തിരുവനന്തപുരം: പട്ടാപ്പകൽ നടുറോഡിൽ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്‌മാ ഭവനിൽ സെൽവരാജ്(46) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഓഗസ്‌റ്റ് 31ന് ശാസ്‌തവട്ടം ജംഗ്‌ഷനിൽ വച്ചാണ് സെൽവരാജ് ഭാര്യ പ്രഭയെ(ഷീബ-37) കൊലപ്പെടുത്തിയത്. കേസിൽ മൂന്നുമാസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇയാളെ കാണാനില്ലെന്ന് അമ്മ നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തി.
തുടർന്ന് കഴക്കൂട്ടത്ത് നിന്നും അഗ്നിരക്ഷാ സേന എത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇയാൾ കിണറ്റിൽ ചാടി എന്നാണ് വിവരം. പത്ത് വർഷം മുൻപ് വിവാഹിതരായ സെൽവരാജും പ്രഭയും തമ്മിൽ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു. ഒപ്പം താമസിക്കാൻ ഭാര്യയെ വിളിച്ചിട്ടും തയ്യാറാകാത്തതിന്റെ പ്രകോപനത്തിലാണ് കൊല നടത്തിയത്. സെൽവരാജിന്റെ രണ്ടാമത്തെയും പ്രഭയുടെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇവർക്ക് രണ്ട് മക്കളുണ്ട്. സെൽവരാജിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |