"ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ?" നാരായണിയായി അഭിനയിച്ച കെ.പി.എ.സി ലളിത മതിലിനപ്പുറത്തുനിന്ന് ചോദിച്ചു. ഇപ്പുറത്ത് ബഷീറായി അഭിനയിച്ച മമ്മൂട്ടി പറഞ്ഞു: "പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയുക സാദ്ധ്യമല്ല, ആരെപ്പോൾ എങ്ങനെ മരിക്കുമെന്ന് ഈശ്വരനു മാത്രമേ അറിയൂ."
(ഒന്നാലോചിച്ചിട്ട്)...
"ഞാനായിരിക്കും ആദ്യം മരിക്കുന്നത്.."
നാരായണി : "അല്ല..ഞാനായിരിക്കും."
എന്നെ ഓർക്കുമോ?"
ബഷീർ : "ഓർക്കും. "
നാരായണി : "എങ്ങനെ..?!."
എന്റെ ദൈവമേ, അങ്ങെന്നെ എങ്ങനെ ഓർക്കും? അങ്ങെന്നെ കണ്ടിട്ടില്ല..തൊട്ടിട്ടില്ല..
ബഷീർ : "നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്."- സ്ക്രീനിൽ പ്രത്യക്ഷപ്പെടാത്ത ലളിത ശബ്ദംകൊണ്ട് തന്റെ അസുലഭസാന്നിദ്ധ്യം പ്രത്യക്ഷപ്പെടുത്തുന്നത് അടൂർ ഗോപാലകൃഷ്ണൻ സാക്ഷാത്കരിച്ച 'മതിലുകൾ' എന്ന സിനിമയിൽ നമ്മൾ കണ്ടു. അതാണ് കെ.പി.എ.സി ലളിതയുടെ മുഖ്യ സവിശേഷത. സൂപ്പർ സ്റ്റാറുകളെപ്പോലെ സ്വന്തം ശബ്ദം ഇത്രയും സ്ഫുടതയോടെ മുദ്രിതമാക്കിയ മറ്റൊരു നടി മലയാളത്തിലില്ല. ഭരതൻ സംവിധാനംചെയ്ത 'അമര'ത്തിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മുരളിക്കുമൊപ്പം മത്സരിച്ച് അഭിനയിച്ച കെ.പി.എ.സി ലളിതയെ ആർക്കാണ് മറക്കാനാവുക.
കായംകുളത്തെ രാമപുരം ഗ്രാമത്തിൽ കടയ്ക്കത്തറയിൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗവിയമ്മയുടെയും മൂത്തമകളായി 1947 ഫെബ്രുവരി 25 ന് ജനിച്ച മഹേശ്വരിയമ്മ മെയ്യഴകാൽ ഒരു സുപ്രഭാതത്തിൽ നടിയായി പ്രത്യക്ഷപ്പെട്ടതല്ല. രവീന്ദ്രനാഥ ടാഗോറിന്റെ ഭാവനയിൽ വിരിഞ്ഞ അപർണ്ണ എന്ന നിഷ്കളങ്കയെ അവതരിപ്പിക്കാൻ അനുയോജ്യയായ ഒരു പെൺകുട്ടിയെ തേടി വലഞ്ഞ ചങ്ങനാശേരി ഗീഥാ ആർട്‌സ് ക്ലബ്ബിന്റെ ഉടമ ചാച്ചപ്പനും നാടകകൃത്ത് നെൽസൺ ഫെർണാണ്ടസും ഒടുവിൽ കണ്ടെത്തിയത് ചങ്ങനാശ്ശേരി രവി സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ അനന്തൻ നായരുടെ മകൾ മഹേശ്വരിയെ. നൃത്തം അഭ്യസിച്ചുകൊണ്ടിരുന്ന മഹേശ്വരിക്ക് അതൊരു വലിയ നിമിത്തമായിരുന്നു.
വളരെ നീണ്ട ഒരു കാലഘട്ടം മലയാളികളുടെ ഏറ്റവും വലിയ കലാരൂപമായിരുന്നു നാടകം. അതിന്റെ നടുത്തളത്തിലൂടെ നടനവൈഭവം തെളിയിച്ച് നടന്നുകയറാൻ ലളിതയ്‌ക്കായി. കെ.പി.എ.സിയിലെ താരമായതോടെ മഹേശ്വരിയമ്മ ലളിതയായി. അതിവേഗം സിനിമയിലേക്കുള്ള വാതിലും തുറന്നുകിട്ടി.
തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തിയ ലളിത പിൽക്കാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി. മലയാളത്തിലും തമിഴിലുമായി 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.
രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. 2016 മുതൽ കേരള സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്സനായിരുന്നു.
പേരിനൊപ്പം തനിക്ക് ഏറ്റവും പ്രിയപ്പെട്ട നാടകപ്രസ്ഥാനത്തിന്റെ പേരുകൂടി വിളക്കിച്ചേർത്ത ലളിത വിടപറയുമ്പോൾ മലയാളസിനിമയിലെ ഏറ്റവും ഉജ്വലമായ ഒരു ഫീമെയിൽ കാലഘട്ടമാണ് അസ്തമിക്കുന്നത്.
നെടുമുടി വേണുവിനെക്കുറിച്ച് എഴുതിയപ്പോൾ പറഞ്ഞതുപോലെ ഒരു പ്രത്യേക കാലഘട്ടത്തിലെ മനുഷ്യപ്രകൃതിയുടെ പ്രതീകമായിരുന്നു ലളിത ജീവൻ നൽകിയ കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങളെ ഒരു മാലയിലെന്നപോലെ കോർത്തെടുത്താൽ ഒരു കാലഘട്ടം പന്തലിച്ചു നിൽക്കും. കുശുമ്പും കുന്നായ്മയും അതിനെയെല്ലാം അതിജീവിക്കുന്ന വാത്സല്യവും നിഷ്കളങ്കതയും സത്യസന്ധതയും എല്ലാം ചേർന്ന ആ കഥാപാത്രങ്ങളെ ഇത്രയും സ്വാഭാവികമാക്കാൻ മറ്റാർക്കാണ് കഴിയുക. പ്രധാനപ്പെട്ട പുരുഷ കഥാപാത്രങ്ങൾക്കെന്നപോലെ തിരക്കഥാകൃത്തുക്കളും സംവിധായകരും കെ.പി.എ.സി ലളിതയെ മനസിൽ കണ്ടുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളും ഡയലോഗുകളും രൂപപ്പെടുത്തിയിരുന്നു. അത്തരമൊരു പ്രാധാന്യം മലയാളത്തിൽ കൂടുതൽ പേർക്ക് കിട്ടിയിട്ടുണ്ടാവില്ല.
അഭ്രപാളിയിൽനിന്ന് കഥാപാത്രങ്ങൾ വീട്ടുമുറ്റത്തേക്ക് ഇറങ്ങിവരുന്ന അനുഭവം തന്ന നെടുമുടി വേണു വിടപറഞ്ഞിട്ട് ഏറെനാളായില്ല. പുരുഷവേഷങ്ങളിൽ നെടുമുടി വേണു കൊണ്ടുവന്ന തനത് ശൈലിയുടെ സ്ത്രീരൂപമായിരുന്നു കെ.പി.എ.സി ലളിത. നെടുമുടി വേണുവും ലളിതയും ഒരേ ഫ്രെയിമിൽ വരുമ്പോൾ അഭ്രപാളി അപ്പാടെ മലയാളികളുടെ വീട്ടുമുറ്റമായി മാറുകയായിരുന്നു. മാളൂട്ടിയിലെ രാഘവനും സരസ്വതിയും തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണനും കാർത്തുവും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദനും മറിയപ്പെണ്ണും, പെൺപട്ടണത്തിലെ ഉണ്ണിത്താനും ശാന്തേടത്തിയും, ചുരത്തിലെ ബാലഗോപാലനും സാവിത്രിയും ഭാഗ്യദേവതയിലെ സദാനന്ദനും അന്നമ്മയും തുടങ്ങി ഏതു കഥാപാത്രങ്ങളെ നോക്കിയാലും ഈ സവിശേഷത കാണാം. ഒന്നിച്ചഭിനയിക്കാൻ ഏറ്റവും ഇഷ്ടം ആരോടായിരുന്നു എന്ന ചോദ്യത്തിന് ഒരിക്കൽ ലളിത പറഞ്ഞ മറുപടി ഇങ്ങനെ- 'എന്റെ മനസിലൊരാളുണ്ട് അത് പറയൂല'. 'അമ്പട ഞാനേ' എന്ന സിനിമയിൽ ലളിതയുടെ അമ്മായിഅപ്പനായിട്ടാണ് നെടുമുടി വേണു അഭിനയിച്ചത്. 'അതിൽ അച്ഛാ എന്ന് ഞാൻ വിളിക്കുമ്പോൾ വേണുവിന്റെ ഒരു നോട്ടമുണ്ട്. അത് കാണുമ്പോൾത്തന്നെ ചിരിവരും.' എന്നുകൂടി ലളിത അനുബന്ധമായി പറഞ്ഞു. ഭരതന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ട നടനും നെടുമുടി വേണുതന്നെ. ഏതു കാര്യത്തിനും തന്നെ വഴക്കുപറയുന്ന ശീലം ലളിതച്ചേച്ചിക്ക് ഉണ്ടെന്ന് നെടുമുടിവേണു പറയുമായിരുന്നു. എന്ത് പറഞ്ഞാലും പിണങ്ങുന്ന പ്രകൃതം വേണുവിനുണ്ടായിരുന്നില്ലെന്ന് ലളിതയും.
സാധാരണ കഥാപാത്രങ്ങളെ അസാധാരണ മിഴിവോടെ ആവിഷ്കരിച്ച ഈ നടി അഭിനയത്തെ ജീവിതം കൊണ്ട് അയത്നലളിതമാക്കി. അഭിനയചാതുര്യം കൊണ്ട് സൗന്ദര്യത്തെ കീഴടക്കി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് 'പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ' എന്ന നാടകഗാനം പാടി നൃത്തം ചെയ്ത് കൈയടി നേടിയത്. ആ കൊച്ചുമിടുക്കി ക്രമേണ നാടകത്തിലൂടെ സിനിമയിലെത്തി അഭിനയത്തിന്റെ പൊന്നമ്പിളിയായി മാറുകയായിരുന്നു.
ശനിയും ശുക്രനും മാറി വന്നുപെട്ട ജീവിതമായിരുന്നു തന്റേതെന്ന് കെ.പി.എ.സി ലളിത പറയുമായിരുന്നു. ജീവിതത്തിൽ ഇത്രയേറെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച അധികം പേരുണ്ടാവില്ല. ജീവിതം നൽകിയ ഈ തീ ഉള്ളിലെരിയുമ്പോഴും അത് കൈവിളക്കായി കരുതി മലയാള സിനിമയെ ജീവിതഗന്ധമുള്ളതാക്കുകയായിരുന്നു ലളിത. ജഗതിയെയും നെടുമുടിയെയും ഇന്നസെന്റിനെയും ഒക്കെപ്പോലെ ഡയലോഗുകൾ സന്ദർഭത്തിനനുസരിച്ച് രൂപപ്പെടുത്തിപ്പറയാനും അസാധാരണ മിടുക്കുണ്ടായിരുന്നു ലളിതയ്ക്ക്.
തിരക്കഥാകൃത്ത് എഴുതിയത് അതേപോലെ പറഞ്ഞാൽ നല്ല അഭിനയമാവില്ല. അതിൽ നമ്മുടേതായ ചില കൂട്ടിച്ചേർക്കലുകൾ വേണം. അങ്ങനെ അഭിനയിച്ച നടിയാണ് ലളിതയെന്ന് ഇന്നസെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ' ലളിത പറയാൻ പോകുന്ന കാര്യവും രീതിയും എന്നോട് പറയും. ഇന്നസെന്റ് അതിന് ഇങ്ങനെ മറുപടി പറഞ്ഞാൽ നന്നാവുമെന്നും പറയും. ലളിതയുടെ നിർദ്ദേശങ്ങൾ ഒരിക്കലും തെറ്റിയിട്ടില്ല. അത് സീനിന്റെ മിഴിവ് കൂട്ടുമായിരുന്നു'- എന്നും ഇന്നസെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ പ്രതിസന്ധികളിൽനിന്നും തന്നെ രക്ഷിച്ചത് ഗുരുവായൂരപ്പനാണെന്ന് പറയുമായിരുന്ന ലളിത തനിക്ക് ഏറ്റവും അസുലഭമായ മുഹൂർത്തങ്ങൾ ജീവിതത്തിലും സിനിമയിലും സമ്മാനിച്ച പ്രിയപ്പെട്ട ഭരതൻ പോയിടത്തേക്ക് പറന്നുപോയി. മലയാളികളുടെ ഓർമ്മയുടെ പൂമുറ്റത്ത് അഭിനയകലയുടെ പുഞ്ചിരിയും കണ്ണീരുമായി ലളിത എന്നു പേരുള്ള ഒരു പൂമരം എന്നും തളിർത്തുനില്പുണ്ടാവും. അർപ്പിക്കുന്നു, മിഴിനീർപ്പൂക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |