കനമുള്ള കവിതകൾ കൊണ്ടും മികച്ച അദ്ധ്യാപനശേഷി കൊണ്ടും ഭാഷയ്ക്കും സാഹിത്യത്തിനും വരുംതലമുറയ്ക്കും മറക്കാനാവാത്ത സംഭാവന നല്കിയ സുന്ദരം ധനുവച്ചപുരത്തിന്റെ ഒന്നാം ചരമ വാർഷികമാണ് ഇന്ന്.
തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്ത് എം.ഐസക്കിന്റെയും ജെ. കൊച്ചുപെണ്ണിന്റെയും മകനായി 1937 നവംബർ 27നു ജനിച്ച സുന്ദരംപിള്ള 1955 മുതൽ കവിത എഴുതിത്തുടങ്ങിയെങ്കിലും 1957ൽ കെ.ബാലകൃഷ്ണന്റെ കൗമുദിയിൽ ഒരു കവിത പ്രസിദ്ധീകരിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1966 - ൽ പുറത്തുവന്ന ആദ്യ കവിതാ സമാഹാരമായ 'കന്നിപ്പൂക്കൾ ' മുതൽ ഏറ്റവും ഒടുവിൽ പ്രകാശിതമായ 'കൃഷ്ണകൃപാസാഗരം' വരെ ആറ് കവിതാസമാഹാരങ്ങളും, ഒൻപത് വിവർത്തനങ്ങളും, പഠനങ്ങളും വ്യാഖ്യാനങ്ങളുമായി ഏഴ് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
''സമുജ്ജ്വലമായ ജീവിതസ്‌നേഹവും അതിന്റെ സമസ്തസൗന്ദര്യവും ലഭിക്കുമാറാകണമെന്നുള്ള തീക്ഷ്ണാഭിലാഷവുമാണ് സുന്ദരത്തിന്റെ കാവ്യബോധത്തിനാസ്പദം.
അമർഷവും പ്രതിഷേധവും വേദനയും ഉള്ളിൽ പേറുമ്പോഴും ശാപവാക്കുകൾ ഉച്ചരിക്കാതെ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത വിമർശനം മാത്രമേ വായനക്കാരന് കേൾക്കാൻ കഴിയൂ. രണ്ടാമത്തെ സമാഹാരമായ 'ഗ്രീഷ്മ'ത്തിലെ ഒരു കവിതയായ 'ഞാൻ എന്ന ജന'ത്തിൽ 'കറുത്ത ദു:ഖത്തിൻ കരിമ്പൂച്ചക്കണ്ണും,വെളുത്ത ദു:ഖത്തിൻ വിളറിയ കണ്ണും, ചുവന്ന ദു:ഖത്തിൻ ചുടുകനൽ ക്കണ്ണും,ശരിക്കും ഞാനല്ലോ തപിക്കും മുക്കണ്ണൻ.''എന്ന് പറയുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ജീവിതത്തിലുടനീളം ഇങ്ങനെതന്നെ ആയിരുന്നു. എങ്കിലും അദ്ദേഹം ശോകഗായകൻ മാത്രമാണെന്ന് കരുതേണ്ട. നിശിതമായ സാമൂഹികവിമർശനവും പരിഹാസവും മനുഷ്യസ്‌നേഹവും പ്രകൃതിയോടുള്ള പ്രതിപത്തിയുംകൊണ്ട് സമ്പന്നമാണ് മിക്ക കവിതകളും.''വറ്റിവരണ്ടു വെടിച്ച വക്ഷസ്സുമായി ചത്തുകിടക്കുന്ന ഗംഭീരയാം ഗംഗയും'',''ഇത്തിരിയും ജലമില്ലാതെ വറ്റിവരണ്ടു കിടക്കുന്ന നാട്ടിലെ പുഴയുടെ കരയിലിരുന്നു കൊറ്റികൾ കണ്ണീർ നക്കിയെടുത്ത് കുടിക്കുന്ന''തും കണ്ടു നൊമ്പരപ്പെടുവാൻ പ്രകൃതി സ്‌നേഹിയായ കവിക്കേ കഴിയൂ. സുന്ദരം ധനുവച്ചപുരം മലയാളഭാഷയ്ക്ക് നല്കിയ മറ്റൊരു വലിയ സംഭാവന കാവ്യ പരിഭാഷകളാണ്. ടാഗോറിന്റെ ഉദ്യാനപാലകൻ,ഗീതാഞ്ജലി, ടാഗോർ കവിതകൾ,ആദിശങ്കരന്റെ അമരുകശതകം ക ല്യാണമല്ലന്റെ അനംഗരംഗം എന്നിവയാണ് അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതികൾ.
'ടാഗോറിന്റെ ഗീതാഞ്ജലിയുടെയും ഉദ്യാനപാലകന്റെയും വിവർത്തനങ്ങളും ഇതേപോലെതന്നെ കുറ്റമറ്റതും വിശ്വമഹാകവിയുടെ മനസ്സ് കണ്ടറിഞ്ഞുള്ളതുമാണ്.'സുന്ദരം ധനുവച്ചപുരം തന്റെ വിളക്കിന്റെ തിരിത്തുമ്പത്ത് അപാരതയിൽ നിന്ന് ആ രവികിരണ ദീപ്തി പകർന്നു തരുന്നതു കണ്ടു ഞാൻ ആഹ്ളാദിക്കുന്നു'' എന്നാണ് ഗീതാഞ്ജലി വിവർത്തനത്തിന്റെ മുഖവുരയിൽ ഒ.എൻ.വി കുറുപ്പ് എഴുതിയത്.
നീതിശതകം, ശൃംഗാരശതകം,വൈരാഗ്യശതകം,എന്നീ മൂന്നു ശാഖകൾ കൂടിച്ചേർന്ന,ഭർത്തൃഹരിയുടെ ശതകത്രയത്തിനു ഭാഷാവൃത്തങ്ങളിലുണ്ടായ ആദ്യ പരിഭാഷ സുന്ദരത്തിന്റെതാണ്. ശങ്കരാചാര്യർ രചിച്ച ശൃംഗാര കാവ്യമായ അമരുക ശതകത്തിനു പ്രൊഫ.സുന്ദരം തയ്യാറാക്കിയ തർജ്ജമ മൂലകാവ്യം പോലെ മനോഹരമാണ്. ദ്രാവിഡവൃത്തങ്ങളിൽ ആദ്യമായി അമരുകശതകം വിവർത്തനം ചെയ്തതും അദ്ദേഹമാണ്. പതിനൊന്നാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന സംസ്‌കൃത കവിയായ ബിൽഹണന്റെ പ്രസിദ്ധ കാവ്യമായ ചൗരപഞ്ചാശികയ്ക്ക് സുന്ദരം രചിച്ച പരിഭാഷ അതുല്യമാണ്. കല്യാണമല്ലന്റെ അനംഗരംഗമാണ് മറ്റൊരു വിലപ്പെട്ട പരിഭാഷ. പരിഭാഷകളോടൊപ്പമോ അതിനപ്പുറമോ ഭാഷയ്ക്ക് മുതൽക്കൂട്ടാണ് അദ്ദേഹം പഠനവും വ്യാഖ്യാനവും നിർവഹിച്ച പ്രാചീനകൃതികൾ. അതിലേറ്റവും പ്രസിദ്ധം മേല്പുത്തൂരിന്റെ നാരായണീയമാണ്. ഈ ഒറ്റ കൃതി മതി സംസ്‌കൃതത്തിലും മലയാളത്തിലും പ്രൊഫ.സുന്ദരത്തിനുള്ള അഗാധപാണ്ഡിത്യവും അതുല്യമായ വ്യാഖ്യാന സാമർത്ഥ്യവും മനസ്സിലാക്കുവാൻ. ''ജിജ്ഞാസുക്കൾക്ക് ഒരിടത്തും ശങ്കയുടെ നിഴൽ കലരാത്ത വിധത്തിൽ വ്യാഖ്യാതാവ് തന്റെ പ്രാർത്ഥനയ്ക്കനുസരിച്ച് ഈ കൃത്യം പൂർത്തിയാക്കിക്കാണുന്നതിൽ ഏവരും അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കില്ല.'' എന്നാണ് സുകുമാർ അഴീക്കോട് അവതാരികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ വിവിധ കോളേജുകളിലെ 30 വർഷത്തെ അദ്ധ്യാപകവൃത്തിക്ക് ശേഷം,1993ൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ആയിരിക്കേ വിരമിച്ചെങ്കിലും കിടപ്പാകും വരെ അദ്ധ്യാപനം തുടർന്നു. അതുകൊണ്ട് അതിവിപുലമായ ശിഷ്യസമ്പത്തിന്റെ ഉടമയാകാൻ സുന്ദരത്തിന് കഴിഞ്ഞു. സ്‌നേഹവും വാത്സല്യവും കരുതലും എന്നും തന്റെ വിദ്യാർത്ഥികളുടെ മേൽചൊരിഞ്ഞു. അറിവ് പകർന്നു നല്കുന്നതിൽ യാതൊരു പിശുക്കും കാട്ടിയില്ല. താൻ പഠിപ്പിച്ച കുട്ടികൾക്ക് മാത്രമല്ല വരുംതലമുറയിലെ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടാൻ തക്കവണ്ണം വിജ്ഞാനം കരുതിവയ്ക്കാനും അദ്ദേഹം ശുഷ്‌ക്കാന്തി കാണിച്ചു. അതിന്റെ ഫലമാണ് കേരളപാണിനീയം വ്യാഖ്യാനവും വിചിന്തനവും, ഉണ്ണിച്ചിരുതേവീ ചരിതം, ഉണ്ണിയാടീ ചരിതം എന്നീ മണിപ്രവാള കൃതികളുടെ വ്യാഖ്യാനം തുടങ്ങിയവ.
സുന്ദരം ധനുവച്ചപുരം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും നല്കിയ സംഭാവനകൾ നിസ്തുലമാണ്. പക്ഷേ അദ്ദേഹത്തിന്റെ മഹിമ മനസ്സിലാക്കാൻ കേരള, കേന്ദ്ര സാഹിത്യ അക്കാഡമികൾക്കോ സർക്കാരുകൾക്കോ കഴിയാതെ പോയി. അഥവാ അവർ ബോധപൂർവം അദ്ദേഹത്തെ അവഗണിച്ചു. അദ്ദേഹത്തിന്റെ നൂറിലൊരംശം പ്രതിഭയോ പാണ്ഡിത്യമോ ഇല്ലാത്തവർക്ക് സംഭാവനയ്ക്കും മറ്റുമുള്ള പുരസ്‌കാരവും വിശി ഷ്ടാംഗത്വവും നല്കി സാഹിത്യ അക്കാഡമികൾ ആദരിക്കുകയും എഴുന്നള്ളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അവാർഡുകളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. ഉന്നതശീർഷനായ ആ പ്രതിഭയ്‌ക്ക് ആദരാഞ്ജലി.
ലേഖകന്റെ ഫോൺ - 9446794431
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |