കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഏടാണ് സി.കേശവന്റെ ഐതിഹാസിക ജീവിതം. പിന്നാക്ക സമുദായത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ - രാഷ്ട്രീയ, ഭരണ ചരിത്രങ്ങളിലെല്ലാം സി. കേശവന് സവിശേഷമായ സ്ഥാനമുണ്ട്.
കേരളത്തിന്റെ (പഴയ തിരു-കൊച്ചി) മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ ഈഴവസമുദായാംഗമായ സി. കേശവന്റെ ജീവിതവഴികൾ പിൻതലമുറകൾക്ക് പാഠപുസ്തകമാണ്. 1951 മുതൽ 1952 വരെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ കർമ്മപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ വിസ്മയാവഹമായ പല വസ്തുതകളും കണ്ടെത്താൻ കഴിയും. ഇന്റർമീഡിയറ്റ് കഴിഞ്ഞ് പാലക്കാട് ബാസൽ സ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി. കേശവൻ പിന്നീട് സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി. നിയമബിരുദം നേടിയ അദ്ദേഹം ഹ്രസ്വകാലം കൊല്ലം ജില്ലാ കോടതിയിൽ അഭിഭാഷകനായിരുന്നു.
നിവർത്തനപ്രക്ഷോഭ പ്രചാരണത്തിന്റെ ഭാഗമായി ക്രൈസ്തവ മഹാസഭ കോഴഞ്ചേരിയിൽ സംഘടിപ്പിച്ച ഈഴവ- ക്രൈസ്തവ- മുസ്ളിം രാഷ്ട്രീയ സമ്മേളനത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് വോട്ടവകാശം, ആരാധനാസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള പൗരാവകാശങ്ങൾ നിഷേധിച്ച ദിവാൻ സർ സി.പി. രാമസ്വാമി അയ്യരെക്കുറിച്ച് 'ഈ ജന്തുവിനെ നമുക്കാവശ്യമില്ല" എന്ന് ആയിരങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചതായിരുന്നു കുറ്റം. ശ്രീമൂലം പ്രജാസഭയിൽ നിന്നും സർക്കാർ ഉദ്യോഗങ്ങളിൽ നിന്നും ഈഴവ, മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങളെ മാറ്റിനിറുത്തുന്നതിൽ പ്രതിഷേധിച്ചായിരുന്നു നിവർത്തന പ്രക്ഷോഭത്തിന്റെ പിറവി. പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത സംയുക്ത രാഷ്ട്രീയസമിതിയുടെ നായകൻ സി. കേശവനായിരുന്നു.
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ സാധാരണ ഈഴവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ശ്രീനാരായണ ഗുരുദേവന്റെയും ഗാന്ധിജിയുടെയും ദർശനങ്ങൾ സി.കേശവനെ ആഴത്തിൽ സ്വാധീനിച്ചു. അടിസ്ഥാനപരമായി യുക്തിചിന്തയിൽ അഭിരമിച്ചിരുന്ന അദ്ദേഹം നിരീശ്വരവാദിയായതിൽ അത്ഭുതപ്പെടാനില്ല. സ്വാഭാവികമായും കാൾ മാർക്സ് അടക്കമുള്ളവരുടെ ചിന്തകൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു. സമഭാവനയോടെയുള്ള മനുഷ്യജീവിതം സ്വപ്നംകണ്ടിരുന്ന കേശവന് ജാതീയമായ അന്തരങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങൾ ഉൾക്കൊള്ളാനായില്ല. അയിത്തവും അസ്പർശ്യതയും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. കേരളത്തിന്റെ മണ്ണിൽനിന്നും ഇത്തരം ദുരാചാരങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. അതിനായി കഠിനപ്രയത്നങ്ങളിൽ മുഴുകി. സമുദായപ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറൽ സെക്രട്ടറി പദത്തിലുമെത്തി. മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ച സി. കേശവൻ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചത്. ഉത്തരവാദിത്ത ഭരണത്തിനായുള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം നിരവധിതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തിനിടയിൽ വീണ്ടും ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം ഒരുവർഷത്തിന് ശേഷം മോചിതനായി. സമരമുഖങ്ങളിൽ അടിയുറച്ചുനിന്ന സി. കേശവന്റെ സ്വീകാര്യത നാൾക്കുനാൾ വർദ്ധിച്ചു. തിരുവിതാംകൂർ നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മന്ത്രിസഭയിലെ അംഗമായി നിയമിക്കപ്പെട്ട അദ്ദേഹം ഏതാനും മാസങ്ങൾക്കുശേഷം പദവിയിൽനിന്നും രാജിവച്ചു. 1951ൽ തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രത്തിലാദ്യമായി ഭരണസാരഥ്യത്തിലേറുന്ന പിന്നാക്കക്കാരൻ എന്ന വിശേഷണത്തിന് അർഹനായി.
തിരു- കൊച്ചി മുഖ്യമന്ത്രി പദത്തേക്കാൾ സി. കേശവന്റെ ജീവിതവഴിയിലെ ജ്വലിക്കുന്ന അദ്ധ്യായം കോഴഞ്ചേരി പ്രസംഗമാണ്. ഏകാധിപത്യവും സവർണാധിപത്യവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് എന്തിനും പോന്ന സർ. സി.പിയെപ്പോലെ ഒരു ഭരണാധികാരിക്കെതിരെ പരസ്യപ്രതികരണത്തിന് മുതിരുക എന്നത്, അന്ന് മാത്രമല്ല ഇന്നും അചിന്ത്യമാണ്. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്ന് ഏത് സാധാരണക്കാർക്കും അറിയാം. എന്നാൽ സി.കേശവനാകട്ടെ ഇതൊന്നും കൂസാതെ സധൈര്യം മുന്നോട്ട് വരികയും അതിശക്തമായി പ്രതികരിക്കുകയും ചെയ്തു. ഈ സംഭവം കേരളത്തിന്റെ പുരോഗമനാത്മകമായ കുതിപ്പിലെ സുവർണ്ണാദ്ധ്യായമായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു. സാമുദായിക നവോത്ഥാന പ്രക്രിയയിലും സമത്വത്തിനായുളള പോരാട്ടത്തിലും വഴിത്തിരിവ് സൃഷ്ടിച്ച ഒന്നായിരുന്നു ആ പ്രസംഗം. അധഃസ്ഥിതരെന്ന് ആക്ഷേപിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പരസ്യമായ ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളധ്വനിയായിരുന്നു കോഴഞ്ചേരി പ്രസംഗം. അതിന് ധൈര്യം കാണിച്ച സി.കേശവനെ 'നാൽപ്പതുലക്ഷത്തോളം വരുന്ന തിരുവിതാംകൂറുകാരുടെ കിരീടം വയ്ക്കാത്ത രാജാവ് " എന്നാണ് കെ.സി. മാമ്മൻമാപ്പിള വിശേഷിപ്പിച്ചത്.
പിറക്കാനിരിക്കുന്ന ഐക്യകേരളം സവർണരുടെ മേൽക്കോയ്മയിലുള്ളതാവരുതെന്നും സാമുദായികമായ ഉച്ചനീചത്വങ്ങൾ ഒഴിഞ്ഞ സമത്വപൂർണമായ ഒന്നായിരിക്കണമെന്ന ചിന്തയുടെ ബഹിർസ്ഫുരണമായിരുന്നു കോഴഞ്ചേരി പ്രസംഗം. പിൽക്കാല ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം ബോദ്ധ്യപ്പെടും. സർ സി.പിമാർ വരച്ച വരയിലൂടെയല്ല, സി.കേശവൻ വരച്ച വരയിലൂടെയാണ് പിന്നീട് കേരളം മുന്നേറിയത്. ഒരു സന്ധ്യാസമയത്താണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. പകുതി സമയത്തെ ഉദ്ദേശിച്ചും മറുപാതി ആ കാലഘട്ടത്തിലെ ഉച്ചനീചത്വങ്ങളെ ഉദ്ദേശിച്ചും 'അന്ധകാരമയമായ ഈ സമയത്ത്" എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. 'ഈ വിദ്വാൻ ഇവിടെ വന്നതിൽ പിന്നെയാണ് തിരുവിതാംകൂർ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര് പുറത്തുവന്നതെന്നും, ഈ മനുഷ്യൻ പോയെങ്കിലല്ലാതെ രാജ്യം ഗുണംപിടിക്കുകയില്ല" എന്നും സി.കേശവൻ ധീരമായി പ്രഖ്യാപിച്ചു.
പിൽക്കാലത്ത് വെട്ടേറ്റ് സർ സി.പി രാജ്യം വിടുകയും അതിന് ശേഷം നാട് രക്ഷപ്പെടുകയും ചെയ്തപ്പോൾ സി.കേശവന്റെ ദീർഘവീക്ഷണമാണ് സമൂഹത്തിന് ബോദ്ധ്യമായത്. തന്റെ ചോറ്റുപട്ടാളത്തെക്കൊണ്ട് നാടാകെ വിറപ്പിച്ച സി.പിയെ ജന്തു എന്നു വിളിക്കാൻ സി.കേശവനെ പ്രചോദിപ്പിച്ചത് അത്യപൂർവമായ ധൈര്യത്തോടൊപ്പം സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള ഉയർന്ന രാഷ്ട്രീയബോധമാണ്. ഇതാണ് സി.കേശവനെ ചരിത്രത്തിൽ വേറിട്ട് നിറുത്തുന്നതും. അദ്ദേഹത്തിന്റെ 131-ാം ജന്മവാർഷിക ദിനമാണിന്ന്. ഈഘട്ടത്തിൽ സി. കേശവനെ മാതൃകയാക്കി ഒറ്റക്കെട്ടായി നമുക്ക് അവഗണനകൾക്കെതിരെ പോരാടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |