SignIn
Kerala Kaumudi Online
Friday, 22 May 2026 7.56 AM IST

മാനവികതയിലേക്കുള്ള ദൂരം

guru

ജാതിമത വൈരങ്ങളാൽ മലിനമായിരുന്ന കേരളത്തെ പ്രബുദ്ധ കേരളമാക്കാൻ ഗുരു നൽകിയ ഒറ്റമൂലികളിൽ സുപ്രധാനം മതാതീത ആത്മീയതയായിരുന്നു. മതാധിഷ്ഠിത ജീവിതത്തിൽ നിന്ന് മതാതീതയിലേക്കുള്ള അകലം, കേരളത്തെ സംബന്ധിച്ചിടത്തോളം സ്വാമി വിവേകാനന്ദൻ നിരീക്ഷിച്ച ഭ്രാന്താലയത്തിൽ നിന്ന് പ്രബുദ്ധ മാനവികതയിലേക്കുള്ള ദൂരം തന്നെയാണെന്ന് മനസിലാക്കിയ യുഗപുരുഷനായിരുന്നു ശ്രീനാരായണ ഗുരുദേവൻ. ഗുരു മനുഷ്യനെ ആദ്യമായും അവസാനമായും മനുഷ്യനായിട്ടാണ് കാണാൻ ശ്രമിച്ചത്. മതാതീതനായ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരു നടത്തിയ കണ്ണാടി പ്രതിഷ്ഠകളിൽ അടങ്ങിയിട്ടുള്ള ദർശനം മതാതീത ആത്മീയതയാണ്. മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികതയെക്കുറിച്ചുള്ള ദർശനം അവനു പകർന്ന് നൽകാനുള്ള ഒരുപാധിയായിരുന്നു കളവംകോടം ക്ഷേത്രത്തിലും വെച്ചൂർ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലും ഗുരു നടത്തിയ കണ്ണാടി പ്രതിഷ്ഠകൾ. മാനവരാശിക്കാകെ പ്രത്യാശ നൽകാൻ കെല്പുള്ള ഗുരുപരമ്പരയിലാണ് ഐക്യരാഷ്ട്ര സഭയിൽ പ്രശംസിക്കപ്പെട്ടിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ സ്ഥാനം.

അധർമ്മങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്ന ഭൗതികജീവിതത്തിൽ നിന്ന് ഒളിച്ചോടി പരമശാന്തിയിൽ ലയിച്ചാനനന്ദിക്കാനല്ല ഗുരു ശ്രമിച്ചത്. അതിനെതിരെ പോരാടി മറ്റുള്ളവർക്ക് ശാന്തിയും ഐക്യബോധവും പ്രദാനം ചെയ്യാനായിരുന്നു.

മനുഷ്യരുടെ ദൈനംദിന മതകാര്യങ്ങളിൽ ഇടപെട്ടുകൊണ്ടും അവരുടെ മതപരമായ കാഴ്ചപ്പാടുകളെ ശുദ്ധിചെയ്തുകൊണ്ടും അവർക്കൊപ്പം തന്നെയായിരുന്നു ഗുരുവിന്റെ കർമ്മമണ്ഡലം.

ഏകമതസാര മാഹാത്മ്യം ഗ്രഹിച്ച ഗുരു

ഉത്കൃഷ്ടതത്വങ്ങൾ മാനവരാശിക്ക് പകർന്ന് നൽകാൻ 1904 ൽ ശിവഗിരിയിലെത്തി. തുടർന്ന് ഗുരു ശിവഗിരിയെ ആത്മീയ - നവോത്ഥാന കേന്ദ്രമാക്കി മാറ്റി. 1928 സെപ്തംബർ 20ന് (കന്നി അഞ്ച് ) മഹാസമാധി പ്രാപിച്ചതോടെ ഈ പുണ്യഭൂമി ലോകപ്രശസ്തമായി. ഗുരു രചിച്ച സർവമത പ്രാർത്ഥനയായ ദൈവദശകത്തിന്റെ അവസാന ശ്ളോകം കേട്ടുകൊണ്ട് തേജോപൂർണമായ മുഖം ശാന്തവും പ്രസന്നമാവുകയും ദിവ്യതേജസ് തുളുമ്പുന്ന ആ യോഗ നയനങ്ങൾ സാവധാനം അടയുകയും ചെയ്തു. ലോകത്തെവിടെയുമുള്ള മനുഷ്യരെ ഒന്നായി കാണാനും സ്നേഹിക്കാനും ഗുരു പഠിപ്പിച്ചു. ഹൃദയത്തിന്റെ ഭാഷയാണ് സ്നേഹത്തിന്റെ ഭാഷയെന്നും അരുളി. ഗുരുദേവ കാരുണ്യം എന്നും ചൊരിയേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 'ആരായുകിലന്ധത്വമൊഴിച്ചാദിമഹസിൽ നേരാംവഴി കാട്ടുന്ന ഗുരുവിനെ പ്രണമിക്കാം, ഒരേ മനസോടെ.

(ലേഖകൻ ശിവഗിരി ആക്‌ഷൻ കൗൺസിൽ ആത്മീയകേന്ദ്രം സംസ്ഥാന പ്രസിഡന്റാണ്. ഫോൺ: 9567634095.)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SREENARAYANA GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY