ലണ്ടൻ: ബോറിസ് ജോൺസൺ രാജിവച്ചതോടെ ഒഴിവുവന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്കും കൺസർവേറ്റീസ് പാർട്ടി നേതാവ് സ്ഥാനത്തേക്കുമുളള മത്സരത്തിൽ ഇന്ത്യൻ വംശജൻ ഋഷി സുനകിന് വ്യക്തമായ മുന്നേറ്റം. നാലാം റൗണ്ട് വോട്ടിംഗിൽ 118 വോട്ടുകളുമായി രാജ്യത്തെ മുൻ ധനമന്ത്രി കൂടിയായ ഋഷി മുന്നിട്ട് നിൽക്കുകയാണ്. മൂന്നാം റൗണ്ടിൽ 115ൽ നിന്ന് 118ആയി വോട്ട്‌വിഹിതം ഋഷി സുനക് വർദ്ധിപ്പിച്ചിരുന്നു.
വോട്ടെടുപ്പിൽ വ്യാപാരമന്ത്രി പെന്നി മൊർഡോന്റിന് 92 വോട്ടും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86ഉം വോട്ട് നേടാനായി. മൂന്ന് സ്ഥാനം വരെ നേടിയവർ അവസാന റൗണ്ട് വോട്ടിംഗിന് അർഹരാകും. ബുധനാഴ്‌ചയാണ് അവസാന റൗണ്ട് വോട്ടെണ്ണൽ. മത്സരത്തിനുളള അവസാന രണ്ട് സ്ഥാനത്തേക്ക് ഋഷി സുനക് ഏതാണ്ട് ഉറപ്പാണ്. കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ മൂന്നിലൊന്ന് വോട്ടായ 120 വോട്ട് ലഭിക്കുന്ന സ്ഥാനാർത്ഥി സെപ്‌തംബർ അഞ്ചിന് കൺസർവേറ്റീവ് പാർട്ടി നേതാവായും രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെടും.
അഴിമതി ആരോപണങ്ങളും മന്ത്രിമാരുടെ രാജിയും സൃഷ്‌ടിച്ച പ്രതിസന്ധി കാരണം ജൂലായ് ഏഴിനാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവി രാജിവച്ചത്. യോർക്‌ഷെയറിലെ റിച്ച്മണ്ടിൽ നിന്നുളള എം.പിയായ ഋഷി സുനക് സതാംപ്‌ടണിലാണ് ജനിച്ചത്. 2015ൽ ആദ്യമായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2020ൽ ബോറിസ് ജോൺസണിന്റെ ക്യാബിനറ്റിൽ പ്രധാന പദവിയും ലഭിച്ചു. സുനക് പ്രധാനമന്ത്രിയായാൽ ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജനാകും അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |