനത്തിലും സാമ്പത്തികാടിസ്ഥാനത്തിലും വേർതിരിച്ചുകാണുകയും അവരോട് വിവേചനപരമായ സമീപനം പുലർത്തുകയും ചെയ്യുന്ന അദ്ധ്യാപകർ ഈ തൊഴിലിനു തന്നെ അർഹരല്ലാത്തവരാണ്. കാമ്പസിന് പുറത്തായിരിക്കണം ഇത്തരം ജാതിക്കോമരങ്ങളുടെ സ്ഥാനം.
രാജ്യത്തെ എട്ട് ഐ.ഐ.ടികളിലായി കഴിഞ്ഞ പത്തുവർഷത്തിനിടെ അൻപത്തിരണ്ട് കുട്ടികൾ വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ സമഗ്രമായ അന്വേഷണവും വിലയിരുത്തലും ആവശ്യപ്പെടുന്നുണ്ട്. ചെന്നൈ ഐ.ഐ.ടിയാണത്രേ ആത്മഹത്യയിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞവർഷം മാത്രം രണ്ടു മലയാളി കുട്ടികളടക്കം നാലുപേരാണ് സമ്മർദ്ദം താങ്ങാനാവാതെ ഇവിടെ ജീവനൊടുക്കിയത്. കഠിനപരിശ്രമത്താൽ പ്രവേശന കടമ്പ കടന്ന് വലിയ പ്രതീക്ഷകളോടെ പഠിക്കാനെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് ഇതുപോലുള്ള ദുർവിധിയാണെങ്കിൽ അത് ഗുരുതരമായ ഒരു രോഗത്തിന്റെ ലക്ഷണം തന്നെയാണ്. രോഗം കൃത്യമായി കണ്ടുപിടിക്കേണ്ടതും പ്രതിവിധികൾ ചെയ്യേണ്ടതും കേന്ദ്രമാനവശേഷിവകുപ്പിന്റെ ചുമതലയാണ്. ഫാത്തിമയുടെ മരണം അതിനു നിമിത്തമാകട്ടെ എന്നു കരുതാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |