തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ ഏജന്റുമാർ കൈക്കൂലിപണം നൽകുന്നത് നേരിട്ടും ഗൂഗിൾ പേ അടക്കമുള്ള പേയ്‌മന്റ് മാർഗങ്ങളിലൂടെയും. ഓപ്പറേഷൻ ജാസൂസ് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് വ്യാപകക്രമക്കേടുകൾ കണ്ടെത്തിയത്. 53 ആർ.ടി /ജെ.ആർ.ടി ഓഫീസുകളിലും പണപ്പിരിവ് നടത്തുന്ന മോട്ടോർ വാഹന ഏജന്റുമാരുടെ ഓഫീസുകളിലുമായിരുന്നു പരിശോധന.
ഓഫീസിന് പുറത്തുവച്ച് ആൾക്കാരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന കൈക്കൂലി, ഏജന്റുമാർ വാസസ്ഥലത്തോ,ഓഫീസുകളിലോ,യാത്രാമദ്ധ്യേയോ ഉദ്യോഗസ്ഥരുടെ പക്കൽ എത്തിക്കും. ചില ഏജന്റുമാർ അവരുടെയോ ബന്ധുക്കളുടെയോ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി കൈക്കൂലി പണം നിക്ഷേപിച്ച ശേഷം എ.ടി.എം കാർഡ് ഉദ്യോഗസ്ഥർക്ക് കൈമാറുന്ന രീതിയും ഉണ്ട്.
മൂവാറ്റുപുഴ ആർ.ടി ഓഫീസിലെ എ.എം.വി.ഐയുടെ പക്കൽ നിന്ന് അഞ്ച് എ.ടി.എം കാർഡുകളും കാഞ്ഞിരപ്പള്ളി ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിൽ വിവിധ ഡ്രൈവിംഗ് സ്‌കൂൾ ഏജന്റുമാരിൽ നിന്നുള്ള 15,790 രൂപയും കണ്ടെത്തി. വടകര ആർ.ടി ഓഫീസിലെ ടൈപ്പിസ്റ്റിന്റെ ബാഗിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളും ആർ.സി ബുക്കുകളും സ്റ്റിക്കറുകളും നെടുമങ്ങാട് ആട്ടോ കൺസൾട്ടൻസിയിൽ നിന്ന് 84 ആർ.സി ബുക്കുകളും നാല് ലൈസൻസുകളും പിടിച്ചെടുത്തു. കരുനാഗപ്പള്ളിയിലെ ഏജന്റിന്റെ ഓഫീസിൽ നിന്ന് പുതിയ ആർ.സി ബുക്കുകളും വാഹന പെർമിറ്റുകളും അനുബന്ധ രേഖകളും കഴക്കൂട്ടം എസ്.ആർ.ടി.ഒ പരിസരത്ത് ഉപേക്ഷിച്ച ബാഗിൽ നിന്നും ആർ.സി ബുക്കുകളും ലൈസൻസുകളും കണ്ടെത്തി. കൈക്കൂലി സംബന്ധിച്ച വിശദ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.
ആർ.ടി ഓഫീസിൽ നിന്ന് പിടിച്ചത്
കോട്ടയം-1,20,000 രൂപ
അടിമാലി- 97000 രൂപ
ചങ്ങനാശ്ശേരി- 72,200 രൂപ
ഏജന്റുമാരിൽ നിന്ന് കണ്ടെത്തിയത്
നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി - 1,50,000 രൂപ
കൊണ്ടോട്ടി ആർ.ടി ഓഫീസ് ഏജന്റ്-1,06,205 രൂപ
ആലപ്പുഴ ആർ.ടി ഓഫീസ് ഏജന്റുമാർ- 72,412 രൂപ
വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി ഒഫീസ് ഏജന്റുമാർ-38,810 രൂപ
കോട്ടയം ആർ.ടി ഓഫീസ് ഏജന്റുമാർ -36,050 രൂപ
ചടയമംഗലം ആർ.ടി ഓഫീസ് ഏജന്റുമാർ 32,400രൂപ
കൊട്ടാരക്കര ആർ.ടി ഓഫീസ് ഏജന്റ്- 34,300രൂപ
പാലക്കാട് ആർ.ടി ഓഫീസ് ഏജന്റുമാർ- 26,900 രൂപ
റാന്നി ആർ.ടി ഓഫീസ് ഏജന്റ് 15,500 രൂപ
പത്തനംതിട്ട ആർ.ടി ഓഫീസ് ഏജന്റ് -14,000 രൂപ
പുനലൂർ ജെ.ആർ.ടി ഓഫീസ് ഏജന്റ്- 8,100 രൂപ
കരുനാഗപ്പള്ളി ആർ.ടി ഓഫീസ് ഏജന്റ്- 7,930 രൂപ
കാക്കനാട് ആർ.ടി ഓഫീസ് ഏജന്റ് -8,000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |