കേരള സ്റ്റൈൽ മട്ടൺ കറി നമ്മുടെയെല്ലാം ഫേവറൈറ്റ് ലിസ്റ്റിലുള്ള വിഭവമായിരിക്കുമല്ലേ? ചോറായാലും ചപ്പാത്തിയായാലും പൊറോട്ടയായാലും അപ്പമായാലും മട്ടൺ കറിയുണ്ടെങ്കിൽ സംഗതി കുശാലാകും. സ്ഥിരം സ്റ്റൈലിലെ മട്ടൺ കറി കഴിച്ച് മടുത്തുവെന്ന് പരാതിപ്പെടുന്നവർക്കായി പഞ്ചാബി സ്റ്റൈലിൽ തയ്യാറാക്കിയ മട്ടൺ കറി പരിചയപ്പെടുത്തുകയാണ് സോൾട്ട് ആന്റ് പെപ്പറിൽ.
തയ്യാറാക്കുന്ന വിധം
രണ്ട് സവാള അരിഞ്ഞതിൽ കാൽകപ്പ് തൈരും ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതിലേയ്ക്ക് വെളുത്തുള്ളി- പച്ചമുളക്- ഇഞ്ചി പേസ്റ്റ് ചേർക്കാം. ശേഷം രണ്ട് സ്പൂൺ കടുക് എണ്ണ ഒഴിക്കണം. അടുത്തതായി കഴുകിവച്ചിരിക്കുന്ന മട്ടൺ ചേർത്തുകൊടുക്കാം. ഇവയെല്ലാം നന്നായി യോജിപ്പിച്ച് കുറച്ചുനേരം അടച്ചുവയ്ക്കണം.
അടുത്തതായി ചട്ടി ചൂടാക്കി അതിൽ അൽപ്പം നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാള വഴറ്റിയെടുക്കണം. സവാള നല്ല ബ്രൗൺ നിറത്തിലായി കഴിയുമ്പോൾ നേരത്തെ യോജിപ്പിച്ചുവച്ചിരിക്കുന്ന കൂട്ട് ചേർത്തുകൊടുക്കാം. നന്നായി ഇളക്കിയതിന് ശേഷം രണ്ട് സ്‌പൂൺ മുളകുപൊടി, ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി, രണ്ട് സ്‌പൂൺ മല്ലിപ്പൊടി, വയണ ഇല കീറിയത്, കുറച്ച് കറുവാപ്പട്ട, കുറച്ച് ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേയ്ക്ക് വേവിച്ച പരിപ്പ് കൂടി ചേർത്ത് യോജിപ്പിക്കാം. ഇതിൽ മട്ടൺ വേകാൻ പാകത്തിന് വെള്ളം ചേർത്ത് കുറച്ച് നേരം അടച്ചുവച്ച് വേവിക്കണം.
അടുത്തതായി ചീനച്ചട്ടിയിൽ കുറച്ച് നെയ്യ് ഒഴിച്ച് കുറച്ച് ജീരകം, കുരുമുളക് പൊടി എന്നിവ ചൂടാക്കിയെടുക്കണം. ഇത് മട്ടൺകറിയിലേയ്ക്ക് ചേർത്ത് കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്തുകൊടുക്കണം. പഞ്ചാബി സ്റ്റൈൽ മട്ടൺ കറി തയ്യാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |